Friday, June 9, 2017

എനിക്ക് സൈനീകരെ വലിയ സ്നേഹമാണ് .


എനിക്ക് സൈന്യത്തില്‍ ജോലി ചെയ്യുന്നവരോട് വലിയ സ്നേഹദാരങ്ങളാണ്. അത് പോലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതു ജന ആരോഗ്യത്തിന് വേണ്ടി അഹോ രാത്രം പണിഎടുക്കുന്ന നേഴ്സ്മാരോടും ഡോക്റ്റര്‍മരൊടും വലിയ സ്നേഹ-ബഹുമാന-ആദരങ്ങലാണ്. ഈ രാജ്യത്തെ കുട്ടികളെ അക്ഷരവും കണക്കും എല്ലാ വിവിര -വിജ്ഞാനങ്ങളും നല്‍കി വിദ്യാഭാസവും വിവരവും ജോലികള്‍ നിറവേറ്റാന്‍ കഴിവുള്ള എല്ലാവര്‍ക്കും( സൈനീകര്‍ അടക്കം) വിദ്യാഭ്യാസം കൊടുക്കുന്ന അധ്യാപകരോട് വലിയ സ്നേഹവും ബഹുമാനവുമാണ്. നമ്മള്‍ എല്ലാ ദിവസവും ഭക്ഷണം കഴിക്കുവാന്‍ പകലന്തിയോളം പാടത്തു പണിയെടുക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ഭക്ഷണം എപ്പോള്‍ കഴിക്കുമ്പോഴും ഒരു സല്യുട്റ്റ് ചെയ്യണം. പിന്നെ ഇതോക്കെ നമുക്ക് എത്തിച്ചു തരുന്ന ചെറുകിട വ്യാപാരികളെ എങ്ങനെ മറക്കാനൊക്കും?. നമുക്ക് പോകാന്‍ റോഡുരുക്കുന്നവരേ ബഹുമാനിച്ചില്ലെങ്കില്‍ അതും നന്ദികേടാണ് .
ഇവരില്‍ ആര് മരിച്ചാലും കൊല്ലപെട്ടാലും എനിക്ക് വലിയ സങ്കടമാണ് .കാരണം എല്ലാവരുടെയും ആകസ്മിക മരണങ്ങള്‍ സങ്കടകരമാണ് .
എന്‍റെ കുട്ടിക്കാലത്ത് സൈനീക ക്യാമ്പ്കളില്‍ എന്‍റെ അച്ചനോട് ഒത്തു കളിച്ചും ചിരിച്ചും പഠിച്ചും ജീവിച്ചത് നല്ല ഒര്‍മ്മകളാണ്‌ . എന്‍റെ അച്ചന്‍ 25 കൊല്ലം രാജ്യ അതിര്‍ത്തികളിലും അല്ലാതെയും സേവിച്ചു. എന്‍റെ അമ്മ പൊതു ജനാരോഗ്യ രംഗത്ത് 35 കൊല്ലം പ്രവര്‍ത്തിച്ചും. അമ്മയുടെ ജോലികൊണ്ട് ഒരു പാടു പേര്‍ക്ക് മാറ്റം ഉണ്ടാക്കിയിരിക്കാം. കുറെ കുട്ടികള്‍ മരിക്കാതെ ജീവിച്ചു വലുതായിരിക്കാം. അവര്‍ രണ്ടു പേരും അവരവരുടെ കര്‍മ്മ രംഗത്ത് വളരെ ആദ്മാര്‍ഥമായി ജനങ്ങളെയും രാജ്യത്തെയും സേവിച്ചു . അതില്‍ ഒന്ന് ദിവ്യമാണന്നോ മറ്റതു സാധാരണമെന്നോ അവര്‍ എന്നെ പഠിപ്പിച്ചിട്ടില്ല.
കുട്ടികാലത്ത് എനിക്കും വലിയ ഒരു സൈനീക ഓഫിസര്‍ ആകണമെന്ന് പൂതി ഉണ്ടായിരുന്നു. കാരണം ചുമ്മാ സലുട്ട് കിട്ടും. പിന്നെ എന്തിനും ഏതിനും പട്ടാള സേവകര്‍. വീട്ടില്‍ കുക്ക് ചെയ്യാന്‍ മുതല്‍ തോട്ടം നനക്കാനും പിന്നെ ഷൂ മിനുക്കാനും വരെ ആളുകളാണ്. പക്ഷെ അച്ചന്‍ പറഞ്ഞു അതിലൊന്നും കാര്യമില്ലാന്നു . അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നതിന്‍റെ കാരണം അന്ന് വേറെ ജോലിയൊന്നും കിട്ടാന്‍ മാര്‍ഗ്ഗമില്ലഞ്ഞിട്ടാണ് . വസ്തു വിറ്റു ഉന്നത വിദ്യാഭ്യാസം നടത്താന്‍ വയ്യ എന്ന് തീരുമാനിച്ചത് കൊണ്ടാണ് . അന്ന് നല്ല തടി മിടുക്കും അത്യവശ്യം വിദ്യഭ്യസവും ഉള്ളതിനാല്‍ പട്ടാളത്തില്‍ ജോലി കിട്ടി. പുള്ളി ജീവിക്കാന്‍ വേണ്ടിയാണ് പട്ടാളത്തില്‍ പോയതു. രണ്ടു യുദ്ധത്തില്‍ പോയെങ്കിലും ജീവനോട്‌ തിരിച്ചു വന്നു കൃഷി ഒക്കെ ചെയ്ത ജീവിച്ചു ' ജയ്‌ ജവാന്, ജയ്‌ കിസാന്‍' എന്ന രണ്ടു കാര്യങ്ങളും നിറവേറ്റിയിട്ടാണ് മരിച്ചത് . എന്നെ ഒരു ജനാധിപത്യ വിശ്വസിയാക്കാന്‍ പഠിപ്പിച്ചതും , 'ലോകോ സമസ്ത സുഖിനോ ഭവന്ദ്‌' എന്ന് പഠിപ്പിച്ചതും ആ സൈനീകനാണ് .
ഇതായിരിക്കും ഒട്ടുമിക്ക സൈനീകരുടെയും അവസ്ഥ. അവര്‍ ഈ നാട്ടിലെ സാധാരണക്കാരാണ് .ഒട്ടു മിക്കവരും കര്ഷക കുടുംബങ്ങളിളില്‍ നിന്നും ഗ്രാമ പ്രദേശത്ത് നിന്നും ഉള്ള സാധാരണക്കാര്‍ . അവരെല്ലാം ചേരുന്നതും ഒരു സ്ഥിര ജോലിക്ക് വേണ്ടിയം ജീവിക്കാന്‍ വേണ്ടിയുമാണ് . അവരില്‍ കൂടുതലാളൂകളാണ് പലപ്പോഴും പലതിനു വേണ്ടിയും ജീവന്‍ കൊടുക്കുന്നത് . എല്ലാ ജീവനും ഒരു പോലെയാണ് . ഒരാള്‍ എങ്ങനെ മരിച്ചാലും അയാളുടെ വീട്ടുകാര്‍ക്കും അയാളെ അറിയുന്നവരുക്കും വലിയ സങ്കടമായിരിക്കും .
യഥാര്‍ത്ഥ സൈനീകര്‍ കാട്ടിലും മേട്ടിലും തണുപ്പിലും പൊരി വെയിലും പണി എടുക്കുന്നത് ജീവിക്കാന്‍ വേണ്ടി തന്നെയാണ് . പക്ഷെ എയര്‍ കണ്ടീഷന്‍ സ്റ്റുഡിയോകളില്‍ ഇരുന്നു കോടികള്‍ ശമ്പളവും കിമ്പളവുമായി വാങ്ങുന്ന ഒരു ഉളുപ്പിമില്ലാത്ത കപട -സൈനീക സ്നേഹം വിളമ്പുന്ന അധികാരത്തിന്‍റെ ഇത്തിള്‍കണ്ണികളെ പൊളിച്ചു കാട്ടണം . അര്നബിനെ പോലെ ടീ വി യില്‍ സൂട്ടും കൊട്ടുമിട്ടിരുന്നു അനുദിനം കപട-രാജ്യ സ്നേഹം വിളമ്പുന്നത് അവരുടെ കരീയര്‍ അട്വന്‍സ്മെന്ടു എന്നതില്‍ കവിഞ്ഞു ഒന്ന്മില്ല . അവര്‍ക്ക് രാജ്യ സ്നേഹവും ദിവ്യ സൈനീക സേനഹവും ഒക്കെ മാദ്ധ്യമ ചന്തയില്‍ കച്ചവടം ചെയ്തു കാശു കൊയ്യാനുള്ള ചരക്കുകള്‍ മാത്രമാണ്. അവര്‍ ഒരിക്കലും മെയ്യനങ്ങിയോ തല പുകഞ്ഞോ പണി ചെയ്യുന്നവരല്ല . അത്യാവശ്യ വാചക കസര്‍ത്തും വെറുതെ കുറെ ബഹളമുണ്ടാക്കാന്‍ കഴിയുന്ന എതോരുത്തനും ചെയ്യാവുന്ന പണിയാണ് 'ഗോ' സ്വാമിയും അത് പോലുള്ളവരും ചെയ്യുന്നത് . അതിനു ഒരു രംഗത്തും പ്രത്യകിച്ചു വൈദഗ്ദ്യം വേണ്ടാത്ത പണിയാണ് . അധികാരത്തില്‍ ഇരിക്കുന്നവരുടെ ആസനം താങ്ങി പത്തു പുത്തന്‍ നേടുക എന്നതില്‍ അധികം ഒന്നുമല്ല അവരുടെ രാജ്യ സ്നേഹം.
വല്ല്യ വായിലെ വായിട്ടലക്കുന്ന ഇവര്‍ രാജ്യത്തിന്‌ വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ ഒന്നും ചെയ്യുന്നില്ല. അവരെകാട്ടില്‍ എത്രയോ മടങ്ങ് രാജ്യ സ്നേഹികളും രാജ്യത്തെ സേവിക്കുന്നവരാണ് കര്‍ഷകരും, തോഴിലാളികളും , അധ്യാപകരും, സൈനീകരും മറ്റെല്ലാവരും .ഈ മാന്യമാര്ര്‍ക്ക് നാക്കിട്ടടിക്കുന്നതിന്‍ അധികാരത്തിലെ ഉള്ളവരുട്ടെ മാമ പണി ചെയ്യന്നതിനു കോടികള്‍ കിട്ടുമ്പോള്‍ അവര്‍ക്ക് മാത്രമല്ലാതെ മറ്റാര്‍ക്കും ഒരു പ്രയോജനവുമില്ല. ഇവരുടെ എല്ലാ ടീ വി സരംഭങ്ങലുടെ പുറെകെ പോയാല്‍ ഒരു പാടു തരികിട പണമിടപാടുകള്‍ കാണാം. കാരണം അവര്‍ക്ക് ഏറ്റവും വലുത് പണമാണ് . അവരുടെ വാര്‍ത്തകളും സര്‍ക്കസ്സുകളുമെല്ലാം ഒരൊറ്റ കാര്യത്തിനു വേണ്ടിയാണ് : പണം, പണം . പണം !!
സൈനികരെ യുദ്ധം ചെയ്യാന്‍ പറഞ്ഞു വിടുന്നത് അധികാരത്തിലും -പണത്തിലും അത്യാഗ്രഹമുള്ള കശ്മലന്‍മാരാണ് . അവര്‍ക്ക് ഒന്നും നഷ്ട്ടപ്പെടനില്ല. അവര്‍ യുദ്ധ ശ്രുതികള്‍ പരത്തി സൈനികരേ കരുവാക്കുന്നത് അവര്‍ക്ക് സൈനീകരോടോ രാജ്യത്തോടോ , ജനങ്ങലോടോ സ്നേഹമുള്ളതിനാലല്ല. മറിച്ച് അവര്‍ക്കും അവരുടെ അധികാര ലഹരിയോടുള്ള സ്നേഹവും അധികാരം നിലനിര്‍ത്താന്‍ കപട രാജ്യ സ്നേഹം പറഞ്ഞു അവര്‍ സൈനീകരുടെ പേര് ദുരുപയോഗിക്കുകയാണ് . അവര്‍ക്ക് പ്രസങ്ങിച്ചാല്‍ മതിയല്ലോ. യുദ്ധ കൊതിയന്‍ മാരായ ഇവര്‍ക്ക് അതില്‍ നിന്നുണ്ടാകുന്ന അധികാര-സാമ്പത്തിക നേട്ടങ്ങളിലാണ്‌ കണ്ണ്. കോടികള്‍ വിലയുള്ള കാറുകളില്‍ വന്നിറങ്ങി സ്ടുടിയോകളില്‍ കയറി വാചക-വാണങ്ങള്‍ വിട്ടാല്‍ മതിയല്ലോ. z സെക്യുരിറ്റി സര്‍ക്കാര്‍ ചിലവിലുള്ളപ്പോള്‍ അവര്‍ക്ക് ആരെ പേടിക്കണം. അവര്‍ അധികാര-അഹങ്കാര-അത്യഗ്രഹികള്‍ക്കും വേണ്ടി കുരക്കുന്നവര്‍ മാത്രമാണ്‌, ഒരു സൈനകന്‍ 'വീര മൃത്ത്യു വരിച്ചെന്നു ഇവന്‍മാര്‍ വലിയ വായിലെ പറഞ്ഞാലും നഷ്ട്ടം വരുന്നത് മരിച്ചയാളുടെ വീട്ടുകാര്‍ക്ക് മാത്രമാണ് ,
കഴിഞ്ഞ ദിവസം എന്‍റെ മകന്‍ ചോദിച്ചു ' ഒരു ടീവീ ആങ്കര്‍ ' ആയോലോ ഒന്ന് അലോചിക്കുകയാണ്‌ . ഞാന്‍ പറഞ്ഞു വേറെ എന്തിനയാലും , അതിനു പോകാതെ പണി ചെയ്തു ജീവിക്കൂ . നല്ല ഒരു പത്ര പ്രവര്തകനോ, അധ്യാപകനോ . സൈനീകനോ, പരിസ്ഥിതി പ്രവര്തനോ , എഴുത്ത്കരനോ ആകു. ഒരു നല്ല മനുഷ്യനാകൂ . ഒരിക്കലും അധികാരത്തിന്‍റെ ഇത്തിള്‍ കണ്ണി ആകാതിരിക്കൂ.
എനിക്ക് സൈനീകരേ വളരെ ഇഷ്ട്ടമാണ് . കാരണം അവര്‍ ആത്മാര്‍ഥമായി പണി എടുത്തു ജീവിക്കുന്നവരാണ്. അവര്‍ക്ക് ടീവി യില്‍ സര്‍ക്കസ് കാണിക്കുന്ന വായടികളെക്കള്‍ വിവരവും, വിവേകവും, ജനാധിപത്യ ബോധവും, നന്മയുമുണ്ട്. എല്ലാവരും 'മേജര്‍ രവി' മാരല്ല. അതെങ്ങനെ എനിക്കറിയാം ? കാരണം ഞാനും ഒരു സൈനീകന്‍റെ മകനാണല്ലോ .!!

No comments: