Wednesday, June 6, 2018

സുറിയാനി ക്രിസ്ത്യാനികളുടെ കപട ചരിത്ര ബോധങ്ങൾ.


കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ വളരെ വിഷലിപ്‌തമായ ചില നസ്രാണി 'രക്ത 'മഹിമ
പോസ്റ്റുകൾ ഉണ്ടായിരുന്നു. ഇത്രമാത്രം കപട ധാരണകളും മണ്ടത്തര ചരിത്രവും ഉള്ളിൽ ആവാഹിച്ചു ,ഒരു തരം ജാതി മേൽക്കോയ്‌മ കൊണ്ട് നടക്കുന്ന ഒരുപാട് നസ്രാണികൾ കേരളത്തിൽ ഉണ്ടെന്നത് അത്ഭുതപെടുത്തിയില്ല. ഒന്നാമതായി മനസ്സിലാക്കേണ്ടത് ഈ സുറിയാനി ക്രിസ്ത്യാനി എന്ന പേര് പോലും ഡച്ചുകാർ പതിനെട്ടാം നൂറ്റാണ്ടിൽ ചാർത്തി കൊടുത്തതാണ്.
അതിന് വളരെ നൂറ്റാണ്ടുകൾക്ക് മുന്നേ ചരിത്രമുള്ള നസ്രാണി സമൂഹം ഇവിടെയുണ്ടായിരുന്നു എന്ന് വിസ്മരിക്കുന്നില്ല. പൊർട്ടുഗീസ് കാലം മുതൽ പല വിധ മാറ്റങ്ങൾക്ക് വിധേയമായ ഈ സമൂഹത്തെ സുറിയാനി എന്ന് ഡച്ചുകാർ വിളിച്ചത് അവരുടെ പള്ളികളിൽ സുറിയാനി ഭാഷ ഉപയോഗിച്ചതിനാലാണ്. ഇരുപതാം നൂറ്റാണ്ടിൽ പല സഭാ വിഭാഗങ്ങളിലും ചിതറി കിടക്കുന്ന ഈ സുറിയാനി പാരമ്പര്യ അവകാശികൾ ജാതി മേൽക്കോയ്‌മയുടെ ഫാൾസ് കോൺഷ്യസനെസ് വളർത്തിഎടുത്തു. സ്വതന്ത്ര ഇന്ത്യയിൽ 'റിസർവേഷൻ ' ഇല്ലാത്ത ' ഫോർവേഡ് കാസ്റ്റ് ' എന്ന സവർണ മനസ്ഥിതി വീണ്ടുമുറപ്പിച്ചു.
സത്യത്തിൽ ഇപ്പോൾ സുറിയാനി കൃസ്ത്യാനി എന്ന പേരിൽ എല്ലാ സഭാ വിഭാഗങ്ങളിലും ഉള്ളവർ കേരളത്തിലെ എല്ലാ ജാതി വിഭാഗങ്ങളും ,പിന്നെ ഏതാണ്ട് രണ്ടായിരത്തോളം കൊല്ലം ഇവിടുത്തെ തീരത്ത്‌ വന്ന വിവിധ കച്ചവട വംശജരുടെയും എല്ലാം സങ്കരങ്ങൾ കൂടി ചേർന്നു ഉരുത്തിരിഞ്ഞ ഒരു സമൂഹമാണ്. പിന്നെ ഈ കപട ബ്രാഹ്‌മണ കഥകളും മറ്റും അതിനുള്ളിൽ വളർത്തിയെടുത്ത കപട മിത്തുകളാണ്. തോമ ശ്ലീഹ ഇവിടെ വന്നതിനും ഒരു തെളിവും ഇല്ല.
നസ്രാണി സുറിയാനി പച്ഛാത്തലത്തിൽ ജനിച്ചു വളർന്ന ഞാനും ഈ കപട മിത്തുകളും സവർണ്ണ അഹങ്കാര ജാതി ബോധവുമൊക്കെ കേട്ടാണ് വളർന്നത്. പക്ഷെ ചരിത്ര ബോധവും ഗവേഷണവും വായനയും അല്പം ക്രിട്ടിക്കൽ തിങ്കിങ്ങും ഒക്കെ വരുവാൻ തുടങ്ങിയപ്പോൾ ആണ് സുറിയാനി ക്രിസ്ത്യാനികളുടെ ഫോക് ലോർ ബ്രാഹ്മണ ഹെറിറ്റെജൂം തോമാശ്ലീഹാ കഥയുമൊക്ക ചരിത്ര അടിസ്ഥാനമില്ലാതെ പതിയെ ഉരുത്തിരിഞ്ഞ കേട്ടു കേൾവി മിത്തുകൾ ആണെന്ന് മനസ്സിലായത്.
ഇവരിൽ ബഹു ഭൂരി പക്ഷവും മാർജിനൽ കർഷകരും, ചെറുകിട കച്ചവടക്കാരുമൊക്കയായ കഷ്ടിച്ചു കാലക്ഷേപം നടത്തിയ ഒരു വിഭാഗമായിരുന്നു . വിരലിൽ എണ്ണാവുന്ന വൻകിട കച്ചവടക്കാരും ഭൂ ഉടമകളുമേ ഉണ്ടായിരുന്നുള്ളൂ. പത്തൊമ്പതാം നൂറ്റാണ്ട് മുതൽ കിട്ടിയ വിദ്യാഭ്യാസ സാധ്യതകളും അതിന് അനുബന്ധമായി സായിപ്പ് കൊണ്ട് വന്ന നാണ്യ വിള പ്ലാന്റേഷനുകളിൽ ജോലിയും പിന്നെ അതെ മേഖലയിൽ കൃഷിയുമൊക്കയായി കഴിഞ്ഞ നൂറു കൊല്ലത്തിനുള്ളിൽ വിദ്യാഭ്യാസ സാമ്പത്തിക മേന്മയും അനുഭവിച്ചു വളർന്നു വന്ന ഈ സമൂഹം കേരളത്തിനും ഇന്ത്യക്കും വെളിയിൽ കുടിയേറാൻ തുടങ്ങിയത് തന്നെ കേരളത്തിൽ ജീവിക്കുവാനുള്ള പാങ്ങില്ലാത്തതിനാൽ ആണ്.
അല്പം കാശും പുത്തനും ഒക്കെയായപ്പോൾ ഉണ്ടായ ഒരു കോട്ടേജ് ഇന്ഡസ്ട്രിയാണ് കുടുംബ ചരിത്ര പുരാണം. കേരളത്തിൽ ഒരു അഞ്ചു തലമുറക്ക് മുമ്പിൽ ചരിത്രം കൃത്യമായി കുറിക്കുവാൻ ഒക്കുന്ന എത്ര സുറിയാനി ക്രിസ്ത്യാനികൾ ഉണ്ട്? പല കുടുംബ ചരിത്രങ്ങളും ചരിത്രമെയെല്ല. എല്ലാം പോയി നിൽക്കുന്നത് കപട ബ്രമ്മന പാരമ്പര്യത്തിലും പിന്നെ തോമ സ്ലീഹായിൽ ഒക്കെയാണ്.
ഇങ്ങനെയുള്ള കപട ചരിത്ര നിർമ്മിതി കെട്ടു കഥകൾ കേട്ട് വളർന്നു അത് വിശ്വസിക്കുന്നകുറെ ആളുകളാണ് ഈ സീറോ മലബാർ കത്തോലിക്ക മാഹാത്മ്യവും സുറിയാനി രക്ത ചരിതവും പോലുള്ള ഹിമാലയൻ മണ്ടത്തരങ്ങൾ ഫേസ്‌ ബുക്കിൽ ഒക്കെ വിളമ്പുന്നത്. ഇവരിൽ പലരോടും അവരുടെ നാലോ അഞ്ചോ തലമുറ മുന്നുള്ള പൂർവികരുടെ പേര് ചോദിച്ചാൽ പറയാൻ ബുദ്ധി മുട്ടായിരിക്കും. ഇവരോടോക്കെ അവരുടെ വല്യ അമ്മച്ചിയുടെ വല്യമ്മച്ചിയുടെ പേര് ചോദിച്ചാൽ അറികയില്ല. അങ്ങനെയുള്ള കക്ഷികളാണ് പുരാതന കത്തോലിക്കാ കുടുംബം പുരാതന സുറിയാനി കുടുംബം എന്നൊക്ക തട്ടി മൂളിക്കുന്നത്. എന്റെ കുടുംബവും പുരാതന കുടുംബം ആണെന്നാണ് വെപ്പ്. ഞാൻ അറിയാവുന്ന ചരിത്ര സാമഗ്രികൾ ഒക്കെ നോക്കിയിട്ടും 1830 നു അപ്പുറം പോകാൻ പറ്റിയില്ല. അകെ കിട്ടിയത് കടമ്പനാട്ട് വലിയ പള്ളിയിലെ ചിലതും പിന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വന്ന കോളറയിൽ കുടുംബത്തിലെ ഏതാണ്ട് പതിനഞ്ചു പേർ മരിച്ചതുമൊക്കെയായാണ്. അതും ഗസറ്റിലെ വിവരമനുസരിച്ചു.
ചുരുക്കി പറഞ്ഞാൽ പതിനെട്ടാം നൂറ്റാണ്ടിൽ ഡച്ചു കാർ ചാർത്തി തന്ന സുറിയാനി ക്രിസ്ത്യാനി എന്ന കൂട്ടർ വളർത്തിഎടുത്ത അഭിനവ സവർണ്ണത പ്രായേണ പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹം കഴിഞ്ഞ ചില നൂറ്റാണ്ടുകൾക്കുള്ളിൽ വളർത്തിഎടുത്ത ഒന്നാണ്. പാര്ശ്വവൽക്കരിക്കപ്പെട്ട കർഷകർ ദാരിദ്ര്യവും പട്ടിണിയും സഹിക്കാൻ വയ്യാഞ്ഞിട്ടാണ് പലപ്പോഴും ഹൈറേഞ്ചിലൊട്ടും മലബാറിലൊട്ടുമൊക്കെ കുടിയേറിയത്. മൂന്നു തലമുറ മുമ്പ് പോലും ദാരിദ്ര്യവും ദുരിതങ്ങളും പ്രയാസവുമൊക്കെ അനുഭവിച്ചവരുടെ മക്കളും കൊച്ചു മക്കളുമൊക്കെ ഗൾഫിലും അമേരിക്കയിലും പോയി പത്തു പുത്തനൊക്കെ ഉണ്ടാകുമ്പോഴേക്കും കാച്ചിൽ കൃഷ്ണ പിള്ളമാരാകും. പെട്ടന്ന് ഒരു അരിസ്റ്റോക്രാറ്റിക് പാസ്റ്റ് ഉണ്ടാക്കാൻ പുരാതന കുടുംബമാകും. കുടുംബത്തിൽ പിറന്നവരാകും. ഏറ്റവും വൃത്തികെട്ട യഥാസ്ഥിതികതയുടെ അപ്പോസ്തോലന്മാരാകും.
ഇതൊക്കെ സംഭവിക്കുന്നത് കഴിഞ്ഞ നാല് ദിശകത്തിൽ അധികമായി ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ്. പണ്ട് എം എൻ ശ്രീനിവാസൻ പറഞ്ഞ സാൻസ്ക്രിട്ടൈസേഷൻ നടന്ന ഒരു സമൂഹമാണ് കേരളത്തിലെ നസ്രാണി സുറിയാനി ക്രിസ്ത്യാനികൾ. അതിൽ നിന്നുളവായ കപട അഭിനവ സവർണ മനസ്ഥിതിയുടെ ഇരകൾ ആണ് ഈ വൃത്തികേട്ട മനോഭാവം ഫേസ് ബുക്കിൽ ശർദ്ദിച്ചു വക്കുന്നത്. അത് ഉളവാക്കുന്ന നാറ്റം ഫേസ്ബുക്കിൽ കയറിയാൽ ഓക്കാനമുണ്ടാക്കും.
ഇങ്ങനെയുള്ള കപട ചരിത്ര നിർമ്മിതികളെയും അഭിനവ സവർണ്ണതെയും നാറിയ യഥാസ്ഥിക മനസ്ഥിതിയെയും പൊളിച്ചു കാട്ടേണ്ടിയിരിക്കുന്നു. ജാതി മനോഭാവങ്ങളും മതിൽ കെട്ടുകളും വിവേചനങ്ങളും.
പൊളിക്കേണ്ടിയിരിക്കുന്നു.
ഒരുകാര്യം കൂടി. ഈ കപട സവർണ്ണ മനോഭാവവും വൃത്തികെട്ട മനസ്ഥിതിയുള്ളവർ യേശു പറഞ്ഞതിനും പ്രവർത്തിച്ചതിനും നേർ വിപരീതമാണ്. യേശുവും ശിഷ്യന്മാരും ഏല്ലാം സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ അധ്വാനിക്കുകകയും ഭാരം ചുമക്കുകയും ചെയ്തവരായിരുന്നു. അന്നത്തെ കപട വരേണ്യരെ ചോദ്യം ചെയ്തവരായിരുന്നു.

No comments: