Wednesday, May 9, 2018

മലയാളി ഇനിയും പഠിക്കേണ്ട സിവിക് സെൻസ്


വേസ്റ്റ് ബിൻ കൾച്ചർ കേരളത്തിൽ ഇല്ല .അതുകൊണ്ടു ലിറ്ററിങ് ഒരു വൃത്തികെട്ട സംസ്കാരമാണ് . കാറിലും ബസിലുമൊക്കെ പോകുന്ന മാന്യൻ മാർ പ്ലാസിക്ക് കുപ്പിയും , പ്ലാസ്റ്റിക് കവറും എല്ലാം എല്ലാം ഒരു കൂസലും ഇല്ലാതെ വലിച്ചെറിയും .വെള്ളമടിച്ചിട്ടു മദ്യ കുപ്പികൾ എവിടെ എങ്കിലും ഏറിയും .. വയനാട് ചുരത്തിൽ നിന്ന് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കൂമ്പാരം ഒരിക്കൽ ഞാൻ ഇവിടെ പോസ്റ്റിയിരുന്നു .
സ്വയം വൃത്തിയുണ്ടെന്ന് അഭിമാനിക്കുന്ന മൂന്ന് നേരം കുളിക്കുന്ന മലയാളിയുടെ പബ്ലിക് സെൻസ് ഓഫ് ക്ളെൻലിനസ് വളരെ പരിതാപകരമാണ് . സിഗരറ്റ് വലിച്ചിട്ട് റോഡിൽ എറിയും . ആണുങ്ങൾ എവിടെയും മുള്ളും . വിദ്യാഭ്യാസവും "വിവരവും' ഉണ്ടെന്ന് അഭിമാനിക്കുന്ന മലയാളി രാത്രിയിൽ കാറിലും ബൈക്കിലും മാലിന്യങ്ങൾ കൊണ്ട് വന്നു വഴിയരികിൽ തള്ളും .
ഒരിക്കൽ കോഴിക്കോട്ടെ മിഠായി തെരുവിൽ രാവിലെ ആറു മണിക്ക് നടക്കാൻ പോയി .ചില ദശ ലക്ഷങ്ങൾ മുടക്കി ആ തെരുവിനെ ഈ ഇടക്കാണ് സർക്കാർ മോടി പിടിപ്പിച്ചത് .പറഞ്ഞിട്ട് എന്തു കാര്യം . രാവിലെ ആ തെരുവ് മുഴുവൻ ചപ്പും ചവറും മറ്റുമായി വൃത്തി കേടായി കിടക്കുന്നു .
പണ്ട് സിവിക്‌സ് എന്ന ഒരു വിഷയം ഉണ്ടായിരുന്നു . നമ്മളിൽ പലർക്കും രാഷ്ട്രീയ പാർട്ടി ആവേശം കൂടി ആക്രമിക്കാനും കൊല്ലാനും മടിയില്ലെങ്കിലും ബേസിക് സിവിക് സെൻസും ഉത്തരവാദിത്തവും കമ്മി .ജെൻഡർ സെന്സിറ്റിവിറ്റിയും സിവിക് സെൻസും , പൊതു വൃത്തിയും ,മാലിന്യ മാനേജുമെന്റും , ദുരന്ത നിവാരണവും , നീന്തലും എല്ലാം ഒന്നാം ക്ലാസു മുതൽ കുട്ടികളെ പഠിപ്പിക്കണ്ടതാണു .
കേരളം പുരോഗമിച്ച ഒരു സംസ്ഥാനം ആണെന്ന തെറ്റിധാരണ ആദ്യം മാറണം . അങ്ങനെയുള്ളിടത്തു ഒരു ലിഗ ഒരിക്കലും കൊല്ല പ്പെടുകയില്ലായിരുന്നു . അങ്ങനെയുള്ളിടത്തു ഒരു സ്ത്രീക്ക് രാത്രി എട്ടുമണിക്കും പത്തു മാണിക്കും പാതി രാത്രിക്കും ഒറ്റയ്ക്ക് റോഡിൽ നടക്കുവാനോ സഞ്ചരിക്കുവാനോ പേടിക്കേണ്ടതില്ല .ബേസിക് സിവിക് സെൻസുള്ളവർ അതിവേഗം വാഹനമോടിച്ചു റോഡപകടം കൂട്ടില്ല .ഹോണടിച്ചു ശബ്ദ മലിനീകരണം ചെയ്യില്ല .പള്ളികളിലും അമ്പലങ്ങളിലും ഉച്ചഭാഷിണി ഉച്ചത്തിൽ വച്ച് ശബ്ദമലിനീകരണം ചെയ്യില്ല .
പണ്ടുള്ളതിനേക്കാൾ സ്വാർത്ഥരാകാൻ ഒരു പരിധി വരെ നമ്മുടെ വിദ്യാഭ്യാസ പരിസരമാണ് ഉത്തരവാദി. ഞാൻ .എന്റെ കാര്യം .എന്റെ ഉന്നമനം .സ്വന്തം കാര്യം മാത്രം സിന്ദാബാദ് എന്ന ഒരു സ്വാർത്ഥത നിറഞ്ഞ 'അവനവനിസം ' കേരള സമൂഹത്തിൽ വളര്ന്നുണ്ടോ ?
കേരളത്തിൽ എന്തിനും ഏതിനും വിവാദങ്ങൾ ഉണ്ടാക്കുവാൻ പലർക്കും താല്പര്യമാണ് . പിന്നെ ഒരു കാര്യവും അതിന്റ മെറിറ്റിൽ നോക്കാതെ ആര് പറഞ്ഞു എന്ന് നോക്കിയാണ് പ്രതികരിക്കുന്നത് . അത് പലപ്പോഴും ഒരു പാർട്ടിയുടേയോ മറ്റേ പാർട്ടിയുടെയോ ലെൻസിൽ കൂടി നോക്കി കണ്ണടച്ചു എതിർക്കുകയോ സപ്പോർട്ട് ചെയ്യുകയോ ആണ് പതിവ് .
കേരളത്തിൽ നമുക്ക് പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അത് പോലെ വിവാദം ചർച്ച ചെയ്യാനും വലിയ ഉത്സാഹമാണ് .എന്നാൽ പ്രശ്ന പരിഹാരത്തിൽ വലിയ താൽപ്പര്യം കുറവാണ് . കേരളത്തിൽ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യണമെങ്കിൽ വലിയ പാടാണ് . എന്ത് ചെയ്യാം ?
ആദ്യം മാറേണ്ടത് മലായാളിയുടെ മനസ്ഥിതിയും നമ്മൾ വലിയ മിടുക്കർ ആണെന്നുള്ള ഭാവവുമാണ് . അത് പ്രൈമറി വിദ്യാഭ്യാസ സംസ്ക്കാരം തൊട്ടു തുടങ്ങേണ്ടതാണ് .സിവിക് സെൻസ് ഉളിൽ നിന്ന് വരേണ്ട ഒരു സാമൂഹിക സാംസ്കാരിക സഹജ ബോധമാണ് .അതാണ് കേരള സമൂഹത്തിൽ അധികമില്ലാത്തത് . ഈ മനോഭാവം ഒന്നും ചെറുപ്പത്തിലേ മാറിയില്ലെങ്കിൽ വാഴ കോലച്ചിട്ടു വളമിടുന്നത് പോലെയാകും .
"അവനവന്‌ ആത്മസുഖത്തിനായ്‌ ആചരിക്കുന്നവ,
അപരനും സുഖത്തിനായ്‌ വരേണം" എന്ന് ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞത് . പക്ഷെ ആര് പറഞ്ഞാലും മലയാളിക്ക് മറ്റുള്ളവരുടെ പ്രശ്നമൊന്നും ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു . ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് നീട്ടിപ്പാടി പ്ലാസ്റ്റിക് കുപ്പി കാറിൽ നിന്ന് വലിച്ചെറിയും .മലയാളി ഡാ !!!
ഇത് പറഞ്ഞത് കൊണ്ട് എന്നെ 'ആരാഷ്ട്രീയ വാദി ' എന്ന് മാത്രം വിളിക്കരുത് .പ്ലീസ് .
ജെ എസ് അടൂർ

No comments: