Wednesday, April 25, 2018

കേരളത്തിലെ സാമൂഹിക മാറ്റങ്ങൾ: മധ്യവര്‍ഗ്ഗവല്‍ക്കരണം


കേരളത്തിൽ സാമ്പത്തിക കാര്യങ്ങൾക്ക് അപ്പുറമായി സാമൂഹികമായും സാംസ്കാരികമായും ഒരു മധ്യവർഗ്ഗ സംസ്കാരം രൂപപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ പൊതുവെ ജാതി മത ഭേദമന്യേ എല്ലാവരുടെയും ഭൗതീക ആസ്‌പിരേഷൻ ലെവൽ കൂടി. പണ്ട് ഏറ്റവും വലിയ ആസ്പിരേഷൻ ഒരു റാലി സൈക്കിൾ ആയിരുന്നു എങ്കിൽ, ഇന്നത് ബുള്ളറ്റ് മോട്ടർ സൈക്കിളോ, അല്ലെങ്കിൽ മാർകെറ്റിൽ ഇറങ്ങിയ ഏറ്റവും പുതിയ കാറോ, മൊബൈൽ ഫോണോ ആയിരിക്കും. ഇതു പോലെ വീട് വക്കുന്നതിലും, വിദ്യാഭ്യാസ കാര്യത്തിലും, ചികിത്സ കാര്യത്തിലും, കല്യാണ കാര്യത്തിലും, ജോലികാര്യത്തിലും രാഷ്ട്രീയത്തിലുമൊക്കെ അസിപിരേഷൻസിന്റ ലെവൽ കുത്തനെ ഉയർന്നു. ഇത് കഴിഞ്ഞു പതിനഞ്ചു വർഷങ്ങളിൽ കൂടുതൽ ദർശ്യമാണ്. ഇതിനു പല കാരണങ്ങളുണ്ട്.
മധ്യവർഗത്തിന്റ മറ്റൊരു ഘടകം സെല്ഫ് ഇന്റെരെസ്റ്റ്‌ കൂടും എന്നതാണ്. ഇതിൽ പ്രധാനം ' എനിക്ക് എന്ത്‌ പ്രയോജനം ' എന്ന മനസ്ഥിതിയാണ്. പലരും ഇന്ന് തങ്ങൾക്കു നേരിട്ട് പ്രയോജനം ഇല്ലാത്ത കാര്യത്തിൽ സമയവും പണവും ചിലവഴിക്കില്ല. എന്ത്‌ കാര്യത്തിലും ഐഡിയൽസ് പറയുകയും ഇൻസെന്റീവും ഇന്ട്രെസ്റ്റും നോക്കി പരിപാലിക്കുകയും ചെയ്യുന്ന സമീപനം. അതു രാഷ്ട്രീയത്തിലും സമൂഹത്തിലും രൂഢ മൂലമാകുമ്പോൾ ആണ് 'സ്വന്തം കാര്യം സിന്ദാബാദ്‌ ' എന്ന 'അവനവനിസം ' മറ്റും ഇസങ്ങൾക്ക് അപ്പുറമുള്ള പ്രധാന ' ഇസ'മായി മാറുന്നത്. അതു കൊണ്ടു തന്നെയാണ് പണ്ട് ഉണ്ടായിരുന്നു ആദർശനിഷ്ഠതയുള്ള രാഷ്ട്രീയ നേതാക്കളോടുള്ള ഉള്ളിൽ തട്ടിയുള്ള ബഹുമാനം ഇപ്പോഴുള്ള പല നേതാക്കളോടും സാധാരണ ജനത്തിന് തോന്നാത്തത്.
മധ്യവർഗ്ഗത്തിന്റെ വേറൊരു സ്വഭാവം ഒരു തരം സിനിസിസമാണ്. ഇതൊക്കെ ഇങ്ങനെ പോകും. ഇവിടെ പ്രത്യകിച്ചു ഒന്നും നടക്കില്ല. സമൂഹം രാഷ്ട്രീയം എന്നൊക്കെ പറഞ്ഞു സമയം 'മിനക്കെടുത്തിട്ട് ' കാര്യമില്ല. അധവാ ആരെങ്കിലും അതു ചെയ്താൽ അവർക്കൊക്കെ എന്തൊക്കെയോ 'അജണ്ടകൾ ' ഉണ്ടെന്ന ധാരണ. രാഷ്ട്രീയവും രാഷ്ട്രീയക്കാരെല്ലാം മോശമാണ് എന്നത്. അങ്ങനെ പല തരം സിനിസിസം പല രീതിയിൽ നമ്മുടെ സമൂഹത്തിലുണ്ട്.
ഒരു വശത്തു എങ്ങനെയെങ്കിലും സക്സസ് ആകണം പണം സമ്പാതിക്കണം എന്ന അദമ്യമായ ആഗ്രഹം. അതു കൊണ്ടാണ് ഇപ്പോൾ വിദ്യാഭ്യാസം കൂടുതൽ പണം നേടാൻ ഉള്ള ഒരു ഇൻവെസ്റ്റ്മെന്റാകുന്നത്. ഏറ്റവും കൂടുതൽ പണവും സ്റ്റാറ്റസും ഒക്കെ തേടിയുള്ള കരീയർ ഒരു ക്രേസ് ആകുമ്പോളാണ് 'കരിയർ കൗൺസിലിംഗ് ' എന്ന ഏർപ്പാടിന് ഡിമാൻഡും ആളുകളും കൂടുന്നത്. ഇന്ന് കേരളത്തിൽ ആളെ കൂട്ടാൻ ഉള്ള എളുപ്പ വഴികൾ കരിയർ കൗൺസിലിംഗും, സെക്സ് കാര്യ വിചാരവും ആത്മീയ വ്യാപാര സംരംഭങ്ങളുമാണ്. അതു കൊണ്ടാണ് ഇന്ന് പ്രോസ്പിരിറ്റി ഗോസ്‌പ്പലിനു വലിയ ഡിമാൻഡ്. ദൈവത്തേ വിളിക്കുന്നത് പോലും 'ദൈവം എനിക്ക് എന്ത് തരും ' എന്ന മനസ്ഥിതിയുമായാണ് . മറു വശത്തു എങ്ങനെയം സക്സസ്ഫുൾ ആയവരോടും പണം നേടി ഏറ്റവും വലിയ കാറും സന്നാഹവും ഉള്ളവരോടുള്ള ആദരവും, പലപ്പോഴും ആരാധന നിറഞ്ഞു ഫാൻസുമൊക്കെയാകുന്നവർ. ഇന്ന് കേരളത്തിലെ ഐക്കൺസ് പലരും ഏറ്റവും കൂടുതൽ പണമുള്ളവരാണ്. സിനിമ താരങ്ങളെ പോലും 'വില ' യിരുത്തുന്നത് അവരുടെ അഭിനയ ചാതുര്യത്തെ ആധാരമാക്കിയല്ല, മറിച്ചു അവരുടെ 'മാർക്കറ്റ് വില " നോക്കിയാണ്. ഇതൊക്കെ നമ്മൾ എങ്ങനെ ഒരു പണാധിപത്യ സമൂഹമാകുന്നു എന്നതിന്റ അതയാളപ്പെടുത്തലും കൂടിയാണ്. പാർട്ടി ഏതായാലും പണമുണ്ടായാൽ പിടിച്ചു നിൽക്കാം എന്ന ഒരു പ്രായോഗിക രാഷ്ട്രീയത്തിൽ പേയ്‌മെന്റ് സീറ്റ് നോർമലൈസ് ചെയ്യപ്പെട്ടുവരികയാണ്.
അതെ സമയം ആസ്പിരേഷസും റിയാലിറ്റിയും തമ്മിൽ കൂടി വരുന്ന അന്തരം മൂലം ഫ്രസ്‌ട്രേഷൻ അനുഭവിക്കുന്നവരും കൂടുന്നുണ്ട്. കേരളത്തിൽ കൂടി വരുന്ന ആസ്പിരേഷനും അതിനു വിലങ്ങു നിൽക്കുന്ന അസമാനതകളും ഉണ്ടാക്കുന്ന വടം വലികൾ കൂടുതൽ സാമൂഹിക പിരി മുറുക്കങ്ങളുണ്ടാക്കുന്നുണ്ട്. എനിക്ക് ആകെയുള്ളത് ഒരു മോട്ടർ സൈക്കിൾ. എന്റെ കൂടെ പഠിച്ചവൻ ഓഡി കാറിൽ പോകുമ്പോൾ സുഖിക്കില്ല. അങ്ങനെ പലതും. സമൂഹത്തിൽ കുറെ പേർക്ക് ഒരുപാട് സൗകര്യങ്ങളും തൊട്ടടുത്തുള്ളവർക്കും ആശിച്ചിട്ടും കിട്ടാനുള്ള പാങ്ങില്ലെങ്കിൽ ഉള്ളിൽ വളരുന്ന ഫ്രസ്‌ട്രേഷൻ കലിപ്പായി മാറും. പലപ്പോഴും ഒരു മതത്തിലോ ജാതിയിലോ ഉള്ളവർ വിദേശത്ത് ഒക്കെ പോയി കൂടുതൽ സമ്പാദിച്ചു സൗകര്യങ്ങളിൽ ജിവിക്കുമ്പോൾ അതിനു അവസരം കിട്ടാത്തവർ അതിനു സ്വത മാനങ്ങൾ കണ്ട് മുൻവിധികളുണ്ടാക്കും. കേരളത്തിൽ വർധിച്ചു വരുന്ന ആസ്പിരേഷനും സാമ്പത്തിക അസമത്വങ്ങളും, കൂടി വരുന്ന സ്വത ബോധങ്ങളുമാണ് കേരളത്തിൽ കൂടുതൽ സെക്ടേറിയൻ രാഷ്ട്രീയത്തിന്റെയും അതുപോലെ വർഗീയ മനസ്ഥിതികളുടെയും കാരണങ്ങളിലൊന്നു.
ആസ്പിരേഷൻ ലെവലും റിയലൈസേഷൻ ലെവലും തമ്മിലുള്ള വലിയ വ്യത്യാസം കൂടുതൽ ആളുകളുടെയുള്ളിൽ കലിപ്പുണ്ടാക്കും. അതിനു സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാകും. പലർക്കും ഏറ്റവും സക്സസ് ഉള്ളവരോട് ആരാധനയുള്ളതു പോലെ അതിലധികമാളുകൾക്ക് കലിപ്പുമുണ്ടാകും. അതു കൊണ്ടു തന്നെ കിട്ടുന്ന അവസരത്തിൽ പല പ്രമുഖകരും മെഗാ സ്റ്റാറുകൾക്കും ഒക്കെ അവർ എന്തെങ്കിലും അവതാളത്തിൽ പെടുമ്പോൾ ഫേസ് ബുക്ക്‌ വാട്സ്ആപ്പ് ട്രോളുകളും പൊങ്കാലകളും കൂട്ടുന്നത്.
കൂടെയുള്ള ഒരുത്തനു ജോലിക്കയറ്റമോ പുതിയ സ്‌ഥാന മാനങ്ങളോ കിട്ടിയാൽ പലർക്കും സുഖിക്കില്ല. പിന്നെ പാര പണി എന്ന കലാ പരിപാടി തുടങ്ങും. സർക്കാരിന്റെ വിവിധ വകുപ്പുകളിലും വിവിധ പാർട്ടികളിലിലും ഒരു പാട് പാര പണി വിദഗ്ധരുണ്ട്. അവർ മാനായും മരീചനായും മഞ്ഞ വാർത്തയായുമൊക്കെ പ്രത്യക്ഷ പ്പെടും. കേരളത്തിൽ ഏതെങ്കിലും ഒരു സർക്കാർ പദവിയിൽ മനസുഖത്തോടും സമാധാനത്തോടും പിടിച്ചു നിൽക്കുവാൻ തികഞ്ഞ തൊലികട്ടിയും മനക്കട്ടിയയും, ദൈവവിശ്വാസികളാണെങ്കിൽ ഒരുപാട് ദൈവാനുഗ്രഹവും വേണം.
സമൂഹത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഈ സാമൂഹിക സാംസ്‌കാരിക മധ്യവൽക്കരണം മത ജാതി സംഘടനകളെയും എല്ലാം രാഷ്ട്രീയ പാർട്ടികളെയും ബാധിച്ചിട്ടുണ്ട്.ഇന്ന് ഒരു പാർട്ടിക്കും ഒരു ദിവസത്തിൽ കൂടുതലുള്ള വൻ മൊബിലൈസേഷനോ സത്യാഗ്രത്തിനോ ആളെ കിട്ടാൻ പ്രയാസമാണ്. ചില വർഷങ്ങൾക്കു മുമ്പ് ഒരു സെക്രട്ടറിയെറ്റ് വളയൽ സമരം പിൻ വലിക്കണ്ടി വന്നത് സമരത്തിന് വന്ന മധ്യ വർഗ്ഗ അനുഭാവികൾക്ക് അപ്പിയിടാൻ കക്കൂസ് ഇല്ലാത്തതിന്റെ പാടും പിന്നെ റോഡിൽ രണ്ടു ദിവസത്തിൽ അധികം ഉറങ്ങാൻ ആളിനെ കിട്ടാനുള്ള പ്രയാസവും ഒക്കെ കൊണ്ടാണ്. പണ്ടേ മധ്യവർഗ്ഗത്തിന്റെ പാർട്ടികളെക്കാൾ അടിസ്ഥാന വർഗ്ഗത്തിന്റെയും പാർശ്വവൽക്കരിക്കപെട്ടവരുടെതെന്നു വിശേഷിപ്പിക്കപ്പെട്ട പാർട്ടികൾ അവരുടെ വിഷനും മിഷനും വർത്തമാന മധ്യവർഗ്ഗ ആസ്പിരേഷനും തമ്മിലുള്ള ആശയ -ആദർശ പിടി വലിയും പ്രായോഗിക രാഷ്ട്രീയ നീക്കുപോക്ക് കോംപ്രമൈസിലും പെട്ട് ഉഴറുകയാണ്. ഈ കുഴാമറിച്ചിലിൽ സാമൂഹിക സാധുത നേടാനാണ് വിപ്ലവം പാർട്ടികൾ എന്ന് വിശേഷിപ്പിക്കുന്നവർ പോലും പഴയ ചാരിറ്റി മോഡലിലേക്കും പണ്ട് വിമർശിച്ച പലതിലേക്കും തിരിച്ചു പോകുന്നത്.
കേരളത്തിലെ ഇടതു പാർട്ടികൾ നേരിടുന്ന ഒരു ആന്തരിക പ്രതിസന്ധിയിതാണ്. കാരണം കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിൽ അതിലുള്ള വലിയ വിഭാഗം മധ്യ വർഗ്ഗത്തിൽ ഉള്ളവരും ശമ്പളക്കാരും ഉദ്യോഗസ്ഥൻമാരും വിദേശ ജോലിക്കാരുമൊക്കയാണ്. കമ്മ്യുണിസ്റ്റ് നേതാക്കളുടെ മക്കളാരും ആശയപരമായോ ജീവിത ശൈലി കൊണ്ടോ കമ്മ്യുണിസ്റ്റ്യൂ കാരോ സോഷ്യലിസ്റ്റോ ഒന്നുമല്ല. അതു ആരുടെയും കുറ്റമല്ല. കാലവും സമൂഹവും മാറുന്നത് അനുസരിച്ചു ആളുകളും സ്ഥാപനങ്ങളും മാറും. പ്രശ്നം പഴയ തത്വ സഹിതയും പുതിയ മിഡിൽ ക്ലാസ്സ് 'വികസന" ആശകളും തമ്മിലുമുള്ള വലിയ വ്യത്യാസമാണ്.
ഇതു പോലെ തന്നെയാണ് നമ്മുടെ കൃഷി ചർച്ചയും ശുദ്ധ മലയാള ഭാഷ ചർച്ചയും. ഇതിൽ അധികം പേരും നാല്പത് വയസ്സ് കഴിഞ്ഞവരും മിക്കപ്പോഴും സ്വന്തമായി ഒരു വാഴപോലും മെയ്യനങ്ങി നടാത്തവരുമാണ്. പലരും അംബര ചുംബികളായ ഫ്ലാറ്റ് നിവാസികൾ. അവരാരും അവരുടെ മക്കളെ സാമ്പത്തിക പ്രയോജനം ഇല്ലാത്ത കൃഷി ഒരു തൊഴിലാക്കാൻ വിടില്ല. അതു പോലെ ശുദ്ധ മലയാള ഭാഷ വാദികളിൽ പലരും അവരുടെ മക്കളെ ഏറ്റവും നല്ല ഇഗ്ളീഷ് പ്രൊഫെഷണൽ വിദ്യാഭ്യാസം നൽകി ഏറ്റവും നല്ല ശമ്പളം കിട്ടുന്ന മൾട്ടി നാഷണൽ കമ്പനികളിൽ സ്വദേശത്തോ വിദേശത്തൊ അയക്കും. അവരുടെ സക്സസ്സിൽ അഭിമാനം കൊള്ളും. എന്നിട്ട് വൈകുന്നേരം പോയി മലയാളം മരിക്കുന്നെ എന്ന് വിലപിക്കുകയോ, ശുദ്ധ മലയാളത്തേ കുറിച്ച് പ്രബോധിപ്പിക്കുകയോ നമ്മുടെ നഷ്ട്ടപെട്ട കൃഷിയെക്കുറിച്ച് വിലപിക്കുകയോ ചെയ്യും.
ഇതും ആരുടേയും കുറ്റമല്ല. അറുപതുകളിലും ഏഴുപതുകളുടെ സാമൂഹിക സാഹചര്യത്തിലും വളർന്ന ഒരു തലമുറയുടെ ആശയ പരിസരവും നാട്ടു പരിസരവും തൊണ്ണൂറുകളിലും അതിനു ശേഷവും വളർന്ന ഒരു തലമുറയും തമ്മിലുള്ള കാഴ്ചാപ്പാടിലെ അജഗജാന്തര വ്യത്യാസമാണ്.
1970കളിലും 80കളിലും വന്ന ആശയ, സാമൂഹിക സാഹിത്യ, സാംസ്‌കാരിക റീ സൈക്കിളിങ് കേരള സമൂഹത്തിലെ പുതിയ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ല. അതുകൊണ്ട് കേരളത്തിൽ എല്ലാ രംഗത്തും ഒരു പുതുക്കപ്പെടൽ അനിവാര്യമാണ്.

No comments: