സർഗാത്മക എഴുത്തുകാർ വ്യക്തി ഭാവനയും ബുദ്ധിയും, വാക്കുകളെ വിളക്കി വിളയിപ്പിച്ചു സംവേദനത്തിന് ഉപയോഗിക്കുന്നവരാണ്.
ഓരോ എഴുത്തുകാരും അവരുടെ ഭാവനയും ഭാഷയും അവരുടെ വ്യക്തി ഓർമ്മകളുടെ ഒഴുക്കിൽ ഒരു സാമൂഹിക രാഷ്ട്രീയ പരിസരത്തുനിന്നു പ്രതീകരിക്കുകയാണ് ചെയ്യുന്നത്. ഒരു വലിയ പരിധിവരെ ഭാവനയും ഭാഷയും ഓർമകളുടെ ഇണചേരലുകളാണ്. ഓർമ്മകൾ സമൂഹ, കുടുംബ, ജീവിത വ്യവഹാര പരിസരങ്ങളിൽ നിന്ന് കുട്ടിക്കാലം തൊട്ട് പല രീതിയിൽ ആഗീകരിക്കുന്നതാണ്. ആ ഓർമ്മകളിൽ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾക്കൊപ്പം തന്നെ വ്യക്തി വിഹ്വലതകളും അനുഭവ താളങ്ങളും അതുപോലെ തന്നേ കാലകാലങ്ങളായി ഒരു സമൂഹത്തിലെ രുചിയും രുചി ഭേദങ്ങളും ദൈവ വിശ്വാസ -അവിശ്വാസ ഘടകങ്ങളും, ഒരു സമൂഹത്തിൽ അതാത് സമയത്തു നിൽ നിൽക്കുന്ന സാമൂഹിക മനസ്ഥിതിയും മുൻവിധികളുമൊക്കെ കാണും. അതോടൊപ്പം ഒരു പാട് സന്ദേഹങ്ങളും ഓർമ്മയിൽ നിറഞ്ഞു നിൽക്കും
അവരുടെ ഭാഷ പ്രതീകരണങ്ങൾ സംവദിക്കുന്നത് ഒരു ഭാഷാ സാമൂഹിക രാഷ്ട്രീയ പരിസരത്തു ആണെങ്കിലും അവരുടെ എഴുത്തുകളുടെ പ്രഭാവമായ ഭാവനയും ഭാഷയും അവരുടെ വ്യക്തി നിഷ്ട്ട ഓർമകളിൽ നിന്നുമാണ്. ആ ഓർമ പരിസരം അവരുടെ വ്യക്തി അനുഭവങ്ങളും ചിന്തകളും പ്രതീകരണങ്ങളുമാണ്. എല്ലാ പ്രതീകരണങ്ങളും അതാത് സമയത്തെ ഓർമ്മയുടെയും അനുഭവ തലങ്ങളുടെയും സന്ദേഹങ്ങളുടെയും വികാര വിചാരങ്ങളുടെയും വാക് പ്രയോഗങ്ങളാണ്.
അതിനെ സാമൂഹിക വിമർശന വിധേയമാക്കുമ്പോൾ അവരുടെ ഭാവനയയോ ചിന്താ ശകലങ്ങളെയോ ചില പ്രത്യക പ്രതീകരണങ്ങളെയോ തിരിഞ്ഞു പിടിച്ചു ഒരു വ്യത്യസ്ത വിജ്ഞാന രാഷ്ട്രീയ പരിസരങ്ങളിൽ അവർക്കു നേരെ വിരൽ ചൂണ്ടാം. പക്ഷെ ഒരു എഴുത്തുകാരൻ എന്ന സാമൂഹിക സംവേദകനെ കാണേണ്ടത് ആ വ്യക്തിയുടെയും അവരുടെ സംവേദനത്തിന്റ സാമൂഹിക പരിസരങ്ങളുടെയും സാകല്യത്തിലാണ്. അല്ലാതെ ഒരു നിറമുള്ള കണ്ണാടിയിൽ കൂടി നോക്കി ഭാഗീകമായി വിലയിരുത്തു നടത്തുന്നതിൽ സാംഗത്യമുണ്ടെന്ന് തോന്നുന്നില്ല.
ഓ വി വിജയൻ എന്ന സർഗാത്മക എഴുത്തുകാരന്റെ ഭാവനയെയും ഭാഷയെയും അവയുടെ പിന്നിൽ വർത്തിച്ച ഓർമ്മകളെയും അനുഭങ്ങളെയും എല്ലാമതിന്റെ സാകല്യത്തിലാണ് കാണേണ്ടത്. അതിനാൽ വിജയനെ ഒരു വർഗീയ വാദിയോ മൃദു ഹിന്ദു വാദിയോ ആയി ഞാൻ കാണുന്നില്ല.
ഗാന്ധി റേസിസ്റ്റ് ആയിരുന്നു എന്ന അരുന്ധതി റോയിയുടെ സെലെക്റ്റീവ് റീഡിങിനോടും ഞാൻ അത്കൊണ്ടാണ് യോജിക്കാത്തത്. കാരണം ഗാന്ധിയും ഒരു സാമൂഹിക സാംസ്കാരിക പരിസരങ്ങളിൽ നിന്നാണ് അദ്ദേഹത്തിന്റെ ഓർമ്മകളും ഭാവനയും, അനുഭവ തലങ്ങളും ഭാഷയും പ്രതീകരണങ്ങളും രൂപപെടുത്തുന്നത്. സൗത് ആഫ്രിക്കയിലെ 1890കളിലെ ഗാന്ധിയല്ല 1940 കളിലെ ഗാന്ധി. ഗാന്ധിയെയും അദ്ദേഹത്തിന്റ പ്രവർത്തനങ്ങളെയും വായിച്ചു അറിയേണ്ടത് ഗാന്ധി വർത്തിച്ച സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുടെ സാകല്യത്തിലാണ്. എസ് കെ പൊറ്റെക്കാട് 'കാപ്പിരി 'കളുടെ നാട്ടിൽ എന്ന ഒരു പുസ്തകം എഴുതിയത് കൊണ്ട് ഇന്നത്തെ റേസിസത്തിന്റ കണ്ണാടിയിൽ കൂടി നോക്കി അദ്ദേഹത്തെ റേസിസ്റ്റ് എന്ന് വിളിക്കാനാകില്ല എന്നതാണ് എന്റെ നിലപാട്.
അതുപോലെ മാധവികുട്ടി /കമലാദാസ് /കമല സുരയ്യയെയും അവരുടെ എഴുത്തുകളുടെയും ഓർമ്മ അനുഭവ സാമൂഹിക പരിസരങ്ങളുടെയും സാകല്യത്തിലാണ് കാണേണ്ടത് എന്നാണ് എന്റെ വായന പരിസര അനുഭവം.
ഇപ്പോൾ സഖറിയ ഒ.വി. വിജയനെ സെലക്ടീവായി വായിക്കുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ ഓർമ്മ അനുഭവ ഭാഷ പരിസരങ്ങളിൽ കൂടിയുള്ള ഒരു കണ്ണാടി കാഴ്ച്ചയാണ്. ആ വായന കൊണ്ട് സമൂഹത്തിനോ രാഷ്ട്രീയ പരിസരങ്ങൾക്കോ എന്തെങ്കിലും മാറ്റമുണ്ടാകുമെന്നും ഞാൻ കരുതുന്നില്ല.
വിജയൻ വിജയനും സഖറിയ സഖറിയയുമാണ്. രണ്ടു പേരുടെ ഓർമ്മ - ഭാവന- ഭാഷ പരിസരങ്ങൾ വ്യത്യസ്തമാണ്. സഖറിയയുടെ പ്രതീകരണങ്ങളെ അദ്ദേഹത്തിൻറെ പരിസരങ്ങളിൽ നിന്നും എനിക്ക് കാണാൻ കഴിയും. സഖറിയ ഞാൻ സ്നേഹാദരങ്ങളോട് കാണുന്ന മൂത്ത സഹോദരനാണ്. അടുത്ത സുഹൃത്താണ്. പക്ഷെ വിജയനെ ഒരു എഴുത്തുകാരൻ എന്നതിലും മനുഷ്യൻ എന്നതിലും അതിന്റെ സാകല്യത്തിലാണ് വായിച്ചറിയേണ്ടത് എന്നാണ് എന്റെ വായന അത് കൊണ്ട് തന്നെ വിജയനെ ഒരു കള്ളിയിൽ ഒതുക്കുന്നതിനോട് വിയോജിപ്പ്.
No comments:
Post a Comment