ഇന്നത്തെ ചിന്താ വിഷയം കേരളത്തിലെ കൃഷിയെ കൂറിച്ചാണ്. ഇവിടെ ഉള്ളവർ എത്രപേർ തങ്ങളുടെ മക്കൾ ഒരു നല്ല കർഷകൻ ആകണമെന്ന് ആഗ്രഹിക്കും.? എത്ര പേര് അവരുടെ മക്കളെ കൃഷി ചെയ്യാൻ പഠിപ്പിക്കും? ടീ.വി സ്റ്റുഡിയോയിലിരുന്നു കൃഷിയുടെ പ്രതിസന്ധിയെക്കുറിച്ചു വല്യ വായിൽ കരയുന്ന മാന്യന്മാർ ഒരു മൂട് കപ്പയോ കാച്ചിലോ ഒരിക്കൽ എങ്കിലും നട്ടു വളർത്തിയിട്ടുണ്ടോ? ഉള്ള കൻടോം കരേം ഒക്കെ വിറ്റ് ഫ്ലാറ്റ് മേടിച്ചു നഗരങ്ങളിൽ ജീവിച്ചു മെയ് അനങ്ങാതെ കൃഷിയെ കുറിച്ച് പരിതപിക്കുന്നവർക്കു ഈ നാട്ടിൽ ഒരു കുറവുമില്ല. ഉള്ള മരമൊക്കെ വെട്ടി വിറ്റു കാശക്കിയിട്ടു നമ്മൾ പരിസ്ഥിയെ കുറച്ചു വാചാലരാകും. സ്വന്തം മക്കളെ എനിജിനീറിങ്ങിനും മെഡിസിനും ഒക്കെ തള്ളികെറ്റി വല്ല വിധേനയും വിദേശത്ത് അയച്ചോ അല്ലങ്കിൽ ഏതെങ്കിലും ബാഹുരാഷ്ട്ര കമ്പിനികളിലോ കഴുത്തറപ്പൻ വൻകിട ആശുപത്രികളിലോ കേറ്റി വിറ്റ് പത്തു പുത്തൻ ഉണ്ടാക്കാൻ പുതിയ തലമുറയെ ഉപദേശിക്കുന്നവർ വലിയ വായിൽ 'ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ' എന്ന് നീട്ടിപ്പാടും. കാർഷിക ഉത്സാഹ കമ്മറ്റിയുടെ ആശാൻ മാരെല്ലാം പ്രസംഗം കൂടുതലും പ്രവര്ത്തി കുറഞ്ഞവരുമാണ്. അവർ ജൈവ കൃഷിയെകുറിച്ച് ഒരു മൂട് കറി വേപ്പില പോലും നടാതെ നാട്ടുകാർക്ക് കളാസ്സെടുത്തു കൊടുക്കും. ഉള്ള കണ്ടം നികത്തി വിറ്റു കാശും മേടിച്ചിട്ടു ഈ ആശാൻമാർ നെൽകൃഷിയെ കുറിച്ചും വയലുകലെ കുറിച്ചും ഗ്രഹാതുരയോട് കവിത എഴുതുകയോ സെക്രട്ടിയേറ്റു പടിക്കൽ കുത്തിയിരിപ്പ് സമരം ഉത്ഘാടനം നടത്തുകയോ ചെയ്യും. മറ്റു ചില പുതിയ കൃഷിക്കാർ ഒറ്റമുട് വെണ്ടയോ വാഴുതനമോ മണ്ണിൽ നടാതെ ഫെയ്‌സ് ബുക്കിൽ കൃഷിയിറക്കും. അവർ ദിവസേന ഫെയ്‌സ് ബുക്കിൽ നല്ല ഒന്നാന്തരം ജൈവ പടവലവും പാവാക്കയും ഒക്കെ വിളവെടുത്തു സെൽഫി ഒക്കയിട്ടു മാതൃകാപരമായി പുതിയ കാർഷിക വിപ്ലവത്തിന് തിരി കൊളുത്താനുള്ള വെമ്പലിലാണ്. പിന്നെ ബജറ്റ് പ്രസംഗത്തിൽ മാണി സാറും അതിനു മുമ്പുള്ള വിദ്വാന്മാരും കൃഷിയെ കുറിച്ച് പറയുന്ന കഥാ പ്രസംഗം കേട്ട് ടീവിയുടെ മുന്നിൽ ഇരുന്നു കോട്ട് വായിട്ടു നമ്മൾ ഓരോത്തരും രോമാഞ്ച പുളകിതരാകും. എല്ലാ വർഷവും കർഷകർക്ക് പാലും തേനും വാഗ്ദാനം ചെയ്യും. പക്ഷെഓരോ വർഷം കഴിഞ്ഞും കൃഷിയുടെ ദാരുണമായ ശോഷണം കേൾക്കുവാൻ നമുക്ക് ജീവിതം ഇനിയും ബാക്കി. വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ!! ആയതിനാൽ കൃഷിയെ കുറിച്ച് ഈ തിരഞ്ഞെടുപ്പ് ഉത്സവത്തിലും നമുക്ക് കൂടുതൽ പുളൂ അടിച്ചു പുളകിതരാകാം.
ചിലർക്കൊരു സംശയം ഞാനും കൃഷിയും തമ്മിൽ എന്ത് ബന്ധം. അത് പൂക്കിൾ കോടി ബന്ധമാണ്. പരമ്പരാഗത കാർഷിക കുടുമ്പത്തിലാണ് ഞാൻ ജനിച്ചു വളർന്നത്.എന്റെ വല്യ അപ്പന്റെ പത്തു മക്കളും വളർന്നത് കൃഷി ചെയ്ത് ഉണ്ടുറങ്ങി ആദായമെടുത്തു പഠിച്ചാണ്. എന്റെ അപ്പനും സർക്കാർ ജോലിയൊക്കെ കഴിഞ്ഞു വീട്ടിലെ ശാപ്പാടിനായി കുറെ കൃഷി ചെയ്‌തു. ഞാനും കുറെ പാവലും പായറുമൊക്കെ നട്ടു നനച്ചു വളർത്തി. തേങ്ങൽ കയറി കരിക്കിട്ടു കുടിക്കാൻ പഠിച്ചു. പറങ്ങിയാണ്ടി പറിച്ചു വിറ്റു അടൂർ വിജയാ ടോക്കീസിന്റെ വെള്ളിത്തിരയിൽ സിനിമ കാണാൻ പഠിച്ചു. വാഴ വെച്ച് കുല വെട്ടി പഴം തിന്നു. നെല്ല് കുത്തി അരിയും തവിടു മായി എന്റെ മയിൽ വാഹനമായ ഹീറോ സൈക്കിളിൽ വീട്ടിലെത്തി. കാര്യം എനിക്ക് കൃഷി ഇഷ്ട്ടമാണ് . പക്ഷെ ഞാനൊരു പൂർണ സമയ കൃഷിക്കാരാനായിരുന്നെകിൽ ജീവിതം കുത്തും പാള എടുത്തനേം. ഇപ്പോഴും എന്റെ ഗ്രാമത്തിലും മറ്റു താഴെയിടങ്ങളും ഞാൻ സജീവമാണ്. ഞാൻ കൃഷി ചെയ്യാൻ തുടങ്ങിയത് ഗ്രഹാതുര്വതം കൊണ്ടാണ്. നഗരങ്ങളിൽ വളർന്ന എന്റെ കുട്ടികൾക്ക് കൃഷി സംസ്കാരം തന്നെ അന്യമാണ്. ഇതെന്റെ കഥ മാത്രമല്ല. കേരളത്തിലെ നല്ല ഒരു വിഭാഗം വീടുകളുടെയും കഥ ആണു്. എന്റെ വല്യ അപ്പന്റെ കൊച്ചു മക്കൾആരും കൃഷിക്കാരായില്ല. ഞാൻ കണ്ടറിഞ്ഞ കാര്യങ്ങളാണ് ഇവിടെ എഴുതിയത്. കഴിഞ്ഞ ഇരുപതു കൊല്ലത്തിനുള്ളിൽ കൃഷി ശോഷിച്ചതിനു പല സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക കാരണങ്ങളുണ്ട്.
ഞാൻ കൃഷി ചെയ്‌യുന്ന ആളാണ്. അഞ്ചു പൈസ ലാഭമില്ലെങ്കിലും മണ്ണിനോടും മനുഷ്യനോടും സ്നേഹമുള്ളത് കൊണ്ടാണ് ഞാൻ കൃഷിയെ എന്റെ മണ്ണിലും എന്റെ നാട്ടിലും നട്ട് വളർത്തുന്നത്. ഞങ്ങളുടെ കൃഷിയുടെ ചിത്രം ആണ് എന്റെ ഫെയ്സ് ബുക്ക് കവർ പേജ്.
No comments:
Post a Comment