Monday, February 24, 2020

വിയോജിപ്പോലുള്ളവരോടുള്ള രാഷ്ട്രീയ അസഹിഷ്ണുത

കേരളത്തിൽ വിയോജിപ്പോലുള്ളവരോടുള്ള രാഷ്ട്രീയ അസഹിഷ്ണുത വളരെകൂടിയെന്നു തോന്നുന്നു. രാഷ്ട്രീയമായി തികച്ചും വിരുദ്ധമുള്ള മനുഷ്യരോട് നിങ്ങൾ എങ്ങനെ ഇടപെടുന്നു സംവദിക്കുന്നു എന്നത് ജനായത്ത സമൂഹിക സംസ്കാരത്തിൽ പ്രധാനമാണ്.
സംഘ പരിവാർ രാഷ്ട്രീയത്തോട് വളരെ എതിർപ്പ് രാഷ്ട്രീയമായി ഉണ്ടെങ്കിലും എന്റെ വ്യക്തിപരമായ സുഹൃത്തുക്കളിൽ ചിലർ സംഘ പരിവാറിനോട് അഭിമുഖ്യമുള്ളവരാണ്. അതിൽ ചിലർ ഇന്ന് ഉന്നത സ്ഥാനീയരാണ്. അവർക്ക് എന്റെ നിലപാടുകൾ അറിയാം. പക്ഷെ വ്യക്തി ബന്ധങ്ങളിൽ അതു തടസ്സമാകാറില്ല. അവരോട് നിശിതമായി നിലപാടുകളും പറയും.
രാഷ്ട്രീയ വിരുദ്ധ അഭിപ്രായമുള്ളവരേ വ്യക്തിപരാമായി ഒരിക്കലും ശത്രുതയോടെ കാണാറില്ല. പക്ഷെ നിലപാടുകൾ നിലപാടുകളാണ്. എന്ന് വിചാരിച്ചു വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് അല്ലെങ്കിൽ വിരുദ്ധ രാഷ്ട്രീയ നിലപാടുള്ളവരോട് വ്യക്തിപരമായി ഒരിക്കലും വെറുപ്പ് തോന്നിയിട്ടില്ല.
ഇത്രയും എഴുതിയത് പി. പരമേശ്വരൻ എന്ന RSS ത്വാതിക ആചാര്യനെ ട്രയിനിൽ വച്ചു കണ്ട വ്യക്തിപരമായ അനുഭവം ഡോ ഇക്‌ബാൽ, പങ്ക് വച്ചതിനു അദ്ദേഹത്തിന്റെ പോസ്റ്റിനോടുള്ള തികച്ചും അസഹിഷ്ണുത പ്രതീകരണവും തികച്ചും വെറുപ്പിന്റെ രാഷ്ട്രീയവും കണ്ടിട്ടാണ്. പി പരമേശ്വരന്റ രാഷ്ട്രീയ നിലപാടിന് എതിരാണ്. എന്ന് വിചാരിച്ചു ഡോ ഇഖ്ബാൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവം പങ്ക് വച്ചതിനു ഇത്രയും വെറുപ്പും അസഹിഷ്ണുതയും വേണോ?
വിയോജിപ്പ് ഉള്ള മനുഷ്യരോട് വിയോജിപ്പ് നിലനിർത്തിക്കൊണ്ട് മനുഷ്യരെ പരസ്പരം ബഹുമാനിക്കാനും സംവദിക്കാനും സാധിക്കും. അല്ലാതെ വിയോജിപ്പോലുള്ളവരേ വെറുക്കണം എന്നതല്ല ഞാൻ പഠിച്ച ജനായത്ത സാമൂഹിക സംസ്കാരം.
ജെ എസ് അടൂർ

മനുഷ്യരെ അറിയുവാൻ മനുഷ്യർ അറിവാൻ


ഒരു മനുഷ്യനും ജനിക്കുന്നത് പേരുമായോ, ജാതിയൂമായോ, മതവുമായോ, ഭാഷയുമായോ ഒന്നും അല്ല. ആരും കമ്മ്യൂണിസ്റ്റായും കോൺഗ്രെസായും ആർ എസ് എസ് ആയും ജിഹാദി ആയും ജനിക്കുന്നില്ല.
നമ്മൾ ഭാഷയും പേരും മതവും ജാതിയും ലിംഗ ബോധവും സത്വ ബോധവും ആഗീകരിക്കുന്നത് ചുറ്റുപാടുള്ളത് കണ്ടും കെട്ടും അറിഞ്ഞും തിരിച്ചറിഞ്ഞുമൊക്കെയാണ്. അങ്ങനെയുള്ള സാമൂഹികവൽക്കരണത്തിലൂടെയാണ് പല തരം വിശ്വാസങ്ങളും മുൻവിധികളുമൊക്കെയുണ്ടാകുന്നത്.
ഇതൊക്കെയാണെങ്കിലും ഓരോ മനുഷ്യരും തികച്ചും വ്യത്യസ്‍തരാണ്. ഒരേ വീട്ടിൽ തന്നെയുള്ള രണ്ടാളുകൾ അനുഭവങ്ങളും ആശയങ്ങളും ആഗീകരിച്ചു ഉൾക്കൊണ്ട്‌ കാഴ്ചപ്പാടുകൾ രൂപപെടുത്തുന്നത് ഒരുപോലെ ആകണമെന്നില്ല. ഒരേ കാര്യം പലരും പല രീതിയിലാണ് വായിക്കുന്നതും മനസ്സിലാക്കുന്നതും, പ്രതികരിക്കുന്നതും. ഒരേ രാഷ്ട്രീയ ധാരയിൽ വിശ്വസിക്കുന്നവർ പോലും വ്യത്യസ്ത തലങ്ങളിൽ അവരുടെ പ്രത്യേക സാമൂഹിക സാംസ്‌കാരിക സാഹചര്യത്തിലായിരിക്കും മനസിലാക്കുക.
മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അതു കൊണ്ടു തന്നെ മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല. മനുഷ്യന് സാമൂഹിക രാഷ്ട്രീയ സാധുതകൾ ജീവിത ബോധത്തിന് ആവശ്യമാണ്. അതു കൊണ്ടാണ് കുടുംബം, മതം രാഷ്ട്രീയ സംഘ സത്വം മുതലായവയുണ്ടാകുന്നത്. അതു വീട്ടിലും നാട്ടിലും കൂട്ടുകാരുമൊക്കെ രൂപപെടുത്തുന്ന സമൂഹിക ബന്ധങ്ങളാണ്. അതു കൊണ്ടു തന്നെ ഒരാൾ ഒരു രാഷ്ട്രീയ ധാരയിലേക്ക് പ്രവേശിക്കുന്നത് പോലും വീട്ടിലും നാട്ടിലും കൂട്ടുകാരാലുമോക്കയൂള്ള സംസര്ഗങ്ങളിൽ നിന്നാണ്. അല്ലാതെ വിജ്ഞാന ചിന്താധാരകൾ വിശദമായി പഠിച്ചു രാഷ്ട്രീയ ആശയങ്ങളോ പാർട്ടികളോ തിരെഞ്ഞെടുക്കുന്നവർ വളരെ ചെറിയ ഒരു വിഭാഗമേയുള്ളൂ.
ഒരു മനുഷ്യനെ ആദ്യമായും അന്ത്യമായും മനുഷ്യനായിട്ടാണ് കാണുന്നത്. ഓരോ മനുഷ്യനും unique ആണെന്നാണ് കരുതുന്നത്. എല്ലാം മനുഷ്യരും അവർ വളർന്ന ചുറ്റുപാടിന്റെയും ഭാഷയുടെയും സാമൂഹ്യവൽക്കരണത്തിന്റെയും പ്രതിഫലനങ്ങളാണ്.
Fact of the matter is no ideology is monolithic. Even those who seem to share the same ideology may have very different perspective, approaches and attitude. Those who have critical reflection about themselves or society will not be absolutely certain about their own ideology or validity. Many times people embrace an ideology of a party or religion for their own internal sense of belonging and security.
അതു കൊണ്ട് ഒരു മനുഷ്യനെയും ബ്ലാക് ആൻഡ് വൈറ്റ് ആയി കാണുകയില്ല.
കമ്മ്യുണിസ്റ്റ്കാരെന്ന് കരുതുന്ന എല്ലാവരും ഉന്മൂലന സിദ്ധാന്തത്തിൽ വിശ്വസിക്കണമെന്നില്ല, നിരീശ്വര വാദികളാകണമെന്നില്ല. എല്ലാ ഗാന്ധിയന്മാരും ഗാന്ധി മാർഗം ജീവിതത്തിൽ പിന്തുടരുന്നവർ ആയിരിക്കണം എന്നില്ല. അതു പോലെ എല്ലാ മുസ്ലീം മത വിശ്വാസികളും ജിഹാദി ആക്രമണങ്ങളെ പിന്താങ്ങുന്നവർ അല്ല. ക്രിസ്ത്യാനികൾ എല്ലാം ക്രൂസേഡ് നടത്തുന്നവരോ ഇൻക്വിസിഷനെ പിന്താങ്ങുന്നവരോ അല്ല.
മനുഷ്യനെ അവർ പലകാരണങ്ങൾ കൊണ്ടും അറിഞ്ഞും അറിയാതെയും ചുറ്റുപാടുകൾ കൊണ്ട് ആഗീകരിച്ച ചില ആശയങ്ങളോ രാഷ്ട്രീയ സാമൂഹിക ആഭിമുഖ്യങ്ങൾ കൊണ്ടോ ഒരാളെ അയാളുടെ സാകല്യത്തിൽ മനസ്സിലാക്കുവാൻ സാധിക്കില്ല . അതു പോലെ മനുഷ്യർ അവരുടെ നിലപാടുകളും കാഴ്ചപ്പാടുകളും സമീപനങ്ങളും പലപ്പോഴും മാറ്റാറുണ്ട്. പലപ്പോഴും നമ്മൾ പലരെയും നമ്മൾ കെട്ടും ആർജിച്ചും മനസ്സിൽ കയറിയ മുൻ വിധി ഫിൽറ്ററുകൾ കൊണ്ടാണ് പലരെയും കാണുന്നത്. ആ മുൻവിധികളാണ് പലതരം വാർപ്പ് മാതൃകകളായി (stereotypes )നമ്മൾ മനസ്സിലാക്കുന്നത്. അങ്ങനെയുള്ള മുൻവിധികൾ ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ ഭാഷയുടെയോ രാഷ്ട്രീയ അഭിമുഖ്യങ്ങളുടെ പേരിലോ ആയിരിക്കാം..സമൂഹത്തിൽ വളരെ വലിയ ഒരു ജനവിഭാഗം അതാതു കാലത്തെ അധികാര മേധാവിത്വത്തോടും വിധേയപെട്ട കൺഫെമിസ്റ്റ് മനസ്ഥിതിയുള്ളവരായിക്കും. അതു പലരുമെടുക്കുന്നത് സമൂഹ മേധാവിത്തവുമായി സമരസപെട്ടു പ്രശ്നങ്ങളിൽപെടാതെ അതിജീവനം നടത്താനുള്ള മാനസിക ത്വരയിൽ (survival instinct )നിന്നാണ്.
പലപ്പോഴും സമൂഹത്തിൽ വ്യവസ്ഥാപിത മുൻവിധികൾ ഒരു ജാതിയെകുറിച്ചോ മതത്തെകുറിച്ചോ വംശത്തെകുറിച്ചോ മനസ്സിൽ രൂഢമൂലമാകുമ്പോഴാണ് വിവേചന മനസ്ഥിതിയും അതിൽ നിന്ന് പരസ്പരം വിശ്വാസമില്ലായ്‌മയും പരസ്പരം വിദ്വഷവും അസഹിഷ്ണുതതയും വെറുപ്പിന്റെ രാഷ്ട്രീയവും മനസ്സാ വാച കർമ്മണ അക്രമത്വരയും ഉണ്ടാകുന്നത്. അതിൽ നിന്നാണ് വാക്കുകൾകൊണ്ടോ ആയുധങ്ങൾ കൊണ്ടോ ആക്രമിച്ചു കൊല്ലും കൊലയും കൂട്ടക്കൊലകളും സമൂഹത്തിലും രാജ്യങ്ങളിലും ചരിത്രത്തിലുമുണ്ടാകുന്നത്.
അത് കൊണ്ടു മനുഷ്യനെയോ ഒരു സമൂഹത്തെയോ മനസ്സിലാക്കുന്നത് ഓരോ മോണോക്രോം ലെന്സിലൂടെയായാൽ അവരെ സാകല്യത്തിൽ അറിയാനൊക്കില്ല.
ഇതു പലപ്പോഴും നമ്മൾ മനസ്സിലാക്കുന്നത് സ്വന്തം അനുഭവങ്ങളെ തന്നെ മനസ്സിലാക്കി ചിന്തിച്ചു അറിവും തിരിച്ചറിവുമുണ്ടാക്കുമ്പോഴാണ്.
പൂനയിൽ ഞങ്ങളുടെ കാർ ഓടിക്കുവാൻ വന്നയാൾ ഒരു തനി ശിവ സേനക്കാരൻ ആയിരുന്നു. ആദ്യം ഒരു മടി തോന്നി. പക്ഷേ ആ ഒരു കാര്യം വെച്ചു മാത്രം അയാളെ അളന്നു മാറ്റി നിർത്തുന്നത് ശരിയല്ല എന്നു തോന്നി. സത്യത്തിൽ ഇത്രയും സ്നേഹവും നന്മയും ഉള്ള ഒരു മനുഷ്യനാണ് എന്ന് മനസ്സിലായി. ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായ അയാൾ പിന്നെ പറഞ്ഞത് ഞങ്ങൾ (പ്രതേകിച്ചു ബീന,)അയാളുടെ കാഴ്ചപ്പാട് തന്നെ മാറ്റിയെന്നാണ്. അയാൾക്ക് ഞങ്ങളോടും മക്കളോടും ഇന്നും സ്നേഹമാണ്. ഒരു ശിവ സേനക്കാരൻ മാത്രമായിട്ട് മാത്രം അയാളെ കണ്ടിരുന്നെങ്കിൽ ആ മനുഷ്യനെ exclude ചെയ്തേനെ.
