Tuesday, June 6, 2017

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പോസ്റ്റ് ചെയ്ത പ്രതീകരണം .
കേരള സമൂഹം കഴിഞ്ഞ ഇരുപത്തി അഞ്ചു കൊല്ലങ്ങള്‍ക്കകം പാടെ മാറി. പല തലങ്ങളിലുള്ള മാറ്റം ഇവിടുത്തെ സാമൂഹിക -രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും , രാഷ്ട്രീയ പാര്‍ട്ടികളെയും, ജീവിത രീതികളെയുമെല്ലാം ബാധിച്ചിട്ടുണ്ട്. ഇപ്പോഴും ഇവിടെയുള്ള ഒട്ടു മിക്ക രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രസ്ഥാനങ്ങളുടെ നേതാക്കളും 1970 കളിലെ രാഷ്ട്രീയ സാമൂഹിക കാലാവസ്ഥയിലൂടെ വളര്‍ന്നു വന്നവരാണ്. 1970 കളിലും 1980 കളുടെ ആദ്യ പാദത്തില്‍ സജീവമായിരുന്ന സംഘടനകളുടെ എല്ലാം സോഫ്റ്റ്‌-വെയറും ഹാര്‍ഡ് -വെയറും ആ കാലഘട്ടത്തിന്‍റെ ബാക്കി പത്രങ്ങളാണു .
അത് കൊണ്ട് തന്നെ ഈ സംഘടനകളില്‍ പലതിലും നാല്പത്തി അഞ്ചു വയസ്സിനു മുകളില്‍ ഉള്ളവരാണ് കൂടുതല്‍ സജീവം. അങ്ങനെയുള്ള പല സംഘടനകളിലും ഇരുപത്തി അഞ്ചിനു താഴെയുള്ള പ്രവര്‍ത്തകരെ കുട്ടുവാന്‍ പ്രയാസമാണ് . ഞങ്ങളൊക്കെ പരിഷത്തുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ പതിനന്ജോ പതിനാറോ വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത് . എന്നാല്‍ ഇപ്പോള്‍ ആ പ്രായത്തില്‍ ഉള്ള എത്ര പേര്‍ സജീവമാണ് ?
ഇതിനു പല കാരണങ്ങളുമുണ്ട് . ഇപ്പോഴത്തെ മിക്ക ചെറുപ്പക്കാരുടെയും പ്രഥമ ലക്‌ഷ്യം ഏറ്റവും നല്ല ശമ്പളം കിട്ടുന്ന ജോലി മേടിക്കുക എന്ന കരിയരിസ്ട്ടു ചിന്തയാണ് . അത് കൊണ്ട്തന്നെയാണ് കരിയര്‍ കൌണ്സിലിംഗ് ഇന്ന് ചെറുപ്പക്കാരെ കൂട്ടാന്‍ പറ്റുന്ന ഒരു പോപ്പുലര്‍ ഏര്‍പ്പടായത്. നിയോ ലിബറല്‍ കണ്‍സ്യുമര്‍ കാലാവസ്ഥയില്‍ വളര്‍ന്ന തലമുറയുടെ കാഴ്ച്ചപ്പാട് വളരെ വ്യത്യസ്തമാണ്. അത് കൊണ്ട് തന്നെ അതി ജീവനത്തിനുള്ള മത്സരപാച്ചില്‍ ഇന്ന് വളരെ നേരത്തെ തുടങ്ങുന്നു. സ്കൂളുകളിളിലും ഇതേ മത്സര ഓട്ടത്തില്‍ ഒട്ടു മിക്ക കുട്ടികള്‍ക്കും അവരുടെ സിലബസിനപ്പുറം വായിക്കുവാനോ ചിന്തിക്കുവാനോ പ്രവര്‍ത്തിക്കുവനോ സമയമോ , സൌകര്യമോ , സന്ദര്‍ഭമോ കിട്ടാറില്ല . ഇതെല്ലം കേരളത്തിലെ എല്ലാ സംഘടനകളെയും ബാധിച്ചിട്ടുണ്ട് . ഇന്ന് രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമാകാന്‍ കഴിവും , ബുദ്ധിയും തല്പര്യവുമുള്ള ചെറുപ്പക്കാര്‍ കുറവാണ് . കെ എസ് ,സ് പി ക്കും ഇത് സംഭവിച്ചിട്ടുണ്ട് . അത് കൊണ്ട് തന്നെ അത് പ്രായമായവരുടെ ഒരു സംഘടനയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ സംഘടനയുടെ നേത്രുത്വ നിരയില്‍ മുപ്പതില്‍ താഴെ പ്രായമുള്ളവര്‍ എത്ര പേരുണ്ടെന്ന് കണ്ടറിയണം . ഏതു സംഘടനകളും അതിന്‍റെ ആദ്യകാല നേതാക്കള്‍ക്കൊപ്പം വളര്‍ന്നു പ്രായമാകും. പ്രായമായാല്‍ അനുഭവങ്ങള്‍ കൂടുമെങ്കിലും ഊര്‍ജം കുറയും .അത് മാത്രമല്ല പഴയ സോഫ്റ്റ്‌-വേരില്‍ നിന്നും ഹാര്‍ഡ്-വേരില്‍ നിന്നും മാറാന്‍ മടിക്കും .ചിലപ്പോള്‍ പഴയ സോഫ്റ്റ്‌വെയര്‍ പുതിയ കാലത്തില്‍ കാലഹരണ പെട്ടതാകും . ഇത് തന്നെയാണ് കംമ്യുനിസ്ട്ടു പാര്‍ട്ടികളും നേരിടുന്ന ആന്തരിക പ്രതിസന്ധി. രെമിന്ഗ്ല്ടന്‍ ടൈപ്പ്റൈറ്റര്‍ വളരെ നല്ലതായിരുന്നു ഒരു കാലത്ത് . പക്ഷെ ഇന്ന് അതിനു പ്രസ്കത്തിയില്ല.
കെ. എസ .എസ് പി നേരിടുന്ന വേറൊരു പ്രശ് നം പരിഷത് ഒരു സീ പി എം പോഷക സംഘടനയാണെന്ന പൊതു ധാരണയാണ് . പരിഷത്തില്‍ ഉള്ള പലരും ഇതിനെ എതിര്‍ക്കുമെങ്കിലും അങ്ങനെയുള്ള പൊതു ധാരണ കൊണ്ട് പരിഷത്തില്‍ ചേരുന്നവര്‍ പലരും ഒരു പാര്‍ട്ടിയുടെ അനുഭാവികളോ മെമ്പര്‍ മാരോ ആയാല്‍ അത് പൊതു സമൂഹത്തില്‍ നിന്നുള്ള പലരെയും പരിഷത്തില്‍ സജീവമാകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും. ഇപ്പോള്‍ ഉള്ള സര്‍ക്കാരിന്‍റെ മേലാവില്‍ ഉള്ള പലരും പരിഷത്ത്കാരാണ് . ഇവിടെയുള്ള പ്രധാന പ്രശ്നം സര്‍ക്കാരിനെ വിമര്‍ശിക്കുവാനോ അല്ലെങ്കില്‍ സ്വതന്ത്ര നിലപാടു എടുക്കുവാനോ പരിഷത്തിനു കഴിയുന്നില്ല.
ഇതല്ലായിരുന്നു എഴുപതുകളുടെ അവസാനവും എന്പതുകളുടെ ആദ്യ പാദത്തിലെയും സ്ഥിതി. അന്ന് പരിഷത്തിലെ ആരും എം.പി യോ , മന്ത്രിയോ ഒന്നുമായിരുന്നില്ല . ഇന്ന് അമ്പതും അറുപതും കഴിഞ്ഞ നേതാക്കള്‍ അന്ന് ചെറുപ്പക്കാരയിരുന്നു. അവര്‍ ആരെയും കൂസാതെ ചോദ്യം ചെയ്തു. സമൂഹത്തിലും വിജ്ഞാന മേഘലയിലും സജീവമായി ഇടപെട്ടു . അവര്‍ സ്വതന്ത്ര നിലപാടുകള്‍ എടുത്തു. പരിസ്ഥിതിയെ കുറിച്ചും , വികസനത്തെ കുറിച്ചും, വിദ്യാഭ്യാസത്തെ കുറിച്ചും, ആരോഗ്യ മേഘലയെ കുറിച്ചും അവര്‍ അവബോധം വളര്‍ത്തി. ഭരണത്തില്‍ ആരാണെന്നു നോക്കാതെ നില പാടുകള്‍ എടുത്തു . പക്ഷെ ഇന്ന് അതാണോ സ്ഥിതി?
അന്നും ഇന്നും ഉദ്യോഗസ്ഥരായ മധ്യ വര്‍ഗ്ഗ വിഭാഗങ്ങളാണ് പരിഷത്തിന്‍റെ ശക്തിയും ദൌര്‍ബല്യവും .എല്ലാവര്ക്കും ജോലി ഉണ്ടായത് കൊണ്ട് സ്വന്തം കൈയ്യില്‍ നിന്ന് കാശു മുടക്കി യാത്ര ചെയ്യാനും ജോലി കഴിഞ്ഞുള്ള സമയം സന്നദ്ധ പ്രവര്‍ത്തനം നടത്തുവാനും സാധിച്ചു. അത് കൊണ്ട് തന്നെ അതിനു ആദ്യ കാലങ്ങളില്‍ വളരെ അധികം സജീവമായ ഒരു നെറ്റു വര്‍ക്കായി പ്രവര്‍ത്തിക്കുവാനും അനേക ചെറുപ്പക്കാരെ ആകര്‍ഷിച്ചു എല്ലായിടത്തും വേരുകളുള്ള ഒരു സംഘടനയായി വളരാനും സാധിച്ചു . പക്ഷെ ഇതിന്‍റെ ന്യുന വശം പരിഷത് അന്നും ഇന്നും പാര്‍ശ്വവല്ല്കരിക്കപ്പെട്ട ജനങ്ങളുടെ പ്രശ്ങ്ങള്‍ ഏറ്റെടുക്കുകയോ , അവകാശ സമരങ്ങളില്‍ ഇടപെടുകയോ ചെയ്തില്ല. പരിഷത്തിന്‍റെ നേത്ര്വതില്‍ അങ്ങനെയുള്ള വിഭാഗത്തില്‍ പെട്ട ആരെങ്കിലും വന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഈ അടുത്ത കാലത്താണ് സ്ത്രീകള്‍ നേത്ര്വത പദവികളിലേക്ക് വന്നു തുടങ്ങിയത് .
പരിഷത്ത് കേരളത്തിലെ ഒരു തലമുറയെ ( ഞാനുള്‍പ്പെടുന്ന) നല്ല രീതിയില്‍ സ്വധീനിച്ചുണ്ട് . ഞാന്‍ പരിസ്ഥിതിയെ കുറിച്ചറിഞ്ഞതും വികസനത്തെ കുറിച്ച് ആദ്യ കാഴ്ച്ചപ്പാടു ഉണ്ടാക്കിയതും പരിഷത് പുസ്തകങ്ങള്‍ വായിച്ചും മീറ്റിങ്ങുകളില്‍ പങ്കെടുത്തുമാണ് .
അത് കൊണ്ട് തന്നെ പരിഷത് പോലുള്ള സംഘടനകള്‍ സ്വയം പുതിക്കി സ്വന്തന്ത്ര നിലപാടുകള്‍ എടുക്കുന്ന ഒരു സജീവ സാനിധ്യമാകണമെന്നു ആഗ്രഹിക്കുന്ന ഒരാളാണ്‌ ഞാന്‍.
ലോകത്തിലെ ചെറുപ്പക്കാരുടെ സംഘടനയായി തുടങ്ങിയ വൈ. എം .സി . എ യുടെ തലപ്പത്ത് ഒരു ചെറുപ്പക്കാര്‍ പോലുമില്ലന്നു മാത്രമല്ല ഉള്ളവരെല്ലാം അറുപതു വയസ്സിനു മുകളില്‍ ഉള്ളവരാണ് . അത് കൊണ്ട് തന്നെയാണ് വൈ.എം .സീ .എ എന്ന് പറഞ്ഞാല്‍ നമ്മള്‍ ഇപ്പോള്‍ ഹോട്ടലോ ഹോസ്റ്റലോ, ക്ലബ്ബോ എന്ന് കരുതുന്നത് . കാലം മാറുന്നതിനു അനുസരിച്ചു ഓരോ സംഘടനയും സ്വയം നവീകരിച്ചു പുതിയ തലമുറയെ കണ്ടെത്തി വളര്‍ത്തിയില്ലങ്കില്‍ അവര്‍ കാലഹരണപെട്ട് പോകും . കെ എസ എസ് പിക്ക് അത് സംഭവിക്കാതിരിക്കട്ടെ.

No comments: