ഈ ഫേസ് ബുക്കും നമ്മൾ കരുതുന്നത് പോലെ നമ്മൾ ആരും വലിയ ഒരു സംഭവമൊന്നും അല്ല. സമൂഹത്തിൽ കാണുന്നത് പോലെ ഇവിടെയും ബഹു ജനം പലവിധം. പലരും പലതും പല തരത്തിൽ എഴുതും. എഴുതട്ടെന്നെ. അതിനു ആരും വെറുതെ ബേജാറായിട്ട് കാര്യവും ഇല്ല. ഫേസ് ബുക്കും സോഷ്യൽ മീഡിയയൊക്കെ പലരും, പല രീതിയിലും ഉപയോഗിക്കും. ഉപയോഗിക്കട്ടെന്നെ. പലർക്കും പല ഒളിഞ്ഞും തെളിഞ്ഞും ഉള്ള രാഷ്‌ടീയമൊ അരാഷ്ട്രീയമോ കാണും. കാണട്ടെന്നെ. പിന്നെ എല്ലാർക്കും അവരവരുടെ രാഷ്ട്രീയവും കാഴ്ച്ചപ്പാടും എല്ലാവരും അംഗീകരിക്കണം എന്ന് വച്ചാൽ നടക്കുമൊ? .നടക്കില്ല.
പിന്നെ ഫേസ് ബുക്കിലോ. സോഷ്യൽ മീഡിയയിലോ ആരെങ്കിലും ആരേലും ഉപദേശിച്ചു നന്നാക്കാം എന്ന് തോന്നുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല. എന്ന് വിചാരിച്ചു നിങ്ങളുക്ക് തോന്നിയാലും എനിക്ക് ഒരു പ്രശ്നവും ഇല്ല.
മത്തായിയുടെ എം നു വളരെയധികം ഡിമാൻഡ് ഉള്ള കാലത്തു ആര് എന്ത് എഴുതിയാലും പ്രത്യകിച്ചു ഒരു കുന്തവും സംഭവിക്കുന്നില്ല. പിന്നെ എഴുതുന്നോർക്ക് ഒരു സുഖം. വായിക്കുന്നവർക്ക് സുഖിക്കണം എന്നില്ല. സുഖിച്ചാൽ നല്ലത്. മനുഷ്യൻ എന്ന ഏർപ്പാട് തന്നെ വല്ലോരോടും മീൻടീം പറഞ്ഞു ഇരിക്കുക എന്നതാണ്. സുക്കർബർഗിന് ആ കാര്യം മനസ്സിലായത് കൊണ്ടു ഫേസ് ബുക്ക് പച്ച പിടിച്ചു.
ആര് എന്തോക്കെ പറഞ്ഞാലും ആളുകൾ ഒക്കെ അവര് പഠിച്ചത് പാടും. പാടട്ടെന്നെ. ഞാനും അങ്ങനെയൊക്കെ തന്നെ. ചിലപ്പോഴൊക്കെ നമ്മള്‍ ഒരു വലിയ പുള്ളിയാണെന്ന മിഥ്യ ബോധം എനിക്കും നിങ്ങള്ക്കും ഒക്കെ തോന്നാം . അതൊക്കെ വെറും ഗ്യാസ് ആണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നമ്മള്‍ രക്ഷപെട്ടൂ . നമ്മൾ ഒന്നും വലിയ സംഭവം അല്ലെന്നു തിരിച്ചറിയുമ്പോൾ എന്ത് ആശ്വാസമാണ്. ഞാൻ തോന്നുന്നത് തോന്നുമ്പോൾ തോന്നിയത് പോലെഒക്കെ എഴുതുന്ന ആളാണ്. അതിൽ തെറ്റും കുറ്റോം കുറവും ഒക്കെ കാണും അതൊന്നും വലിയ സംഭവമാണെന്ന് കരുതുന്ന ആളല്ല. കാരണം ഇതിലെന്നും വലിയ കാര്യമില്ല. നിങ്ങൾ ലൈക്കടിച്ചാലും ഇല്ലേലും വലിയ കാര്യം ഒന്നുമില്ല. ഞാൻ ആരുടെയും ഫാൻ അല്ലാത്തത് കൊണ്ടു ഉള്ള ഫാന്സ് അസോസിയേഷനെ താങ്ങാൻ ഉള്ള കരുത്തില്ല, സൂർത്തുക്കളെ, സഖാക്കളെ നാട്ടുകാരെ . നിങ്ങളായി നിങ്ങളുടെ കാര്യമായി. ലോകോസമസ്തോ സുഖിനോ ഭവന്തു.
അല്ലെതെന്ത് പറയാൻ. പിന്നെ പാലം വലിയില്ല. ലൈക്ക് കണ്ടു നിർവൃതിയടാൻ സമയം ഇല്ല. ചൊറുതനം കൊണ്ടു ഫേസ് ബുക്കിൽ കറങ്ങി നടന്ന് ചൊറിയാറില്ല. പിന്നെ ലൈക്ക് തോന്നുമ്പോൾ തോന്നിയോർക്കു കൊടുത്തെന്നും കൊടുത്തില്ലന്നും ഇരിക്കും. അതു തലനാരിഴ കീറി പരിശോധിച്ചോട്ടുന്നും അല്ല. പിന്നെ ഒന്നാമനും രണ്ടാമനും മൂന്നാമനും ഒന്നും ആകാതെ ഒരു കൊമ്പറ്റീഷനനും ഇല്ലാതെ ഇഷ്ട്ടം പോലെ ജീവിക്കുവാന്‍ ഒരു ഭാഗ്യം വേണം . ഇതൊക്കെയാണ് എന്റെ ഇപ്പോഴുള്ള തോന്നലുകൾ. എല്ലാം വെറുതെ ഓരോ തോന്നലുകൾ അല്ലെ. അതുകൊണ്ടു തന്നെ ആരെയും ഞാൻ വിധിക്കാൻ യോഗ്യനല്ല. ആരോടും ഒരു വിരോധവും ഇല്ല. നിലപാടുകളോടും സമീപനങ്ങളോടുമാണ് യോജിക്കുകയും വിയോജിപ്പിക്കുകയും ചെയ്യുന്നത്. അവിടെയും ആരെയും ബ്‌ളാക് ആൻഡ് വൈറ്റ് കള്ളികളിൽ ആക്കില്ല. ചാപ്പ കുത്താറില്ല. കാരണം ഇതിന്റെയൊക്കെ പേരിൽ അടിപിടി കൂടി കളയാൻ തക്ക ആയുസ്സും ആരോഗ്യവും സാധരണ മനുഷ്യർക്കില്ല. ഞാൻ സാധാരണ കുറ്റവും കുറവുകളും ഒക്കെയുള്ള ഒരു മനുഷ്യൻ ആണ്.
" മനുഷ്യൻ ഉറച്ചു നിന്നാലും വെറുമൊരു ശ്വാസമത്രെ. മനുഷ്യന്റെ ആയുസ്സ് പുല്ല് പോലെയാകുന്ന. വയലിലെ പൂ പോലെ അതു പൂക്കുന്നു. കാറ്റ് അതിൻമേൽ അടിക്കുമ്പോൾ അതില്ലാതെയാകുന്നു. പിന്നെ അതിന്റെ സ്ഥലം അതിനെ അറികയും ഇല്ല." സങ്കീർത്തനം 103:15-16.
ഇത്രയെ ഉള്ളൂ കാര്യം.
No comments:
Post a Comment