കേരളത്തിൽ പലപ്പോഴും എന്റെ കൂടെ വണ്ടിയോടിക്കാൻ വരുന്ന ഒരാളുണ്ട്. കൈയ്യിൽ രാഖി ചരടുണ്ട്. കേരളത്തിന് വെളിയിൽ പൂനയിലും മറ്റു പലയിടത്തും ആളുകൾ രാഖിക്കെട്ടുന്നത സാഹോദര്യത്തിന്റെ അടയാളമാണ്. എന്നാൽ കേരളത്തിൽ രാഖിയും കാവി മുണ്ടും ആർ എസ് എസ്സിന്റെ അടയാളപ്പെടുത്തലാണ്. ഏതാണ്ട് മുപ്പതു കൊല്ലമായി ഞാൻ ഉപയോഗിക്കുന്നത് കവി മുണ്ടായത് സംഘി ആയതു കൊണ്ടല്ല. എന്നാലും പലപ്പോഴും എന്റെ കൂടെ വണ്ടി ഓടിച്ചു യാത്ര ചെയ്യുന്ന സുഹൃത്തിനോട് എങ്ങനെയാണ് ആർ എസ് എസ് ആയത് എന്നു ചോദിച്ചു. അയാൾ കഴിഞ്ഞ കുറെ കൊല്ലമുമ്പ് ഒരു ഇടതു പാർട്ടിയിൽ നിന്ന് വന്നതാണ്. കാരണം ഏതോ പ്രശ്നത്തിൽ അയാൾ ഉൾപ്പെട്ട പാർട്ടി സഹായിച്ചില്ല. സഹായിച്ചയാൾ സംഘ പരിവാർകാരൻ. രണ്ടും പ്രത്യകിച്ചു ചിന്തിച്ച തീരുമാനമല്ല. പണ്ട് കൂട്ടുകാർ അപ്പുറത്തായിരുന്നു. അവർ മാറിയപ്പോൾ സുഹൃത് ലോയൽറ്റിയിൽ അയാളും മാറി. സത്യത്തിൽ ഈ പറഞ്ഞ ആളിൽ വലിയ വർഗീയ വിഷമൊന്നും ഇത് വരെ രെ അനുഭവപെട്ടില്ല. എന്നോട് നല്ല സ്നേഹമായാണ് ഇടപെടുന്നത്.
എന്ന് വിചാരിച്ചു എല്ലാവരും അയാളെപ്പോലെയാകണമെന്നില്ല.
വിവിധ പാർട്ടികളിൽ പെട്ടവർ എന്റെ ആത്മാർത്ഥ സുഹൃത്തുക്കളാണ്. എന്റെ സ്വന്തം സഹോദരന്മാരെക്കാളിൽ എനിക്ക് ഏറ്റവും അടുത്ത സുഹൃത്തുക്കൾ വ്യത്യസ്ത ജാതിയും മതവും രാഷ്ട്രീയ കാഴ്ചപ്പുള്ളവരാണ്. എനിക്ക് ഏറ്റവും വിശ്വാസമുള്ളവർ പലരും സി പി എം പാർട്ടിയൂടെ നേതാക്കളും സജീവ അംഗങ്ങളുമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ചങ്ക് ബ്രോസ്. അതു പോലെ ചിലർ കോൺഗ്രെസ്സുകാർ. ചിലർ മുസ്ലിം ലീഗുകാർ. പണ്ട് പൂനയിൽ സ്ഥിരം വാദ പ്രതിവാദം നടത്തിയ ഒരു സുഹൃത്ത്‌ ഇപ്പോൾ കേന്ദ്ര കാബിനറ്റ് മന്ത്രി. എന്നാൽ അവരോടെല്ലാം സംവേദിക്കുന്നതിലോ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിലോ വ്യക്തി ബന്ധങ്ങൾ തടസ്സമായിട്ടിട്ടില്ല.
അതു പോലെ എന്റെ രാഷ്ട്രീയ നിലപാടുകൾ ഞങ്ങളുട വ്യക്തി ബന്ധങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാക്കിയിട്ടില്ല.
ഈ കാര്യങ്ങളിൽ ഗാന്ധിജിയും മാർട്ടിൻ ലൂഥർ കിങ്ങും നെൽസൺ മണ്ഡേലയുമാണ് വഴികാട്ടികൾ.
മനുഷ്യരെ മനുഷ്യനായാണ് ആദ്യമായും അന്ത്യമായും കാണുന്നത്.
വെറുപ്പിന്റെയും വിദ്വഷത്തിന്റെയും രാഷ്ട്രീയത്തെപ്പോലും അതെ വെറുപ്പും വിദ്വഷങ്ങളുംമായി നേരിട്ടാൽ അവരിൽ നിന്ന് വ്യത്യസ്തരല്ല നമ്മളും. ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് പ്രതിരോധിക്കണ്ടത്.
മാറ്റം മനസ്സിൽ വന്നാലേ മനുഷ്യൻ മാറുകയുള്ളൂ. ആദ്യം മനുഷ്യരേ അറിഞ്ഞു മനുഷ്യനാകുക.
ഈ കാര്യങ്ങളിൽ ഗാന്ധിജിയും നാരായണഗുരുവും മാർട്ടിൻ ലൂഥർ കിങ്ങും നെൽസൺ മണ്ഡേലയുമാണ് വഴികാട്ടികൾ.
മനുഷ്യൻ ജനിക്കുന്നതും മരിക്കുന്നതും ഒറ്റക്കാണ്. ജനിക്കുമ്പോൾ മനുഷ്യനു പേരിൽ. മരിക്കുമ്പോൾ ആരാണെങ്കിലും ഒരു ഡെഡ് ബോഡി മാത്രമാണ്.
"മനുഷ്യൻ ഉറച്ചു നിന്നാലും വെറുമൊരു ശ്വാസമത്രെ. മനുഷ്യന്റെ ആയുസ്സ് പുല്ല് പോലെയാകുന്ന. വയലിലെ പൂ പോലെ അതു പൂക്കുന്നു. കാറ്റ് അതിൻമേൽ അടിക്കുമ്പോൾ അതില്ലാതെയാകുന്നു. "
"അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം”
മനുഷ്യർ അറിയാൻ. മനുഷ്യരെ അറിയാൻ.
ജെ എസ് അടൂർ

ജീവിതത്തിലെ ബാലൻസ് ഷീറ്റ്


ഏതെങ്കിലും ഒക്കെ രംഗത്ത് കുറെയൊക്കെ സക്സസ്ഫുൾ ആയവർക്ക് പലപ്പോഴും സാമാന്യത്തിലധികം സെല്ഫ് കോൺഫിഡൻസും ആത്മ ധൈര്യവുമൊക്കെ തോന്നും .
അറിയാതെ തന്നെ മനസ്സിൽ ഞാൻ ഒരു പുലിയാണ് വല്യ പുള്ളിയാണന്നൊക്കെ തോന്നും .
പക്ഷെ അമ്പത് വയസ്സ് പിന്നിട്ടപ്പോൾ എനിക്ക് മനസ്സിലായി തുടങ്ങി ഇതൊക്കെ വെറും മിഥ്യാ ധാരണകളാണ് .
ഇരുപതുകളിൽ ലോകെത്തെന്തും സാധിക്കും എന്ന ആത്മ വിശ്വാസത്തിന്റെ ആൾരൂപമായിരുന്നു എന്ന് എന്നെ ആ നാളുകളിൽ അറിയാവുന്നവർക്കറിയാം . ഒരു പക്ഷെ അന്ന് മനസ്സിൽ കണ്ട പലതും അതിലധികവും കാര്യങ്ങൾ ചെയ്തു .തിരെഞ്ഞെടുത്ത രംഗത്ത് ലോക നിലവാരത്തിൽ നേതൃത്വ സ്ഥാനത്തെത്തി. പണം വിചാരിച്ചതിനേക്കാൾ പതിന്മടങ് കൈയ്യിൽ വന്നു .
പക്ഷെ ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എന്റെ വലിയ മിടുക്കോ വൈഭവമോ കൊണ്ടെന്തെങ്കിലുമാണ് ഇതൊക്ക സംഭവിച്ചത് എന്നിതിൽ വളരെ സംശയമുണ്ട് .അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വഴിയിൽ കണ്ടു മുട്ടിയ ഗുരുക്കന്മാരുടെ സ്നേഹ കൈത്താങ്ങലുകൾ .
പിന്നെ എത്രയോ പേർ കൂടെ നിന്ന് സഹായിച്ചു. അതിൽ പ്രധാനി എന്റെ ജീവിതത്തിലെ കൂട്ടുകാരി ബിനയാണ് .വളരെ അക്കാദമിക മികവുള്ള എല്ലാത്തിനും റാങ്കു വാങ്ങി ഇരുപത്തി ആറു വയസ്സിനുള്ളിൽ പ്രഗല്ഭമായ പി എച് ഡി ചെയ്ത് ഇന്ഗ്ലണ്ടിലെ ബ്രാഡ്ഫോർഡ് സർവകലാശാല ജോലി വാഗ്ദാനം വേണ്ടെന്ന് വച്ച് കൂടെ കൂടിയ ആൾ . വളരെ ടാലന്റഡ് ആയ എന്റെ ഏറ്റവും നല്ല വിമർശക കൂട്ടാളി . എന്നെ സ്നേഹത്തോടെ എന്റെ വഴിക്കു വിട്ട അച്ഛൻ , അമ്മ , ജീവിത പങ്കാളി .
അങ്ങനെ എത്രയോ പേരുടെ കരുണയിലും കരുതലിലുമാണീ യാത്ര. കൂടുതൽ കൂടുതൽ അറിഞ്ഞപ്പോൾ എത്ര മാത്രം അറിയില്ല എന്ന് ബോധ്യമായി . I too am a creature of circumstances .
ഈ സെല്ഫ് മേഡ് മാൻ എന്നൊക്കപറയുന്നതും വെറും മിഥ്യാ ധാരണയാണ് .ഒരു മനുഷ്യൻ പോലും സെല്ഫ് മെയ്ഡ് അല്ല .ആരുടെയൊക്കെ സ്നേഹവും സഹായവും കൊണ്ടാണ് ഇത് വരെ യാത്ര ചെയ്തത്.
ഇപ്പോൾ ഒരു ഡിറ്റാച്ചുമെന്റോടെ ജീവിതത്തെ കാണുന്ന ആളാണ് . പദവികളിലോ പണത്തിലോ വലിയ താല്പര്യങ്ങൾ ഇല്ല . ജീവിതത്തെ കുറിച്ചും മിഥ്യാ ധാരണകളെകുറിച്ചും മരണത്തെകുറിച്ചും ചിന്തിക്കാറുണ്ട് .
ജീവിതത്തിലെ ബാലൻസ് ഷീറ്റ് ബാങ്ക് ബാലൻസോ എഫ് ബി യിലോ ട്വറ്ററിലോ എത്ര ഫോളോവേഴ്സ് ഉണ്ടെന്നുള്ളത് അല്ല എന്നും തിരിച്ചറിയുന്നുണ്ട്.
ജീവിതത്തിലെ ബാലൻസ് ഷീറ്റ് എത്ര ജീവിതങ്ങളെ നിങ്ങൾ മനസ്സുകൊണ്ട് തൊട്ടു മനസ്സറിഞ്ഞു സഹായിച്ചു സങ്കടങ്ങളിൽ ആശ്വാസമായി എന്നൊതൊക്കെയാണ് .
ഒരു പരിധി കഴിഞ്ഞാൽ നമ്മുടെ ഡിഗ്രികൾക്കോ നമ്മുടെ ജോലി മാഹാത്മ്യത്തിനോ വലിയ കാറിനോ വീടിനോ ഒന്നും വലിയ വിലയൊന്നുമില്ല . ഒക്കെ സമൂഹ നിർമ്മിതികളും നമ്മൾ പഠിച്ചു വച്ച തോന്നലുകളുമാണ് .
പണക്കാരനും പാവപ്പെട്ടവനും ശരീരത്തിന് വേണ്ട ആഹാരവും , രതിയും , വിരേചനവും ഉറക്കവും ഒക്കെ ഒരുപോലെയാണ്. ബാക്കിയുള്ളത് എല്ലാം ഓരോ ധാരണകൾ മാത്രമാണ് .
എനിക്കുള്ളിൽ വല്ലപ്പോഴും അഹങ്കാരം വരാറുള്ളപ്പോൾ സോളമെന്റ് സഭാ പ്രസംഗി എന്ന പുസ്തകം വായിക്കും .അത് കഴിഞ്ഞ 103 സങ്കീർത്തനം . മനുഷ്യൻ ഉറച്ചു നിന്നാലും ഒരു ശ്വാസമത്രെ , വയലിലെ പൂ പോലെ അത് പൂക്കുന്നു .കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അതിന്റ സ്ഥലം പിന്നെ അതിനെ അറിയുകയില്ല എന്നത് വീണ്ടും തിരിച്ചറിയുമ്പോഴേക്കും അഹങ്കാരം ആവിയായിപ്പോകും .
അത് പോലെ ഏതെങ്കിലും ഫീൽഡിൽ സക്ക്സസ്ഫുൾ ആയവരെല്ലാം ഫുൾ ഓഫ് ദേംസെല്ഫ് ആണ് .നാർസിസം അറിയാതെ കൂടെ കൂടും .എനിക്കും അങ്ങനെ ടെംപ്റ്റേഷൻ ഉണ്ടാകുമ്പോൾ മനസ്സിലെ വേറൊരാൾ അതിന് ബ്രെക്ക് ഇടും . അച്ഛന്റെ ഓർമ്മ ഉള്ളിൽ വന്നു മന്ത്രിക്കും ' താഴെ വന്നേയുള്ളൂ സമ്മാനം " നമ്മളെകാട്ടിൽ എത്രയോ മിടുക്കർ പണ്ടും ഇന്നും നാളെയുമുണ്ടാകും.
ജീവിതം വലിയ പ്രപഞ്ചത്തിലെ ഒരു ചെറു തുള്ളിയൊഴുക്കാണ് . അത് നമ്മൾ എന്ന് തിരിച്ചറിയുന്നോ അന്ന് ഉള്ളിൽ പേറുന്ന ഭാരവും തീരാത്ത ആഗ്രഹങ്ങൾക്കും അപ്പുറം സന്തോഷത്തോടെ ഒരു അരുവിയിൽ നിന്ന് ഒഴുക്കുള്ള അഴുക്കില്ലാത്ത വെള്ളമായി സ്നേഹ സാന്ദ്രമായി ഒഴുകുവാൻ കഴിയും .അങ്ങനെയുള്ള ഒരു കൊച്ചാഗ്രഹമേ ഈ ഞായറാഴ്ച്ച മനസ്സിൽ വന്നുള്ളൂ . സ്നേഹം .
What matters is what you are and not what you have . The more you are possessive about something ,the more you will lose it.
ജെ എസ് അടൂർ

നീതിയാത്രക്കും സത്യാഗ്രഹ ഉപവാസ സമരത്തിന് ഐക്യ ദാർഢ്യം.

നീതിയാത്രക്കും സത്യാഗ്രഹ ഉപവാസ സമരത്തിന് ഐക്യ ദാർഢ്യം. ഏകത പരിഷത്ത് ജില്ല പ്രസിഡന്റ് പ്രിയ സുഹൃത്ത് പരശുരാമൻ 24 മണിക്കൂർ ഉപവാസത്തിലാണ്

സാഹിത്യം


ഇന്ന് റീഡേഴ്സ് സർക്കിൾ എന്ന ഗ്രൂപ്പിൽ കേരളത്തിലെ വളരെ പ്രകീർത്തിക്കപെട്ട ഒരെഴുത്തുകാരനെ വിമർശിക്കുന്ന ത്രെഡിൽ എഴുതിയത്
നോവൽ, കഥ എന്നത് ഒന്നും ആകാശത്തു നിന്ന് പൊട്ടി വീഴുന്നതല്ല. അവരവരുടെ ജീവിത അനുഭവ സാഹചര്യങ്ങൾ ഭാവന- ഭാഷയിലൂടെ മനസ്സിൽ പുനരാവിഷ്ക്കരിച്ചു എഴുതുന്നു. സാധാരണ അനുഭവങ്ങളെ അസാധാരണ വായന അനുഭവമാക്കുന്നത് ഭാഷയിൽ വാക്കുകൾ ഇണചേരുമ്പോഴുള്ള മാസ്മരികതയും സാഹിത്യ സൗന്ദര്യ സങ്കല്പങ്ങളുമാണ്. പിന്നെ ഓരോരുത്തരും വായിക്കുന്നതും അവരുടെ ഭാഷ സാമൂഹിക സത്വ സാഹചര്യങ്ങളിൽ നിന്നാണ്
In any book of fiction, you get what you look for and how do you read any work of literature. Every reading is to a large extent based on socially conditioned subjectivity of the reader. Hence a particular writing or reading can't be objectively acceded and assessed.
കൂടുതൽ പിന്നെ
ജെ എസ് അടൂർ

ലോക കേരള സഭയിൽ കൊടുത്ത ഊണിന്റെ പിറകെ പോയിട്ടെന്ത്‌ കാര്യം?

ലോക കേരള സഭയിൽ കൊടുത്ത ഊണിന്റെ പിറകെ പോയിട്ടെന്ത്‌ കാര്യം? ഊണിന്റ വിലപോലുള്ള കാര്യം ചിന്ന കാര്യമാണ്.
പ്രശ്നം ഇങ്ങനെ സർക്കാർ പി ആർ മാമാങ്കങ്ങൾ നടത്തിയത് കൊണ്ടു സാധാരണ പ്രവാസികൾക്ക് പ്രത്യേകിച്ച് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്നാണ്.
ഈ വർഷത്തെ ബജറ്റിൽ 12 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. അതു എങ്ങനെ ഉപയോഗിക്കുന്നു എന്നത് പോലെ പ്രധാനമാണ്, അതുകൊണ്ടു എന്ത് വ്യത്യാസമുണ്ടായി എന്നത്. ഊണല്ല പ്രശ്നം. ഇമ്പാക്റ്റ് ആണ്‌ പ്രശ്നം
നിയമ സഭയിൽ വന്നു രണ്ടു ദിവസം ടോക് - ഷോപ്പ് നടത്തിപ്പിരിഞ്ഞു വീണ്ടും അടുത്ത വർഷം കൂടി ചർച്ച ചെയ്യുന്നു. ഇതിൽ വന്ന എത്ര നിർദേശങ്ങൾ കേരള നിയമ സഭയിൽ ചർച്ച ചെയ്തു തീരുമാനമുണ്ടാക്കി?
ഇതൊക്കെയാണ് ചർച്ച ചെയ്യേണ്ടത്.
ലോക കേരള സഭ എന്ന ആശയത്തോട് എതിർപ്പില്ല. എന്നാൽ അത് എന്തിനു വേണ്ടി ആർക്കു വേണ്ടി എങ്ങനെ സംഘടിപ്പിച്ചു.? അതു ഏത് തരം മാറ്റങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുന്ന എന്നത് പ്രധാനമാണ്. What exactly are the outcome and impact?
പങ്കെടുത്തവരെല്ലാം നല്ല ഉദ്ദേശത്തിലാണ് പങ്ക് എടുത്തുത്തത്. ചോദ്യം അവരോടല്ല. അതു സംഘടിപ്പിക്കുന്നവരോടാണ്.
ജെ എസ് അടൂർ.

മാറ്റങ്ങൾ ഉണ്ടാകുന്നത് എങ്ങനെ?


എല്ലാ സമൂഹങ്ങളിലും ചരിത്രത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നത് പ്രധാനമായും രണ്ടു കാര്യങ്ങൾകൊണ്ടാണ്. ഭാവനപൂർണമായ ആശയങ്ങളും ഉൽപ്രേരണയിൽ പ്രചോദിതരായ ആളുകളുമാണ് എല്ലാ സമൂഹങ്ങളിലും മാറ്റങ്ങളുണ്ടാക്കുന്നത്. ബാക്കി ഏതൊക്ക ഉപാധികൾ ഉണ്ടെങ്കിലും ഈ രണ്ടു കാര്യങ്ങൾ ഇല്ലെങ്കിൽ ലോകത്ത് സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാകില്ല.
ആശയങ്ങളാണ് മനുഷ്യനെ ആമാശയത്തിന് അപ്പുറം ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ആശയങ്ങളാണ് മനുഷ്യൻ ഉപയോഗിച്ച ആദ്യത്തെ ആയുധവും. ആശയങ്ങൾ കൊണ്ടാണ് മനുഷ്യൻ സംഘടിക്കുന്നത്. സംഘബലം പലപ്പോഴും ആശയങ്ങളെ സ്ഥാപനവൽക്കരിക്കും. സ്ഥാപനവൽക്കരിക്കപ്പെട്ട ആശയങ്ങൾ അധികാര രൂപങ്ങളായി പിന്നീട് പരിണമിക്കും.
എല്ലാം അധികാര രൂപങ്ങളും പുതിയ ആശയങ്ങളെ പുറത്തു നിർത്തും. ആളുകളെകൊണ്ടും ആയുധബലം കൊണ്ടും പുതിയ ആശയങ്ങളെ ഉന്മൂലനം ചെയ്യുവാൻ ശ്രമിക്കും. അങ്ങനെ ആശയങ്ങൾ അധികാരപൂർണമായ ബലപ്രയോഗങ്ങളാകുമ്പോഴാണ് അവ ഡോഗ്മയാകുന്നത്. എല്ലാത്തരം ഡോഗ്മാകളും ചിന്തകൾക്കും ആശയങ്ങൾക്കുമുള്ള പരിധികൾ നിശ്ചയിച്ചു മനുഷ്യരെ വരുതിയിൽ നിർത്തിയാണ് ഭരിക്കുന്നന്നത്.
ഇടതുപക്ഷ ചിന്തകനും ഇറ്റലിയൻ കമ്മ്യുണിസ്റ്റ് നേതാവുമായിരുന്ന അന്റോണിയോ ഗ്രാംഷിയെ മുസ്സോളിനി ജയിലിൽ അടച്ചു. ഗ്രാംഷി എന്ന മനുഷ്യനെക്കാളിൽ അദേഹത്തിന്റെ സജീവമായ ആശയങ്ങളെയായിരുന്നു മുസ്സോളിനി ഭയപ്പെട്ടത്. അതിനു നിദാനമായ മസ്തിഷ്ക മനസ്സിനെയും. അതുകൊണ്ടാണ് മുസ്സോളിനി പറഞ്ഞത് ആ മനസ്സ് (mind )നിശ്ചലമാകണം.
ആശയംകൊണ്ടു അധികാരംപിടിച്ചു അധികാര അഹങ്കാരത്തിന്റെ ആൾരൂപമായ മുസ്സോളിനിയെ അവസാനം ജനങ്ങൾ കൊന്നു തലകീഴായി കെട്ടിതൂക്കിയിട്ടു. പക്ഷെ ഗ്രാംഷി ആശയങ്ങളിലൂടെ ഉയർത്തെഴുന്നേറ്റു.
ഒരു മനുഷ്യനെ ജയിലിൽ അടക്കാം. പക്ഷെ ഒരു മനസ്സിനെ ജയിലിൽ അടക്കാൻ സാധ്യമല്ല. ഗ്രാംഷി ജയിലിൽ കിടന്ന് മരിക്കുന്നതിന് മുമ്പ് എഴുതിയ നോട്ടുകളാണ് ജയിൽകുറിപ്പുകൾ അധവാ പ്രിസൺ നോട്സ് ബുക്ക്‌ എന്ന ഉന്നതമായ ചിന്താപൂർണമായ ആശയങ്ങളായി ഇന്നും നിലനില്കുന്നത്. ഗ്രാംഷി മരിച്ചു. അദ്ദേഹത്തിന്റെ ചിന്താ നിർഭരങ്ങളായ ആശയങ്ങൾ പുതിയ ചിന്താവിഷയങ്ങൾ ജീവിക്കുന്നു. നെഹ്‌റു ജയിലിൽ വച്ചു എഴുതിയ മൂന്നു പുസ്തകങ്ങൾ ഇന്നും ആശയ ഗോപുരങ്ങളായി പ്രകാശം പരത്തുന്നു.
സ്റ്റാലിൻ ട്രോട്സ്കിയെ കൊല്ലുവാൻ തുനിഞ്ഞത് ട്രോസ്കിയുടെ ആശയങ്ങൾക്ക് വിരാമമിടാൻ കൂടിയാണ്.
ഗാന്ധിയുടെ സ്വരാജ്, സത്യാഗ്രഹ്, അഹിംസ, സർവ്വ ധർമ്മ സമഭാവന എന്ന ആശയങ്ങളെയാണ് ഗോഡ്‌സെയുടെ ബ്രാഹ്മണ മേൽക്കോയ്‌മ ആശയധാര ഭയപ്പെട്ടത്. അതുകൊണ്ടാണ് ഹിംസ കൊണ്ടു അഹിംസയെ വെടിവച്ചു കൊന്നത്.
ആശയങ്ങൾ എങ്ങനെ അധികാര പ്രയോഗങ്ങളായി സാമൂഹ്യ സമവായധാരണകളും(consent ) അതെ സമയംബലപ്രയോഗങ്ങളുമായാണ്(coercion ) എല്ലാം അധികാരം മേല്കോയ്മകളും മനുഷ്യരെ അടക്കി ഒതുക്കി ചിന്തകൾക്കു വിരാമം ഇടുവാൻ ശ്രമിക്കുന്നത് എന്ന് കാട്ടിതന്നതും ഗ്രാംഷിയാണ്. ആ അവസ്ഥയെയാണ് അദ്ദേഹം ഹിജെമണി അധവാ ആശയ അധികാര മേൽക്കോയ്‌മ എന്ന് വിശേഷിപ്പിച്ചത്.
മനുഷ്യ വിമോചനത്തിന്റ മനുഷ്യ സമത്വ ആദർശ ആശയരൂപമായിരുന്ന് കമ്മ്യുണിസം എന്ന ആശയം പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരുപാടു മനുഷ്യരെ പ്രചോദിപ്പിച്ചതാണ്.അങ്ങനെയാണ് കാൾ മാർക്സും എങ്കൽസും കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയതും. പിന്നീട് അവർ ആ ആദർശ ധാരക്ക് ആശയസംഹിതകൾ തീർത്തു. അവർ ഇരുപതാം നൂറ്റണ്ടിലെ അധികാര ബിംബങ്ങളായത്. കാരണം ഇരുപതാം നൂറ്റാണ്ടിൽ അതു കോടികണക്കിന് മനുഷ്യരെ പ്രചോദിപ്പിച്ച വിപ്ലവ ആശയങ്ങളായി പുനർജനിച്ചു.
വിപ്ലവങ്ങൾ നിലവിലുള്ള അധികാര അടിച്ചമർത്തലുകൾക്ക് നേരെയുള്ള പ്രതിഷധ ഇരമ്പലുകളായി കാറ്റായി കൊടുകാറ്റായി അടിച്ചു നിലംപരിശാക്കി. പക്ഷെ ആദർശ ആശയങ്ങൾ ആയുധബലമുള്ള അധികാര സ്വത ഭീതികളായി പരിണമിച്ചപ്പോൾ സ്വാതന്ത്ര്യത്തെ ജയിലിൽ അടച്ചു ഭീതികൊണ്ടു ഭീതിപ്പെടുത്തി ഭരിച്ചു. വിപ്ലവം അതിന്റ മക്കളെ കൊന്നുതിന്നപ്പോൾ കമ്മ്യുണിസം എന്ന മഹത്തായ ആദർശ ആശയം അധികാര അഹങ്കാരങ്ങളുടെ ബൂട്ടിന് അടിയിൽ ഞെരിഞ്ഞു അമർന്നു.
കമ്മ്യുണിസം എന്നെ വാക്ക് തന്നെ ഉത്ഭവിച്ചത് 'കമ്മ്യൂൺ ' എന്ന മനോഹരമായ ആശയത്തിൽ നിന്നാണ്.
എന്താണ് കമ്മ്യൂൺ?
മനുഷ്യൻ സാമൂഹിക ജീവിയാണ് പ്രകൃതിയെയും പ്രകൃതി ക്ഷോഭങ്ങളെയും സാമൂഹിക വിന്യാസം കൊണ്ടു അതിജീവിച്ചത്. മനുഷ്യനു സാമൂഹിക ജീവിയാകാനുള്ള പ്രേരണയിൽ പ്രധാനമാണ് കമ്മ്യൂൺ. കമ്മ്യൂൺ എന്നത് പരസ്പരം പങ്കു വച്ചു(sharing ) പരസ്പരം കരുതി (caring ) ജീവിച്ചു ജീവിതം പങ്കുവയ്ക്കുന്ന മാനവിക കൂട്ടായ്മയാണ്. കമ്മ്യൂൺ ആണ് മനുഷ്യരെ കമ്മ്യുണിറ്റിയാക്കുന്നത്. കമ്മ്യുണിറ്റി കൂട്ടും കൂറും ഉള്ളവരുടെ കൂട്ട് -അയ്മ അധവാ കൂട്ടായ്മയാണ്.
അതുകൊണ്ടാണ് യേശു അന്ത്യ അത്താഴത്തിൽ അപ്പവും വീഞ്ഞ് പങ്കിട്ടു ഇതു എന്റെ ശരീരം ഇതു എന്റെ രക്തം എന്റെ ഓർമ്മക്കായി ഇതു ചെയ്യുവാൻ പറഞ്ഞത്. അങ്ങനെയുള്ള ഹോളി കമ്മ്യൂൺ ആൺ മനുഷ്യ കൂട്ടത്തെ ഒരു share and care എന്ന കൂട്ടായ്മയ്ക്കുന്നത്. അമ്പലത്തിൽ നിന്നുള്ള നൈവേദ്യം പ്രസാദമായി പങ്കിടുന്നത് കൂട്ടായ്‌മയുടെ പ്രസാദമാണ്. മുസ്ലീങ്ങൾ എല്ലാ ദിവസവും ഒരേ പ്രാർത്ഥന പങ്കിട്ടു നിസ്കരിക്കുന്നത് കൂട്ടായ്‍മയുടെ കൂട്ടായ ഓർമ്മപ്പെടുത്തലാണ് .
പക്ഷെ കൂട്ടായ്മകൾ അധികര സത്വങ്ങളായി പരിണമിച്ചത് അവ പുരോഹിത്യ അധികാര മേല്കോയ്മ- അധീശത്വ ആശയ അധികാരമായ ഡോഗ്മയായി ചിന്തകൾക്കും തടയിട്ടാണ്.
കൂട്ടായ്മ എന്ന കമ്മ്യുണിറ്റിയിലാണ് കമ്മ്യുണിക്കേഷൻ സംഭവിക്കുന്നത്. കമ്മ്യുനും കമ്മ്യൂണിറ്റിയും കമ്മ്യുണിക്കേഷനുമാണ് മനുഷ്യന്റെ ജീവനുവേണ്ടിയുള്ള ഭക്ഷണത്തിന്റെയും ജീവിതത്തിന് വേണ്ടിയുള്ള
ഭാഷയുടെയും നിദാനം.
ഭക്ഷണവും ഭാഷയും ഇല്ലാതെ മനുഷ്യനു ജീവിക്കുവാൻ സാധിക്കില്ല. ഇവരണ്ടും പങ്കുവയ്ക്കളിലൂടെയാണ് മനുഷ്യൻ വികസിപ്പിച്ചത്. മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് കൂട്ടായ്മയും ഭാഷ വിനിമയവും അതു രണ്ടിൽ നിന്നുമുളവാകുന്ന സര്ഗാത്മ ചിന്തകളും ക്രിയാത്മ പ്രയോഗങ്ങളുമാണ്. സർഗാത്മ ചിന്തകൾക്ക് ഭാവനയും ഭാഷയും വേണം.ഇവ രണ്ടും സാമൂഹികമാണ്.
മനുഷ്യനെ നിലനിർത്തുന്നത് മസ്തിഷ്കത്തിൽ ഉളവായി സ്വയബോധമുണ്ടാകുന്ന ഓർമ്മകളും അതിന്റെ ഭാഗമായി ബന്ധപ്പെട്ടിരിക്കുന്ന ഭാഷയും ഭാവനയുമാണ്. ഇവ മൂന്നും ഒരു വലിയ പരിധിവരെ സാമൂഹിക വൽക്കരണത്തിലൂടെയാണ് മനുഷ്യൻ സ്വായത്തമാക്കുന്നത്.
ഓർമ്മ ജീർണിക്കുമ്പോൾ ഭാഷയും ഭാവനയുമാണ് അതോടൊപ്പം മനുഷ്യനു നഷ്ടമാകുന്നത്. ഓർമ്മകൾ ഇല്ലെങ്കിൽ ജീവിത ബോധവും സ്വയ ബോധവും മനുഷ്യനു ഇല്ല. ആത്മബോധവും സ്വയബോധവും എല്ലാം ഓർമ്മകളുടെ ഓളങ്ങളാണ്. അതു സാമൂഹികമാണ്.
പരസ്പരം പങ്കു വച്ചു പരസ്പരം കരുതി ഇണയും തുണയുമായി കൂടി ഇമ്പമായി ജീവിക്കുവാനുള്ള മാനുഷിക ത്വരയിൽ നിന്നാണ് കുടുംബം എന്ന അടിസ്ഥാന സാമൂഹിക ആശയം നിലനിൽക്കുന്നത്. ഇണയെയും തുണയെയും വ്യവസ്ഥാപിതമായി തേടി യോജിപ്പിക്കുന്ന വിവാഹം അടിസ്ഥാന സാമൂഹിക ജീവിതത്തിനുള്ള കുടുംബത്തിന്റെ സാമൂഹിക സാധുതയാണ്.
ഇണയും തുണയും കൂടുമ്പോൾ ഉള്ള ഇമ്പവും ഇല്ലാതെവരുമ്പോഴാണ് ബന്ധങ്ങൾ ബന്ധനങ്ങളാകുന്നത്. അതു ആൺകോയ്മകളായ അധികാര സ്വരൂപങ്ങളായി ഭോഗ സംഭോഗ ഉപഭോഗങ്ങളെ നിയന്ത്രിച്ചു വരുതിയിലാക്കാൻ ശ്രമിക്കുന്നത്.
എല്ലാ ആശയങ്ങളയും ചിട്ടപ്പെടുത്തി സംഗ്രഹിച്ചു സംപ്രേഷണം ചെയ്യുന്നത് അധികാര വിനിമയമാണ്. ആശയങ്ങൾ ഭാഷയിലൂടെ അറിവായി ഉപയോഗിച്ചാണ് അതു അധികാര രൂപം പ്രാപിക്കുന്നത്. അതു കൊണ്ടാണ് knowledge is power എന്ന ധാരണയുളവായത്. പലപ്പോഴും ഒരു വിഷയത്തിലുള്ള ആശയ ധാരകളുട വൈദഗ്ദ്യമുള്ളയാളുകളെ അക്കദമിക രംഗത്ത് വിശേഷിപ്പിക്കുന്നത് he is an authority on that topic എന്നാണ്. ഈ authority എന്നതിൽ നിന്നാണ് author എന്നത് പ്രചുര പ്രചാരമായത്.
കാരണം ഭാഷയുടെ ചിട്ടപ്പെടുത്തലും മാനനീകരണവും (standardisation )അതു പോലെ ആശയങ്ങളുടെ ചിട്ടപ്പെടുത്തലും അധികാര പ്രയോഗങ്ങളാണ്.
പലപ്പോഴും ബദലുകളും മറുവഴികളും പുതു വഴികളും ഉളവാക്കുന്നത് വ്യവസ്ഥാപിത ധാരകൾക്ക് പുറത്താണ്. വ്യവസ്ഥാപിത ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് ആരും വ്യവസ്ഥകളെ മാറ്റിയിട്ടില്ല.
ആ തിരിച്ചറിവിലാണ് സിദ്ധാർഥൻ കൊട്ടാരം വിട്ടിറങ്ങി ഗൗതമനും ബുദ്ധനുമായി ബദലുകൾ സൃഷ്ടിച്ചത്. അതു കൊണ്ടാണ് സ്നാപക യോഹന്നാൻ എന്ന ആദിമ ആക്ടിവിസ്റ്റ് മനസ്സിനെ മാറ്റുന്ന മാനസാന്തരം പ്രസംഗിച്ചു അനീതികളെയും അന്യായങ്ങളെയും ചോദ്യം ചെയ്തു മരുഭൂമിയിൽ അവധൂതനായി ജീവിച്ചത്. ആ ബദൽ ആശയത്തിന്റ തല വെട്ടിയാണ് അധികാര സ്വതങ്ങൾ അധികാരം അടയാളപെടുത്തിയത്.
യെരുശലേമിലെ അധികാര വ്യവസ്ഥയിൽ നിന്ന് വളരെ ദൂരെ നസ്രേത്തുകാരനായ യേശു അഞ്ചപ്പം കൊണ്ടു അയ്യാരിരം പേരെ പോഷിപ്പിക്കുന്ന സ്നേഹമെന്ന ആദർശ ആശയം കൊണ്ടു അനീതിയെയും അധികാരത്തെയും ചോദ്യം ചെയ്തു. അന്നത്തെ മത അധികാര വ്യവസ്ഥക്കു നേരെ ചാട്ടവാർ ഉപയോഗിച്ചപ്പോഴാണ് പുരോഹിത വർഗ്ഗവും രാഷ്ട്രീയ വർഗ്ഗവും ക്രൂശിച്ചപ്പോഴാണ് യേശു ക്രിസ്തു എന്ന വിമോചന ആശയമായി ഉയർത്തു ലോകമാകെ പടർന്നത് .
ആളെകൊല്ലാം. ആശയങ്ങളെ കൊല്ലുവാൻ പ്രയാസമാണ്. അതു കൊണ്ടാണ് പിന്നീട് യേശു ആദർശ ആശയമായി ഉയർത്തെഴുന്നേറ്റു മനുഷ്യരുടെ ഇടയിൽ അദർശ്യ ആദർശ ദർശനമായി ഉലാത്തി ഇപ്പോഴും കടലിന് മീതെ നടന്നു കരകളിൽ കാറ്റായി വീശുന്നത്.
മക്കയിൽ നിന്ന് മറുവഴിതേടി യുദ്ധങ്ങളിൽ നിന്ന് സമാധാനം തേടിയുള്ള മരുഭൂ പ്രയാണത്തിൽ അന്നത്തെ വ്യവസ്ഥക്ക് വെളിയിൽപോയി ബദലുകൾ സൃഷ്ടിച്ചാണ് മുഹമ്മദ്‌ നബിയായത്.
ഇവരെല്ലാം മനുഷ്യനെ മാറ്റിയത് ആശയങ്ങൾകൊണ്ടും. ഉൾപ്രേരണയുടെ ഭാവനാത്മക ഭാഷയിലൂടെ മനുഷ്യ മനസ്സിനെ പ്രചോദിപ്പിച്ചാണ്.
ലോകം എന്നും മാറ്റിയത് അന്നന്നത്തെ വ്യവസ്ഥക്കപ്പുറം ആശയങ്ങളും ഉൾപ്രേരണയുടെ പ്രചോദനമുള്ള മനുഷ്യരുമാണ്.
അന്നന്നത്തെ വിഗ്രഹങ്ങളെ അവർ വീഴ്ത്തിയത് ഭാഷയുടെ ആത്മാവ് കൊണ്ടാണ്. ഭാഷയുടെ വരങ്ങളിലൂടെ പുതിയ വരികൾ പറഞ്ഞു മനസ്സിന്റെ ആത്മവിന്റെ അകത്തളങ്ങളിൽ തൊട്ടാണ്. അതു അവർ ചെയ്തത് മനുഷ്യനെ തൊടുന്ന കവിതകളിൽ കൂടിയും കഥകളിൽ കൂടിയും ലളിത ഭാഷ ഭാഷ്യങ്ങളിൽകൂടിയുമാണ്‌.
അവർ ഭാഷയുടെ ലളിത മാസ്മരികതയുണ്ടാക്കിയത് ജനങ്ങളുടെ ഇടയിൽ അവരോട് അവരുട വായ്മൊഴിയിൽ മൊഴിഞ്ഞാണ്.
ഭാഷയുടെ ഭാഷ്യങ്ങളിലാണ് മറു ഭാഷ ഭക്ഷ്യങ്ങളിലാണ് അധികാരത്തിന്റെ വിഗ്രങ്ങൾ തകരുന്നത്. അതു വീഴുന്നത് കവിതയിലും കഥകളിലുമുള്ള ആത്മ നിറവുള്ള ഭാഷയുടെ ഒഴുക്കിൽ മനസ്സു നിറയുന്ന മനുഷ്യരാണ്.
എന്നാൽ എല്ലാ വിഗ്രഹ ഭഞ്ജകരെയും വിഗ്രഹങ്ങളാക്കിയാണ് അധികാരത്തിന്റെ സംഘ ബലങ്ങൾ വീണ്ടും അവരെ സ്വത അടയാളങ്ങളാക്കുന്നത്. അതു കൊണ്ടാണ് പള്ളി അധികാര അൾത്താരകളിൽ യേശു ഇന്നും ക്രൂശിതനായി തൂങ്ങുന്നത്.
ഉയർത്തെഴുന്നേറ്റു സ്നേഹ ആദർശങ്ങളുടെ ചാട്ടവാർ ഉയർത്തുന്ന യേശുവാണ് അവർക്കപകടകാരി. അതുകൊണ്ടാണ് യേശുവിനെ ക്രൂശിച്ച റോമൻ സാമ്രാജ്യ അധികാര ക്രൂരതയുടെ കുരിശ് ഇന്നും അധികാരത്തിന്റെ അടയാളമായി പരിണമിക്കുന്നത്.
എല്ലാ അധികാരികളും ഒരു ദിവസം മരിച്ചു മണ്ണടിയും. ചിലരെ കൊന്നുതള്ളും
അടുത്തത് പിന്നെ.
സംഘബലം മനുഷ്യനോട് എന്ത് ചെയ്യുന്നു?
ജെ എസ് അടൂർ