ഗാന്ധിജിയെ കൊന്നവർ തന്നെയാണ് മിനിഞ്ഞാന്ന് ശശി താരൂറിന്റെ ഓഫിസ് ആക്രമിച്ചു അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതും ഇന്നലെ 78 വയസ്സുള്ള സ്വാമി അഗ്നിവേശിനെ അടിച്ചു നിലത്തിട്ടു ചവുട്ടി കൊല്ലുവാൻ ശ്രമിച്ചുതും. അവരെ രണ്ടു പേരെയും വർഗീയ വിഷജീവികൾ വിളിക്കുന്നത് ആന്റി ഹിന്ദു ' വെന്നാണ് .
യഥാർത്ഥത്തിൽ അക്രമികൾ ഭയക്കുന്നത് ഇൻക്ലൂസിവ് ആയ സനാതന ഹിന്ദു ധർമ്മത്തെയാണ് .ശശി തരൂരും അഗ്നീവേശും എന്റെ സുഹൃത്തുക്കൾ ആയത് കൊണ്ടു മാത്രമല്ല ഐക്യദാർഢ്യം കൊടുക്കുന്നത്. അവർ ഞാൻ സ്നേഹിക്കുന്ന എന്റെ രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന പൗരന്മാരും ഇന്ത്യൻ ഭരണ ഘടന ഉറപ്പു നൽകുന്ന തുല്യ മനുഷ്യ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന നേതാക്കളുമായതിനാലുമാണ്.
വളരെ വർഷം രാവിലെ സ്‌കൂൾ അസംബ്ലിയിൽ ചൊല്ലികൊടുത്തു ആത്മാവിൽ കയറിഉറപ്പിച്ച ചിലതുണ്ട്. " ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് . ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു ', ഇന്ത്യക്കാരൻ എന്നതിലും ഇന്ത്യൻ പൗരൻ എന്ന പേരിൽ അഭിമാനം കൊള്ളുന്ന ഒരാളാണ് ഞാൻ.
'ഭാരതം എന്ന് കേട്ടാലഭിമാനപൂരിതമാകണമന്തരംഗം , കേരളം എന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ " എന്ന വിചാര , വികാരം മനസിന്റെ ഉള്ളിൽ ഒരു വെളിച്ചം നൽകുന്ന തീയായി സൂക്ഷിക്കുന്ന മലയാളിയായ ഇന്ത്യക്കാരൻ എന്നാണ് എന്നും ഞാനെന്നെ അടയാളപ്പെടുത്തുന്നത്.
ജയ് ജവാൻ ജയ് കിസാൻ എന്ന് വിശ്വസിച്ചു 25 കൊല്ലം സൈനീക സേവനവും 20 കൊല്ലം കൃഷിയും ചെയ്ത ഒരു രാജ്യ സ്നേഹിയുടെയും നാൽപ്പത് കൊല്ലം ഇന്ത്യയിലെ ജനങ്ങളുടെ പൊതുജനാരോഗ്യത്തിനും വേണ്ടി രാജ്യത്തെ സേവിച്ച ഒരു അമ്മയുടെ മകൻ. അറുപതുകളിൽ ജർമ്മനിയിലും എഴുപതുകളിൽ അമേരിക്കയിലോ കാനഡയിലോ ജോലിയും കുടിയേറ്റ സൗകര്യവും കിട്ടിയിട്ടും ഇന്ത്യയിൽ രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനം കൊണ്ടവരായിരുന്നു എന്റെ മാതാ പിതാക്കൾ. അവർ ഈ രാജ്യത്തിനും ഈ രാജ്യത്തെ ഭരണാധികൾക്കും എന്നും പ്രാർത്ഥിക്കുന്നത് കേട്ട് വളർന്നവരാണ് ഞാനും എന്റെ പെങ്ങളും.
അത്കൊണ്ട് തന്നെ ലോകത്തെ മിക്ക സമ്പന്ന രാജ്യങ്ങളിലും കുടിയേറുവാനോ പൗരനോ ആകുവാൻ ഒരുപാട് അവസരമുണ്ടായിട്ടും ഇന്ത്യൻ പൗരത്വവും മലായാളി അടയാളവും മനസ്സിൽ പൊന്നു പോലെ സൂക്ഷിക്കുന്നവരാണ് ഞാനും എന്റെ സഹോദരിയും എന്റെ കുടുംബവും.യൂണിവേഴ്സിറ്റി ജോലി ഉപേക്ഷിച്ചു നഗരങ്ങളിലെ ചേരി പ്രദേശങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിലെ ആദിവാസി ഊരുകളിലും ഇന്ത്യയിൽ നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഇന്ത്യയിലെ എന്റെ സഹോദരി സഹോദരന്മാർക്ക് വേണ്ടി ജീവിതം സമർപ്പിക്കുവാൻ തീരുമാനിച്ചത് ഈ രാജ്യത്തോടുള്ള സ്നേഹവും ഭരണഘടനയോടുള്ള പ്രതിബദ്ധതയും കാരണമാണ് .ഏതാണ്ട് ഇരുപത് കൊല്ലം രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഗ്രാമ നഗരങ്ങളിൽ പതിനായിരങ്ങളോട് ഒത്തു പ്രവർത്തിച്ചിട്ട് അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങിയെങ്കിലും ഇപ്പോഴും ഈ രാജ്യത്തെ പ്രവർത്തനം തുടരുന്നത് അത് എന്റെ ജീവൽ ബോധത്തിന്റെ ഭാഗമായത് കൊണ്ടാണ് .
തിരെഞ്ഞെടുത്ത ജന നീതിയുടെയും ന്യായത്തിന്റെയും ജനായത്തിന്റെയും മനുഷ്യ അവകാശങ്ങളുടെയും പാത , പാർശ്വവൽക്കരിക്കപെട്ടവർക്കും പീഡിതർക്കും പട്ടിണി അനുഭവിക്കുന്നവർക്കും ഒപ്പം നിന്ന് നീതിക്കു വേണ്ടി നിലകൊള്ളുക എന്ന ജീവിത സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങളിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നുമാണ്. വീട്ടിൽ ആണ് ഞാൻ രാജ്യ സ്നേഹവും, ജെണ്ടർ ഇക്വളിറ്റിയും മനുഷ്യ അവകാശങ്ങളും പഠിച്ചത്. വായിക്കാൻ പുസ്തകങ്ങൾ വാങ്ങുവാൻ പൈസ ലോഭമില്ലാതെ തന്ന, പൂർണ്ണ സമയ സാമൂഹിക പ്രവർത്തനത്തിനിറങ്ങാൻ തീരുമാനിചപ്പോൾ എന്നെ എന്റെ വഴിക്കു വിട്ട, ഇഷ്ട്ടപെട്ട പെണ്ണിനെ സ്ത്രീധനം വാങ്ങാതെ കല്യാണം കഴിക്കുവാൻ കൂട്ടു നിന്ന എന്റെ പപ്പയിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത് എന്ന് തിരിച്ചറിഞ്ഞത് 23 വര്ഷം മുമ്പ് ഒരു സെപ്റ്റമ്പറിൽ വോട്ട് ചെയ്തിട്ട് ലോകത്തോട് അദ്ദേഹം വിട പറഞ്ഞപ്പോഴാണ്.
സ്വാമി അഗ്നിവേശിനെ ആദ്യമായി കണ്ടത് 1993 ഇൽ മുംബയിലെ വി റ്റി സ്റ്റേഷനിൽ വച്ചാണ്. അദ്ദേഹം മുംമ്പയിൽ ഒരു മീറ്റിങ്ങിൽ വന്നപ്പോൾ സ്വീകരിച്ചു കൊണ്ടുവരുവാൻ എന്നെയാണ് ഉത്തരവാദിത്തം ഏൽപ്പിച്ചത്. അന്ന് താണെ ജില്ലയിൽ ഉള്ള ഉസ്ഗാവിൽ ബോണ്ടഡ് ലേബർ എന്ന അടിമപണിക്കു എതിരെയുള്ള മീറ്റിംഗിൽ പങ്കെടുക്കാൻ വന്ന സുമുഖനായ അദ്ദേഹം എന്നെ ഓർമിപ്പിച്ചത് . വിവേകാനന്ദനെയാണ്. അന്ന് രണ്ടു മണിക്കൂർ ഞങ്ങൾ ചർച്ച ചെയ്തത് ഹിന്ദുയിസമായിരുന്നു. ആ നാളുകളിൽ ഞാൻ ഗഹനമായി വായിച്ചിരുന്നത് ഭഗവത് ഗീതയും വേദ ഉപനിഷത് വ്യഖ്യാനങ്ങളുമാണ്. ഹിന്ദു ഫിലോസഫിയെക്കുറിച്ച് ഗഹനമായ അറിവുള്ള ആ ഹിന്ദു സന്യാസിയുടെ ഹിന്ദുയിസം ഉദാത്തമാണ് എന്ന് മനസ്സിലായി. അന്ന് തുടങ്ങിയ ബന്ധമാണ് സ്വാമിയുമായി.
ആ കാലത്തു ബാല വേലക്കെതിരെ അദ്ദേഹത്തിന്റെ അസിസ്റ്റാന്റായി പ്രവർത്തിച്ച കൈലാസ് സത്യാർദ്ധിക്കാണ് പിന്നീട് നോബൽ പീസ് പ്രൈസ് കിട്ടിയത്. സ്വാമിയും ഞാനും അന്ന് തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. ലോക മത പാർലിമെന്റിൽ ഞങ്ങൾ രണ്ടു പേരും സംസാരിച്ചത് ഹിന്ദുവിസത്തിന്റെ വ്യത്യസ്ത ധാരകളെകുറിച്ചാണ്. ഞാൻ കൂടുതലും സംസാരിച്ചത് ശ്രീ നാരായണ ഗുരുവിനെക്കുറിച്ചും. സ്വാമിയേ ആന്റി ഹിന്ദുവെന്നു ആക്രമിച്ച വിഷ ജീവികൾക്കു ഹിന്ദു സനാതന ധർമ്മത്തെക്കുറിച്ച് സ്വാമിയുടെ പതിനായിരത്തിൽ ഒന്ന് അറിവില്ലാത്ത വെറും തെമ്മാടികളാണ്. സ്വാമിയുമായ് എത്രയോ മനുഷ്യാവകാശ, ബഹു മത സംവാദങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം Why I am a Hindu എന്ന പുസ്തമെഴുതിയ ശശി തരൂരിന്റെ ഓഫീസിനു നേരെ യുവ മോർച്ച നടത്തിയ അക്രമത്തിൽ പ്രതിധേഷിച്ചു പോസ്റ്റിട്ടതിന് വിഷം മുറ്റിയ ഒരു മലയാളി സംഘി വർഗീയൻ എന്നേ വിളിച്ചത് ' ആന്റി ഹിന്ദു " എന്നാണ്. ഇവനെക്കൊ ഹിന്ദുവിസത്തെ കുറിച്ച് ഒരു മണ്ണാങ്കട്ടയുമറിയില്ല. മൂന്നു കൊല്ലം ഗഹനമായി ഹിന്ദുവിസത്തെ കുറിച്ച് പഠിച്ചു ബുദ്ധ -ഹിന്ദു സംസ്ക്കാര വഴികളിൽ സഞ്ചരിക്കുന്ന എന്നെ ആന്റി ഹിന്ദുവെന്നു വിളിച്ചതിൽ എനിക്ക് ഒരു കുന്തവും ഇല്ല.
പക്ഷെ സ്വാമി അഗ്നിവേശിനെ ആന്റി ഹിന്ദു എന്ന് വിളിക്കുന്നവർക്ക് ഹിന്ദു ധർമ്മത്തെ കുറിച് ഒരു ധാരണയുമില്ല. അവരുടെ ഏറ്റവും വലിയ ശത്രുക്കൾ ഇൻക്ളൂസീവ് ഹിന്ദു വിശ്വാസികളാണ്. അത് കൊണ്ടാണവർ ഗാന്ധിജിയെ കൊന്നത്. അതുകൊണ്ടാണ് അവർ സ്വാമി അഗ്‌നിവേശിനെ കൊല്ലാൻ ശ്രമിച്ചത്. അത് കൊണ്ടാണ് അവർ ശശി താരൂരിനെ ടാർജറ്റ് ചെയ്യുന്നത്. അത് കൊണ്ടാണ് മനുഷ്യാവകാശ പ്രവർത്തകരെ ആന്റി ഹിന്ദു വിളിക്കുന്നത്.
ഇന്ന് ഇന്ത്യയിൽ ഒരാൾ ജനായത്തത്തിനും സമാധാനത്തിനും, നീതിക്കും, തുല്യ ന്യായ വ്യവസ്ഥക്കും, മനുഷ്യാ അവകാശത്തിനും വേണ്ടി നിന്നാൽ വർഗീയ വിഷം മൂത്തു അന്ധരായവർക്കും അക്രമിക്കുവാനും കൊല്ലുവാനും മടിയില്ല.
അത്രമാത്രം വിഷലിപ്‌തവും ഹിംസ അനുദിനം വളർന്നു വരുന്ന രാജ്യമായിരിക്കുന്നു ഭാരതം. ഭാരതം നമ്മുടെ ഒരോരുത്തരുടെയും രാജ്യമാണ്. പിറന്ന മണ്ണാണ്. നമ്മുടെ ജീവൽ ബോധത്തിന്റെ ഭാഗമാണ്.
ഇത് മരണം വരെ എന്റെ രാജ്യമാണ്. അതുകൊണ്ടാണ് ലോകത്തിന്റെ ഏത് അറ്റത്തു നിന്നും എന്നും പിറന്ന മണ്ണിന്റെ മണത്തിലേക്കും ഇവിടെയുള്ള നാനാ ജാതി മനുഷ്യരോടും നിറഞ്ഞ സ്നേഹത്തോടെ ഇവിടേക്ക് തന്നെ എപ്പോഴും തിരിച്ചു വരുന്നത് .ഇവിടെ നീതിക്കും ന്യായത്തിനും ജനായത്തത്തിനായി പ്രവർത്തിക്കുന്നതും ശബ്ദമുയർത്തുന്നതും . അനീതിയും അക്രമങ്ങളും കണ്ടാൽ നിശബ്ദവുമായിരിക്കുന്നത് കുറ്റവാളികൾക്ക് കുട പിടിക്കുന്നതിന് തുല്യമാണ് .അതുകൊണ്ട് തന്നെ ഭയത്തിൽ നിന്ന് ഒരു ഒരു നിശബ്ദ വിധേയത്തിന്റെ രാഷ്ട്രീയം സംസ്ക്കാരം ഇവിടെ ഉണ്ടായാൽ അത് സ്വാതന്ത്ര്യത്തിന്റെ അന്ത്യമായിരിക്കും. സ്വാതന്ത്ര്യവും, സമാധാനവും സാഹോദര്യവും ഹനിക്കപെടുമ്പോൾ, ആളുകൾ ആൾക്കൂട്ടങ്ങളാൽ ആക്രമിക്കപ്പെടുമ്പോൾ അനീതി നടമാടുമ്പോൾ, രാജ്യത്തെ സ്നേഹിക്കുന്നവർക്ക് നിശബ്ദരായിരിക്കാൻ പറ്റില്ല . അനീതി ആര് കാണിച്ചാലും ചോദ്യം ചെയ്യണം. അത് ഇന്ത്യൻ സ്വതന്ത്ര്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്.
ഈ രാജ്യത്തെ വർഗീയ ജാതി വിഷം മൂത്തു വിഘടിപ്പിക്കുന്നവർ ഈ രാജ്യത്തെ സ്നേഹിക്കാത്ത രാജ്യദ്രോഹികളാണ്. അവർക്ക് വളം വച്ച് കൊടുക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നത്. അത് കൊണ്ടാണ് അതിന്റ പിന്നിലുള്ള വിഷലിപ്‌ത വർഗീയ രാഷ്ട്രീയത്തെ എതിർക്കുന്നത്.