Sunday, September 24, 2017

കേരളത്തില്‍ വര്‍ഗീയതകള്‍ വളരുന്ന വഴികള്‍


സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം പല വഴികളില്‍ കൂടി ക്രമേണ ഉണ്ടാകുന്ന ഒരു പ്രക്രീയയാണ്. അതില്‍ പ്രധാനമായത് ചില ചെറിയ സംഭവങ്ങളെ സന്ദര്‍ഭങ്ങളോ തക്ക സമയത്ത് നൈതീകമായി പരിഹരിക്കാതെ അതിനെ ഒരു വൃണമായി വളരാന്‍ അനുവദിച്ചു അതെ സമൂഹത്തില്‍ മുഴുവന്‍ സെപ്ട്ടിക്കായി വിഷബാധ ഏല്‍പ്പിച്ചു സമൂഹത്തെ വിഘടിപ്പിക്കുംപോഴാണ്.
ഇതില്‍ അതാത് കാലത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്നവരുടെ ദീര്‍ഘവീക്ഷണവും നീതി ബോധവും സാമൂഹിക-രാഷ്ടീയ സെന്സിബിലിട്ടിയും വലിയ ഒരു ഘടകമാണ്. 1980 കളില്‍ നടന്ന രണ്ടു സംഭവങ്ങള്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ വര്‍ഗീയ ധ്രൂവികരണം ഉണ്ടാക്കുകയും അത് ഭൂരി പക്ഷ വര്‍ഗീയതക്ക് കളമൊരോക്കുകയും ചെയ്തു. അന്ന് കേന്ദ്ര സര്‍ക്കാര്‍ ഭരിച്ചിരുന്നവര്‍ക്ക് ഒരു പക്ഷെ ആ ദീര്‍ഘ വീക്ഷണവും അതുപോലെ രാഷ്ട്രീയ-സാമൂഹിക സെന്‍സിബിലിട്ടിയും കുറവായിരുന്നു എന്ന് വേണം കരുതാന്‍. അതില്‍ ഒന്ന് ബാബറി മസ്ജിദ് തുറന്നു കൊടുക്കുന്ന വിഷയമായി ബന്ധപെട്ടതാണ്. രണ്ടാമത്തേത് ഷബാനു കേസിലെ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ നടത്തിയ പാര്‍ലിമെന്ടു നിയമ നിര്‍മ്മാണം .ഇത് രണ്ടും നടന്നത് 1986 ഇല്‍ ആണ് . ഇതിന്‍റെ വിശദാംശങ്ങള്‍ അറിയണ്ടാവര്‍ക്ക് ഒരുപാട് വിവരങ്ങള്‍ കിട്ടുവാന്‍ വിഷമം ഇല്ല .
ഈ രണ്ടു തീരുമാനങ്ങളും അന്ന് അപ്പോഴത്തെ രാഷ്ടീയ സൌകര്യാര്‍ദ്ധവും ഉടനടി പ്രായോഗിക രാഷ്ട്രീയ ലാഭം നോക്കിയും സാമൂഹിക- രാഷ്ട്രീയ ദീര്‍ഘ വീക്ഷണം ഇല്ലാതെ ഒരു ന്യൂനപക്ഷ വര്‍ഗീയ ലോബിയേയും അതുപോലെ ഒരു ഭൂരിപക്ഷ വര്‍ഗീയ ലോബിയേയും പ്രീതിപെടുത്താന്‍ ചെയ്താണ്. ഈ രണ്ടു തീരുമാനങ്ങളും ഭാവിയില്‍ ഉണ്ടാക്കിയ വര്‍ഗീയ ധൃവീകരണത്തില്‍ രാജ്യത്തിനും അതുപോലെ കൊണ്ഗ്രെസ്സ് പാര്‍ട്ടിക്കും ഉണ്ടായ ക്ഷതം വലിയതായിരുന്നു. അതിനു രാജ്യത്തിന്‌ കൊടുക്കണ്ട വിലയും വലിയതായിരുന്നു .1986 ഇല്‍ ബീ ജെ പി ക്ക് ഉണ്ടായിരുന്നത് വെറും രണ്ടു സീറ്റ് . ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സിനു മൃഗീയ ഭൂരി പക്ഷം 404 ലോക് സഭാ സീറ്റ്. ഇന്ന് കൊണ്ഗ്രെസ്സിനുള്ളത് വെറും 44 സീറ്റ് . ബീജെപി രണ്ടു സീറ്റില്‍ നിന്നും 282 സീറ്റില്‍ ഒറ്റക്ക് ഭൂരിപക്ഷത്തില്‍. അവരുടെ മുന്നണിക്ക്‌ 336 സീറ്റ് . ചരിത്രവും രാഷ്ടീയവും വര്‍ഗീയ ധ്രൂവികരണവും ഉണ്ടായ വിധങ്ങള്‍ രാഷ്രീയത്തെ കുറിച്ച് ധാരണയുള്ള മിക്കവര്‍ക്കും അറിയാം.
ഇതു ഇവിടെ പറഞ്ഞത് ഇന്നത്തെ കേരള സമൂഹത്തില്‍ നടക്കുന്ന ചില താരതമ്യേന ചെറിയ സംഭവങ്ങള്‍ വലിയ മുറിവുകളായി സമൂഹത്തില്‍ സെപ്ട്ടികായി വര്‍ഗീയവിഷം പടര്‍ത്തുവാനുമുള്ള സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാണിക്കുവാനാണ് . അഖില/ഹാദിയ വിഷയം അതുപോലുള്ള ഒന്നാണ്. ജൊസഫ് മാസ്റ്ററുടെ കൈ വെട്ടു സംഭവും അത് പോലെ ഒന്നായിരുന്നു. അന്നത്തെ സര്‍ക്കാരിനു അത് വൃണം ആകുന്നതിനു മുമ്പേ പരിഹരിക്കാമായിരുന്നു . പക്ഷെ അത് കൈവിട്ടു പോയി- പുതിയ ന്യൂന പക്ഷ വര്‍ഗീയതയുടെ അടയാളപെടുത്തലായി. പലപ്പോഴും ഇന്ന് സാമൂഹിക മാധ്യങ്ങള്‍ പോലും പല രൂപത്തിലും ഭാവത്തിലും നാട്ട്യങ്ങളിലും ന്യൂന പക്ഷ - ഭൂരിപക്ഷ സ്വത്ത വര്‍ഗീയ രാഷ്ട്രീയ വിഷങ്ങള്‍ തുപ്പാനുള്ള ഇടങ്ങള്‍ ആയിരിക്കുന്നു .
കേരളത്തില്‍ വളര്‍ന്നു വരുന്നു ഭൂരി-പക്ഷ /ന്യൂന പക്ഷ വര്‍ഗീയതക്ക് ആക്കം കൂട്ടുന്ന ചില കാര്യങ്ങള്‍ ആണ് ഇവിടെ നടക്കുന്നത്. 'ഞാനൊന്നും അറിഞ്ഞില്ലേ രാമ-നാരയണ ' എന്ന മട്ടില്‍ തല്‍ക്കാല സൌകര്യത്തിനു വേണ്ടി അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഇപ്പോഴത്തെ കേരള സര്‍ക്കാരും ഇവിടുത്തെ സെക്കുലാര്‍ പാര്‍ട്ടികളും ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരും. കേരളത്തിലെ ന്യൂന പക്ഷ വര്‍ഗീയതയും ഭൂരി പക്ഷ വര്‍ഗീയതയും പരസ്പരം ഊട്ടി വളര്‍ത്തി അത് ഇവുടുത്തെ ഇപ്പോഴത്തെ വലിയ പാര്‍ട്ടികളെയും കേരള സമൂഹത്തിലെ സമാധാന അന്തരീക്ഷത്തെയും വിഴുങ്ങുന്ന വിഷ സര്‍പ്പങ്ങളായി വളരും എന്ന് തിരിച്ചറിയുക. ചെറിയ മുറിവുകള്‍ വലിയ വൃണങ്ങളായി വളരാന്‍ അനുവദിച്ചാല്‍ കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.
ചെവിയുള്ളവര്‍ കേള്‍ക്കട്ടെ . കണ്ണുള്ളവര്‍ കാണട്ടെ.

No comments: