Tuesday, February 18, 2020

വന്ന വഴികൾ തിരഞ്ഞെടുത്ത് എങ്ങനെ?


1
ഓരോ മനുഷ്യരും അവരവരുടെ അനുഭവ പരിസരങ്ങളിൽ കൂടിയാണ് അറിവുകളും തിരിച്ചറിവുകളും നേടുന്നത്. പലപ്പോഴും പലരും അവർ ജനിച്ചു വളർന്ന വീട്ടിലും സമുദായങ്ങളിലും കണ്ടും കേട്ടുമറിഞ്ഞ ആചാര വിശ്വാസങ്ങൾക്കനുസരിച്ചു ജീവിക്കും. ഇങ്ങനെയുള്ള ആചാര വിശ്വാസങ്ങളുടെ ഒരു പ്രധാന ധാര വ്യവസ്ഥാപിത മതങ്ങളാണ്. ജനിച്ച കുട്ടിയുടെ പേരിടീൽ തൊട്ട് മരണ സംസ്കാരം വരെ പലതരത്തിൽ പിന്തുടരുന്നയൊന്നു.
ബാല്യ കാലം മുതൽ ജനിച്ച വീട്ടിലെയും സമുദായത്തിലേയും വിശ്വാസ ധർമ്മ -മൂല്യ വിശ്വാസങ്ങളും ആചാരങ്ങളും മുൻ വിധികളും എല്ലാം ആഗീകരിച്ചാണ് മിക്കവാറും മനുഷ്യർ പ്രാഥമിക സാമൂഹികവൽക്കരണത്തിന് വിധേയമാക്കപ്പെടുന്നത്. അതു കഴിഞ്ഞാൽ അതായത് നാട്ടു നടപ്പ് അനുസരിച്ചും കാല ദേശമനുസരിച്ചുമുള്ള ഭാഷ പ്രയോഗങ്ങളും സാമൂഹ്യ ധാരണകളും. വീട്ടിലാണ് ഏറ്റവും പ്രധാന പ്രാഥമിക വിദ്യാഭ്യാസം. ചുറ്റുമുള്ളവർ പറയുന്നതും ചെയ്യുന്നതും കണ്ടും കേട്ടുമാണ് കുട്ടികൾ വളരുന്നത്.
അതുപോലെ സ്‌കൂളും പഠിത്തവും ജോലിയുമൊക്കെ സാമൂഹികമായുള്ള ചില നിഷ്ട്ടകളാണ്. ഏതാണ്ട് പതിനഞ്ചു വയസ്സ് വരെ വീട്ടുകാർ പറഞ്ഞ വീട്ടു നടപ്പും നാട്ടു നടപ്പുമാനുസരിച്ചാണ് ബഹു ഭൂരിപക്ഷം ആളുകളും വളരുന്നത്. മറ്റുള്ളവരുടെ ആശ്രയത്തിൽ വളരുന്ന കുട്ടികൾക്ക് 'ചൊല്ലും ചോറും ' കൊടുത്താണ് വളർത്തേണ്ടത് എന്ന് ബാല്യകാലത്തു കേട്ടതാണ്. അതുപോലെ എന്റെ വല്യമ്മച്ചി സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഇണ്ട് ' വിത്തിനും നെല്ലിനും ' ഒന്നേയുള്ളൂ. ഏതാണ്ട് പത്തു വയസ്സ് കഴിഞ്ഞാൽ കുട്ടികളുടെ ഏറ്റവും വലിയ പ്രശ്നം 'ഉപദേശങ്ങളാണ് '
പക്ഷെ പത്തു വയസ്സ് മുതൽ പതിയെ താന്തോന്നിയായി മാറുകയായിരുന്നു ഞാൻ. സ്ഥിരം പത്രങ്ങൾ വായിച്ചും പുസ്തകങ്ങൾ വായിച്ചും ഉള്ളിൽ ചോദ്യങ്ങൾ ചോദിക്കാനും വീട്ടിൽ തർക്കുത്തരം പറയാനും തുടങ്ങി. ആദ്യം വായിച്ചറിഞ്ഞ അന്താരാഷ്ട്ര വിഷയം റിച്ചാഡ് നിക്സന്റെ വാട്ടർഗേറ്റ് വിവാദമാണ്. എഴുപത്തിരണ്ടിൽ യുദ്ധ സമയത്താണ് പാകിസ്ഥാനും ബംഗ്ലദേശും കേട്ടത്. പാകിസ്ഥാൻ 'ശത്രു 'വാണ് എന്ന ധാരണയും.
പത്തു വയസ്സിൽ അടിയന്തരവസ്ഥ വന്നതോട്കൂടി അടിമുടി രാഷ്ട്രീയവൽക്കരിക്കപ്പെട്ടും. കാരണം വായനതന്നെ. അന്നാണ് മനുഷ്യ അവകാശത്തെകുറിച്ചും ഭരണഘടനയെകുറിച്ചും ആദ്യമായി അറിയുന്നത്. അടിയന്തരാവസ്ഥ സമയത്തു അടിയന്തര അവസ്ഥ അറബിക്കടലിൽ എന്ന ചുവരെഴുത്തു നടത്തിയപ്പോൾ വയസ്സ് പത്തു കഴിഞ്ഞയുള്ളൂ.
അതു കഴിഞ്ഞുള്ള തിരെഞ്ഞെടുപ്പിൽ ഇന്ദിരഗാന്ധിക്ക് എതിരെ ജീപ്പിന്റ ബോണറ്റിൽ കയറി നാട്ടിലെല്ലാം പ്രസംഗിച്ചു. അന്ന് അടൂർ കൊണ്ഗ്രെസ്സ് സ്ഥാനാർഥി തെന്നല ബാലകൃഷ്‌ണപിള്ള. ചിഹ്നം പശുവും കിടാവും . ഇടതു സ്ഥാനാർഥി എ എം മാത്യു. ചിഹ്നം തെങ്ങു. ഞങ്ങൾ തെങ്ങിന് വോട്ട് പിടിച്ചു. പക്ഷെ തെന്നല ജയിച്ചു.
ആ സമയങ്ങളിൽ മാർക്സിസത്തെ കുറിച്ചുള്ള പാർട്ടി ക്‌ളാസ്സുകൾ എല്ലാ ശനിയാഴ്ച്ചയും സഖാവ് മൗട്ടതു ദാമോദരൻ ഉണ്ണിത്താൻ എന്റെ വീട്ടിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള കല്ലുകുഴി ജങ്ഷനിലെ ഒരു റ്റ്യുട്ടറിയൽ കോളേജിൽ വച്ചു നടത്തുമായിരുന്നു. സ്റ്റഡി ക്ലാസ്സിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു. അന്ന് വായിച്ചതാണ് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ. പിന്നെ ഈ ഇ.എം.സിന്റെ പുസ്തകങ്ങൾ. കേരളം മലയാളികളുടെ മാതൃഭൂമി. മാർക്സിസത്തെ കുറിച്ച് കിട്ടിയതൊക്ക വായിച്ചു.
ആ സമയത്താണ് സൈലന്റ് വാലി ക്യാംപയിൻ ചൂട് പിടിക്കുന്നത്. അന്ന് ശാസ്ത്രം സാഹിത്യം പരിഷത്തിന്റെ യുറേക്ക വായിച്ചാണ് പരിസ്ഥിതിയെകുറിച്ചറിയുന്നത്. അന്ന് വളരെ രഹസ്യമായി വായിച്ചിരുന്ന 'കോമ്രേഡ് ' അതു പോലെ 'ഡൈനാമിക് ആക്ഷൻ എല്ലാം ഇപ്പോഴും ഗ്രന്ഥ ശേഖരത്തിൽ കാണും.
തുടരും
ജെ എസ് അടൂർ


വന്ന വഴികൾ തെരെഞ്ഞടുത്തത് എങ്ങനെ? 2
അങ്ങനെ ജനായത്തവും മനുഷ്യ അവകാശവും ഇടതു പക്ഷ ആശയങ്ങളും പരിസ്ഥിതി സംരക്ഷണവും ചേർന്നുള്ള കാഴ്ചപ്പാട് ഏതാണ്ട് പതിനാലു വയസ്സിൽ രൂപപെട്ടു വന്നു. ആ കാലത്തു കുണ്ടറ അലിന്റിൽ നടത്തിയ ഒരു പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനമായി തന്നത് നെഹ്രുവിന്റ്' ഇന്ത്യയെ കണ്ടെത്തൽ ' എന്ന പുസ്തകം. അതു പോലെ വേറൊരിടത്തു സമ്മാനമായി കിട്ടിയത് ഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷകൾ '.ഇതെല്ലാം വളരെ താല്പര്യം പൂർവ്വം വായിച്ച പുസ്തങ്ങളാണ്.
സയൻസിൽ സാമാന്യം ഭേദപ്പെട്ടമാർക്ക് എനിക്ക് കിട്ടി . അന്നത്തെ പത്താം ക്ലാസ്സിൽ സയൻസ് വിഷയങ്ങക്ക് 94% ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. എന്തായാലും കെമിസ്ട്രിക് 100% കിട്ടി. അങ്ങനെ സയൻസ് പഠിച്ചു. പക്ഷേ അപ്പോഴേക്കും സാഹിത്യത്തിലും സോഷ്യൽ സയൻസിലും അഭിരുചിയുണ്ടെന്ന് എനിക്ക് തന്നെ തോന്നി. കാരണം സ്കൂൾ കോളേജ് യൂണിവേഴ്സിറ്റി തലത്തിൽ ഉപന്യാസം പ്രസംഗം കഥ എന്നിവക്ക് സമ്മാനങ്ങൾ യൂ പി സ്കൂൾ മുതലുണ്ടായിരുന്നു. ആദ്യമായി എഴുതി പ്രസിദ്ധീകരിച്ചത് സ്കൂൾ സുവനീറിനു വേണ്ടി എഴുതിയ ' കലാകാരന്റെ സാമൂഹിക പ്രതിബദ്ധത ' എന്ന ലേഖനമാണ്.
വീട്ടുകാർ എൻജിനിയറിങ്ങിന് ടെസ്റ്റ്‌ എഴുതിയോ കാശു കൊടുത്തോ വിടാൻ തയ്യാറായി. ഞാൻ തയ്യാറായില്ല. പിന്നെ സയൻസ് പഠിക്കുകയെ നിർവാഹമുള്ളൂ. കാരണം അന്ന് നല്ല മാർക്കുള്ളവർ സയൻസിന് പോകുകയെന്നതായിരുന്നു നാട്ടു നടപ്പ്.അങ്ങനെ ബി എസ് സി കെമിസ്ട്രയ്ക്ക് ചേർന്നു. ഡിഗ്രിവരെ ശാസ്താംകോട്ട ഡി ബി കോളേജിൽ. പഠിത്തത്തെക്കാളിൽ എക്സ്ട്രാകരിക്കുലർ കാര്യങ്ങളിൽ ആയിരുന്നു താല്പര്യം. ശാസ്ത്രജ്ഞമോഹം നമുക്ക് പറ്റിയതല്ലന്നു നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
പതിനാറാം വയസ്സിൽ കൂട്ടുകാരെ കൂട്ടി'പ്രതിധ്വനി ' മാസിക പ്രസിദ്ധീകരിക്കുവാൻ തുടങ്ങിയത് മുതൽ പതിയെ സ്വയം തിരിച്ചറിയാൻ തുടങ്ങി. ഏകാന്തതയുടെ നൂറു വർഷങ്ങൾ 'എന്ന മാർക്വസ് കൃതിക്ക് ഒരു റിവ്യൂ എഴുതി പ്രസിദ്ധീകരിച്ചത്. അന്ന് തിരുവനന്തപുരത്തു പോയി പരിസ്ഥിതി സംരക്ഷണത്തെകുറിച്ച് ജീവിതത്തിൽ ആദ്യമായി സുഗതകുമാരിയുമായുള്ള ഒരു അഭിമുഖം പ്രസിദ്ധീകരിച്ചു. കമലാ ദാസിനെകാണുവാൻ പോയി കവിത ചോദിച്ചു. സ്നേഹപൂർവ്വം തന്ന 'അമ്മ 'എന്നൊരു കവിത പ്രസിദ്ധീകരിച്ചു.
ആ ഇടക്ക് ഇന്ത്യൻ ഫിലോസഫിയിൽ താല്പര്യം കൂടി ഞങ്ങളുട അടുത്തുള്ള മണക്കാല സെമിനാരി ലൈബ്രറിയിൽ പോയി എസ് രാധാകൃഷ്ണൻ എഴുതിയ ഇന്ത്യൻ ഫിലോസഫി വായിച്ചു. അതോടൊപ്പം ലിബറേഷൻ തിയോളജിയും. അങ്ങനെയാണ് എം എം തോമസിനെയും സെബാസ്റ്റ്യൻ കാപ്പനെയും അറിഞ്ഞത്.
ആത്മ സുഹൃത്തുക്കൾ പ്രൊഫഷണൽ കോഴ്‌സുകൾക്കും പിന്നെ എം എസ് സിക്കും പോയപ്പോൾ വീട്ടിൽ നെഗോഷിയേറ്റ് ചെയ്തു പൂന യൂണിവേഴ്സിറ്റിയിൽ സാഹിത്യം പഠിക്കാനാണ് പോയത്.
തുടരും
ജെ എസ് അടൂർ

അന്വേഷിപ്പിൻ കണ്ടെത്തും : അനുഭവ പാഠങ്ങൾ


ആരും തന്നെ പ്രവാചകരായി ജനിക്കുന്നില്ല. അവരവരുടെ സാഹചര്യങ്ങളാണ് പലരെയും വ്യത്യസ്ത വഴികൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.
ഇന്ന് പ്രവാചകരായി വാഴ്ത്തപ്പെടുന്നവരും മഹാത്മാക്കളും മഹാന്മാരും നവോതഥാന നേതാക്കളുംമായവർ മറു വഴികളും തേടിയവരും വഴി തെളിച്ചവരുമാണ്. പലപ്പോഴും അവർ പോയ വഴിയിൽ മനസ്സുകളിലും മനുഷ്യരിലും പ്രകാശവും പ്രത്യാശയും പകർത്തിയവരാണ്. . ആ പ്രകാശത്തിലൂടെ ഒരുപാടു ആളുകളെയും കാലദേശത്തേയും മരണത്തിന് അപ്പുറവും വാക്കുകളിലൂടെ ഉയർപ്പിച്ചു മനുഷ്യമനസ്സുകളിൽ ഉൾവെളിച്ചമായി അവരുണരും. അവർ ചരിത്രത്തിൽ അധികാര അകമ്പടിയിൽ ജീവിച്ചു തുടങ്ങുമ്പോഴാണ് മഹാത്മാക്കളോ പ്രവാചകരായോ ആയി സംഘടിത ശക്തികളുടെ ദിവ്യ ശ്രോതസ്സാകുന്നത് പലപ്പോഴും പിന്നെ ദിവ്യത നിറഞ്ഞ ജനനവും മരണവും ജീവിതവുമായി അവർ വാഴ്ത്തപ്പെടും.
സാധാരണ മാനുഷർ അസാധാരണർ ആകുന്നത് അസാധാരണ പ്രയത്നം കൊണ്ടാണ്. അസാധാരണ വഴികൾ സ്വയം കണ്ടെത്തി മറ്റുള്ളവർക്കും വേണ്ടി വഴിതെളിക്കുമ്പോഴാണ്.
ജന്മനാ ഉള്ള ഗുണങ്ങളും പലതും ശാരീരികമാണ്. തലച്ചോറിന്റ പ്രവർത്തനവും അതു തന്നെ. എന്നാൽ ആദ്യത്തെ ആറുമുതൽ ഒമ്പതു വയസ്സ് വരെയുള്ള ഭക്ഷണവും ഭാഷയും പാട്ടു, രുചിയും കാഴ്ച്ചകളും നിറങ്ങളും നിറഭേദങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും കണ്ടും കെട്ടും അറിഞ്ഞതെല്ലാം ഓർമ്മയുടെ അടിസ്ഥാനമായി മനസ്സിൽ കാണും. ചൊട്ടയിലെ ശീലം ചുടല വരെയെന്നാണ് കുട്ടികാലത്തു കേട്ടറിവ്. ബാല്യകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷരുള്ള ഉള്ള കാലമെല്ലാം എന്നതും ബാല്യത്തിൽ പറഞ്ഞു തന്നതാണ്.
പലപ്പോഴും നമ്മുടെ രുചികളും അഭിരുചികളും സാഹചര്യങ്ങളാണ് സൃഷ്ട്ടിക്കുന്നത്. വളർന്നു വന്ന സാഹചര്യങ്ങളും വഴികാട്ടികളും നമുക്ക് ചുറ്റുമുള്ള സാമൂഹിക രാഷ്ട്രീയ സംഭവങ്ങളുംനമ്മളെ സ്വാധീനിക്കും. വീട്ടുകാരും കൂട്ട്കാരും അധ്യാപകരും ചുറ്റുപാടും സ്വാധീനിക്കും.
കാലവും ദേശവും മാറുന്നത് അനുസരിച്ചു അഭിരുചികളും അറിവും തിരിച്ചറിവും സമീപനങ്ങളും മാറും. മനുഷ്യനു സ്വയം ചിന്തിച്ചു തീരുമാനിക്കാനുള്ള പ്രാപ്തിയുണ്ടാകുന്നത് വളരെ കാലത്തെ അനുഭവങ്ങ അറിവുകളിലൂടേയും അതിൽ നിന്നുള്ള ഉള്കാഴ്ചകളുടെയും പാഠങ്ങളുടെയും ഫലമാണ്.
എന്റെ സ്വന്തം സഹോദരിയിൽ നിന്നും കുടുംബത്തിലുള്ള പലരിൽ നിന്നും സമുദായത്തിൽ നിന്നും വളരെ വ്യത്യസ്ത്ത പാതയിലാണ് ഞാൻ സഞ്ചരിച്ചത്. അങ്ങനെയുള്ള പാത നേരത്തെ കണ്ടെത്തിയതല്ല.
എന്നാൽ നാലു വയസ്സ് മുതൽ വായിക്കാനും അതു വ്യാഖ്യാനീക്കാനും ചിന്തിക്കുവാനും പഠിപ്പിച്ചത് എന്റെ അമ്മയുടെ അപ്പച്ചനാണ്. മുകളിൽ പറഞ്ഞ പഴ മൊഴികൾ പോലും പറഞ്ഞു തന്നത് അദ്ദേഹമാണ്. പത്രവും ഭാഷാപോഷിണിയും വേദപുസ്തകവും എങ്ങനെ സ്പുടതയോട് വായിക്കണം എന്ന് പഠിപ്പിച്ചതും അദ്ദേഹമാണ്. തിരിഞ്ഞു നോക്കുമ്പോൾ ആ ആദ്യത്തെ ഒമ്പതുകൊല്ലമാണ് എന്നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമാക്കിയത്.
അങ്ങനെ വായന ശീലമാക്കി പത്തു വയസ്സു മുതൽ ഇപ്പോൾ താമസിക്കുന്ന വീടിന്റെ തൊട്ട് അടുത്തുള്ള തുവയൂർ സത്യവാൻ സ്മാരക ഗ്രന്ഥ ശാലയിൽ അനുദിനം ആറു പേപ്പർ (മനോരമ, മാതൃ ഭൂമി, കേരള കൗമുദി, ജനയുഗം, ദീപിക, ദേശാഭിമാനി )വായിച്ചു തുടങ്ങി വാർത്തകളെ അറിയാനും തിരിച്ചറിയാൻ സാധിച്ചു. പിന്നീട് ഏറ്റവും സ്വാധീനിച്ചത് 1974 മുതൽ ജയ് പ്രകാശ് നാരായന്റെ നേതൃത്തിലുള്ള ജനകീയ വിദ്യാർത്ഥി പ്രക്ഷോഭവും അതു കഴിഞ്ഞുള്ള അടിയന്തര അവസ്ഥയുമാണ്. പരിചയമുള്ള മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആ കാലത്തുള്ള വായനയും ചർച്ചകളുമാണ് എന്റെ ജനായത്ത ബോധത്തെയും ഉളവാക്കിയത്. അങ്ങനെയാണ് ഗാന്ധിയെയും, മര്കസിനെയും ലെനിനെയും ചരിത്രത്തെയും മൊക്കെ വായിക്കുവാൻ തുടങ്ങിയത്.
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ യുറേക്ക വായിച്ചും സയൻസ് ക്ളബിൽ അംഗമായും ഒരു ശാസ്തജ്ഞനായാൽ കൊള്ളാം എന്നൊരു മോഹം ഉണ്ടായിരുന്നു. അതു കൊണ്ടു അന്ന് വായിച്ചത് എല്ലാം ന്യൂട്ടന്റെയും ഐൻസ്റ്റീന്റെയും സി വി രാമന്റെയും ഹോമി ഭാഭായുടെയും വിക്രം സാരഭായിയുടെയും മാഡം ക്യുറിയുടെയും ജീവ ചരിത്രം വായിച്ചു. അതിൽ ഏറ്റവും ഇഷ്ട്ടപെട്ടത് വിക്രം സാരാഭായാണ്. ഇന്നും അതു തന്നെ.
കൗമാരത്തിലുള്ള അഭിരുചികളും ചിന്തകളും വായനയുമെല്ലാം നിരന്തരം മാറികൊണ്ടിരിക്കുന്നയൊന്നാണ് എന്നതാണ് അനുഭവം. അന്ന് വായിച്ചതും ചിന്തിച്ചതും പോലെയാകണമെന്നില്ല പിന്നീട് ചിന്തിക്കുന്നത്. പൂനയിൽ പഠിക്കുവാൻ പോയില്ലെങ്കിൽ ജീവിതം വേറൊരു വഴിയാകുമായൊരുന്നു. പലപ്പോഴും നമ്മൾ നിരന്തരം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ മറു വഴികളും പുതു വഴികളും വെളിവായി വരും. അന്വഷിപ്പിൻ കണ്ടെത്തും. മുട്ടുവിൻ തുറക്കപ്പെടും. ചോദിച്ചപ്പിൻ കിട്ടും. പക്ഷേ അതിനുള്ള ഉൾകാഴ്ചകളും ഉൾവെളിച്ചവും ഉൾവിളികളും നിരന്തരമായ ചിന്തകളിലൂടേയും പ്രവർത്തികളിലൂടെയുമുള്ള വെളിച്ചങ്ങളിലാണ് തെളിഞ്ഞു വരുന്നത്.
ചിന്തിച്ചു മനനം ചെയ്തു പരീക്ഷണങ്ങൾ പലതും നടത്തി പലയിടത്തും നടന്നാണ് ജീവിതത്തിൽ കരിയറിന് അപ്പുറമുള്ള പാതകൾ തെളിഞ്ഞു വന്നത്. ജോലികൾ തേടിപ്പോയില്ല. ജോലികൾ തേടി വന്നു.
അനുഭവ വഴികൾ പിന്നെ
ജെ എസ് അടൂർ

ജീവനും ജീവിതവും അറിവും തിരിച്ചറിവും


മനുഷ്യൻ ഒരു വലിയ പരിധി വരെ സാഹചര്യങ്ങളുടെ സൃഷ്ട്ടി യാണ്. അതെ സമയം ഓരോ മനുഷ്യരും വെത്യസ്തരും അദ്വതീയരുമാണ്. ഓരോ മനുഷ്യന്റെ ശരീര പ്രകൃതിയും നിറവും നീളവും വണ്ണവുമെല്ലാം ഒരു വലിയ പരിധിവരെ ജീൻപൂൾ അനുസരിച്ചും പിന്നെ ജനിച്ചപ്പോൾ മുതൽ കഴിക്കുന്ന ഭക്ഷണമനുസരിച്ചും മാറും. അമ്മയുടെയും അച്ഛന്റെയും ആരോഗ്യം കുട്ടികളെയും ബാധിക്കും.
എന്നാൽ ഒരേ മാതാ പിതാക്കൾക്ക് ജനിക്കുന്ന രണ്ടു കുട്ടികൾ പോലും വ്യത്യസ്തരായിരിക്കും. തലമുറകളുടെ ഒഴുക്കിൽ സജീവമായ ഏതെങ്കിലും ജീൻപൂളിൽ നിന്ന് നമ്മൾ ഒരൊരുത്തരും ഉരുവാകുന്നത് ജീവന്റെ നിർമ്മിതിയിലെ വിസ്മയമാണ്.
ആരോഗ്യമുള്ള ഒരു പുരുഷ ശരീരം ശരാശരി 525 ബില്യൻ ബീജങ്ങളാണ് ഒരു ആയുസ്സിൽ ഉല്പാദിപ്പിക്കുന്നത് എന്നാണ് കണക്കു. എന്നാൽ സ്ത്രീകൾ ജനിക്കുമ്പഴേ രണ്ടു മില്യൻ അണ്ഡങ്ങളുമായാണ് ജനിക്കുന്നത്. അവർ പ്രായപൂർത്തിയാകുന്നത് മുതൽ പുരുഷനിൽ ബീജോൽപ്പാദനവും സ്ത്രീകളിൽ ജന്മനായുള്ള അണ്ഡങ്ങളും സജീവമാകും. അതായത് ഓരോ ജനനവും പുരുഷ -സ്ത്രീ സംഭോഗത്തിൽ 525 ബില്യൻ ബീജത്തിൽ നിന്നും 200 മില്ലിയൻ അണ്ഡത്തിൽ നിന്നുമുള്ള ഒരു ആകസ്മിക വിസ്മയമാണ്.
ഓരോ സംഭോഗത്തിലും പുരുഷ ശുക്ളത്തിൽ ആളുടെ ശരീര ഘടനയും ആരോഗ്യ സ്ഥിതിയൂമനുസരിച്ചു 4 കോടി മുതൽ 10.കോടി ബീജങ്ങൾ കാണും. അതായത് സാധാരണ ഒരു ജനനത്തിന് നിദാനമായ പുരുഷ-സ്ത്രീ സംയോഗത്തിൽ 4കോടി മുതൽ പത്തു കോടി വരെയുള്ള ബീജങ്ങളിൽ ഒന്നു മാത്രമാണ് ഒരു നിമിഷത്തിന്റെ ആയിരത്തിലൊന്നു സമയം കൊണ്ടു ഓടിപാഞ്ഞു ഒരു അണ്ഡത്തിൽ ചേർന്നെത്തി ജീവന്റ ആദ്യ നിമിത്തമാകുന്നത്. ഒരു പ്രത്യേക ബീജത്തിന് പകരം വേറൊന്നായാൽ ആ സമയത്തു തുടിക്കുന്ന ജീവൻ വ്യത്യസ്തമായിരിക്കും അതിൽ നിന്നുളവാകുന്ന കുഞ്ഞിന്റെ ലിംഗവും നിറവും ശരീര പ്രകൃതിയും അതിന് അനുസരിച്ചു മാറും.
അതു കൊണ്ടു തന്നെ നമ്മളുടെ ജനനം നാലുകോടി മുതൽ പത്തുകോടി വരെയുള്ള സാധ്യതകളിൽ ഒന്നു മാത്രമായ ആകസ്മിക വിസ്മയമാണ്. അതു തലമുറകളുടെ ഒഴുക്കിൽ പെട്ടുവരുന്ന സഹസ്രകോടി ജീവത സാധ്യതയിൽ ഒന്നു മാത്രമാണ്. നമ്മളിൽ ആരും നമ്മുടെ മുതു മുത്തച്ഛൻമരെയോ മുത്തശ്ശിമാരേയോ ബയോളജിക്കൽ അച്ഛനെയെ അമ്മയെ തിരഞ്ഞെടുക്കുന്നില്ല.
അതു കൊണ്ടാണ് ഓരോ മനുഷ്യരും അദ്വിതീയരാകുന്നത്. Every human being is unique.
ഒരു മനുഷ്യൻ അദ്വതീയനായിരിക്ക തന്നെ സാമൂഹിക ജീവിയാണ്. ജന്മനായുള്ള വ്യക്തി വൈഭങ്ങളും ഭക്ഷണവും ഭാഷയും സാമൂഹിക സാഹചര്യങ്ങളും ചേർന്നാണ് മനുഷ്യന്റെ ശാരീരികവും മാനസികവുമായ അവസ്ഥകൾ സൃഷ്ടിക്കുന്നത്. സാഹചര്യങ്ങൾക്കനുസരിച്ചു മാറുവാനുള്ള കഴിവ് മനുഷ്യനുണ്ട്. അതു കൊണ്ടാണ് കാല ദേശാതിർക്കപ്പുറം പ്രയാണം (migration ) ചെയ്തു മനുഷ്യന് പ്രണയിക്കാനും ജീവിക്കുവാനുമൊക്കെ കഴിയുന്നത്
ജന്മ വാസനകളെയും സാമൂഹിക സാഹചര്യങ്ങളെയും ഒരു വലിയ പരിധി വരെ നിയന്ത്രിക്കുന്നത് കാലവും ദേശവും നിലനിൽക്കുന്ന പ്രകൃതിയാണ്. ഉദാഹരണത്തിന് കേരളം എന്ന് ഇന്ന് അറിയപ്പെടുന്ന ട്രോപ്പിക്കൽ കാലാവസ്ഥയുള്ള ഭൂപ്രദേശത്തു കുരുമുളക് ഇല്ലായിരുന്നുവെങ്കിൽ ഇവിടെ ജനിക്കുന്ന മനുഷ്യരുടെ ജീൻപൂൾ വ്യത്യസ്ത്തമായിരിക്കും.
ഇവിടെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുള്ള ആളുകൾ കുരുമുളകിന് വേണ്ടി വന്നു ഇവിടെയുള്ള സ്ത്രീകളുമായി സംഭോഗം നടത്തിയല്ലെങ്കിൽ ഈ ഞാനും നമ്മളും ഒരു പക്ഷേ ഉണ്ടാകില്ലായിരുന്നു. മലയാളികളുടെ ജീൻപൂൾ തേടിപ്പോയാൽ അതു ഈജിപ്റ്റിലും സിറിയയിലും ഇറാക്കിലും ഇറാനിലും ലെബനോനിലുംജോര്ദാനിലും സുഡാനിലും യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ എത്തും. മലയാളിയുടെ ജീൻപൂൾ പണ്ടേ ആഗോളവൽക്കരിക്കപെട്ടതാണ്. അതുകൊണ്ടായിരിക്കും മലയാളികളികൾക്ക് ലോകത്തു എവിടെപ്പോയി ജീവിക്കുവാനും കഴിയുന്നത് !
അങ്ങനെ ജന്മ വാസനകൊണ്ടും സാഹചര്യങ്ങൾ കൊണ്ടും അതിന് രണ്ടിനും നിതാന്തമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് നമ്മളെ രൂപപെടുത്തുന്നത്. ഭക്ഷണവും ഭാഷയും പ്രകൃതിയും മനുഷ്യനും മനുഷ്യ നിർമ്മിത സമൂഹവും തമ്മിലുള്ള താദാത്മ്യ സംയോഗത്തിൽ നിന്നുണ്ടാകുന്നതാണ്. ഇങ്ങനെയുള്ള ആകസ്മിക വിസ്മയ മനുഷ്യ ജീവിതങ്ങളിൽ ഒന്നു മാത്രമാണ് നമ്മളെന്ന് ഓരോരുത്തരും തിരിച്ചറിഞ്ഞാൽ നമ്മൾ ഭൂമിയുടെ ഉപ്പാകും.
അങ്ങനെ ദേശ -കാല അതിർത്തികൾക്ക് അതീതമായി ഭൂമിയും പ്രകൃതിയും ജീവനെയും ജീവ ജാലങ്ങളെയും ജീവന്റെ ഓരോ തുടിപ്പിനെയും തിരിച്ചറിയാൻ കഴിഞ്ഞാൽ മനുഷ്യന് ജീവിതം അവർ തെരെഞ്ഞടുത്തു നിർമ്മിക്കുന്ന ജീവിത ബോധമാകും. ജീവന് നിദാനം ഭൂമിയും അതിലെ പ്രകൃതിയും കാലാവസ്ഥയുമാണ്. ജീവൻ നമ്മൾ ഉളവാക്കുന്നില്ല. ജനനവും. പക്ഷേ ജീവനിൽ നിന്ന് ജീവിതമുണ്ടാക്കാൻ മനുഷ്യനു കഴിയും.
ഈ ജീവിത ബോധങ്ങളും ബോധ്യങ്ങളും അതിൽ നിന്നുള്ള തിരഞ്ഞെടുപ്പുകളും ഒരു വലിയ പരിധി വരെ സാമൂഹിക -സാമ്പത്തിക -സാംസ്‌കാരിക സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. തലച്ചോറിന്റ വിവിധ പ്രവർത്തനങ്ങൾ ശരീരം ഏകോപിപ്പിച്ചു ഭാഷയും ഭാവനയും ചിന്തകളും വികാര വിചാര വിവേകങ്ങളുമുണ്ടാകുന്നതിനെയാണ് നമ്മൾ പൊതുവെ മനസ്സ്‌ എന്ന് പറയുന്നത്. തലച്ചോറിൽ ഓർമ്മകൾ ഉളവാകുന്നത് കണ്ടും കെട്ടും തൊട്ടും മറ്റു മനുഷ്യരെയും സമൂഹത്തെയും മനസ്സിൽ ആഗീകരിക്കുമ്പോഴാണ്. ഓർമ്മയും അതിനുള്ള മനസ്സുമില്ലെങ്കിൽ മനുഷ്യൻ ഇല്ല.
മനുഷ്യൻ എന്നത് ഓരോ മനുഷ്യന്റെ മനസ്സും സമൂഹമായി ഇണചേർന്നുണ്ടാകുന്ന സ്വയ ബോധമാണ്. നമ്മൾ ഓരോരുത്തരും കാലവും ദേശവും മറ്റു മനുഷ്യരും ഒത്തു ചേർന്നു ഒരുക്കുന്ന സ്വയ ബോധമാണ്. പക്ഷേ മനുഷ്യന്റെ സ്വയ ബോധം മറ്റു മനുഷ്യരെയും കൂടി ആശ്രയിച്ചിരിക്കും. അതാണ് no man is an island എന്ന് പറയുന്നത്.
നീയെല്ലെങ്കിൽ ഞാൻ ഇല്ല. നീയും ഞാനും ഇല്ലെങ്കിൽ നമ്മളില്ല. നമ്മളിലില്ലങ്കിൽ ഞാനില്ല. നീയും ഞാനും നമ്മളും ഒന്നു തന്നെയാണ്. നമ്മൾ നമ്മൾക്കും അപ്പുറമുള്ള കാലദേശപ്രക്രതിയിലെ നൈരന്ത്യരത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവ് ബോധ തലങ്ങളെ തൊടുമ്പോഴാണ് തൗത്വമസി , അഹം ബ്രമ്മാസ്മി എന്ന സർവ്വപ്രപഞ്ച ബോധം നമ്മളെ കാലാതിവർത്തിയായ മനുഷ്യരാക്കുന്നത്.
അങ്ങനെ മനുഷ്യരെ അറിവാൻ തുടങ്ങിയാൽ നമ്മൾ ജീവിതത്തെ വേറിട്ടു കാണുവാൻ തുടങ്ങും. ജനനത്തെയും ജീവിതത്തെയും മരണത്തെയും ഒരു വേറിട്ട വേർപാടിൽ കാണുവാൻ കഴിയും. ഒരു ഡിറ്റാച്ചുമെന്റോടെ.
അങ്ങനെയുള്ളവർക്കു ലിംഗ ജാതി മത ഭാഷാ ദേശ ഭേദങ്ങൾക്ക് അതീതമായി മനുഷ്യനെയും മനസ്സിനെയും തിരിച്ചറിഞ്ഞു ആദ്യമായും അന്ത്യമായും ജീവന്റെ ഒഴുക്കിൽപെട്ട എല്ലാ മനുഷ്യനെയും പ്രകൃതിയുടെ ജീവന്റെ തുടിപ്പായി തിരിച്ചറിവാൻ സാധിക്കും.
അങ്ങനെയുള്ള അറിവുകളും തിരിച്ചറിവുകളുമുണ്ടാകുമ്പോൾ നമ്മൾ ജീവനിൽ നിന്ന് ജന്മ പരിമിതികളെ അതിജീവിച്ചു ജീവിതം മെനെഞ്ഞു എടുത്തു ആഘോഷിക്കുന്നത്.
ജീവിതത്തെ ജീവനോപാധി മാത്രമായി ചുരുക്കുമ്പോൾ ജീവിതത്തിലെ നിറങ്ങളും നിറവുകളും നിനവുകളും മാഞ്ഞുപോയി ജീവിതം എന്ന ആകസ്മിക വിസ്മയത്തെ ആഘോഷിക്കാൻ പലപ്പോഴും മറന്നു പോകും.
When livelihood takes precedence over living. And when living here and now takes precedence over life, we end up chasing means of livelihood and legitimation thereof.
When livelihood options get established and institutionalized we call it a career and career options.
When we run after career status, money and fame, life become a rat-race devoid of a larger sense of purpose of life beyond yourself, time and space. Life itself become a set up of routine habits. Then you never make love. You do sex as a routine habit !
സ്നേഹവും ഭോഗവും സംഭോഗവും ഉപഭോഗവും ജോലിയും ജീവനോപാധിയും എല്ലാം ഒരു നിയന്ത്രത ശീലമായി ജീവിക്കും. റൂട്ടീൻ ജീവിതത്തിൽ ജോലികളിൽ ഒരേ റൂട്ടിൽ ഓടുന്ന പ്രോഗ്രാം ചെയ്ത ഓട്ടോമേറ്റഡ് വാഹനങ്ങളായി മാറുമ്പോൾ ജീവിതം അന്വഷണമറ്റ യാത്രയാകും.
എല്ലാ അറിവുകളും തിരിച്ചറിവും കൊണ്ടു നമ്മളെയും ഭൂമിയെയും മനുഷ്യരെയും അന്വഷിച്ചുള്ള അനുസ്യൂത യാത്രയാണ് ജീവിതം. ഈ ജീവിതം തന്നെ ചരിത്രത്തിന്റെ കുത്തൊഴുക്കിൽ ഒരു തുള്ളി മാത്രമാണ്. നമ്മൾക്കു വീണ്ടും വകതിരിവിൽ വിവേക ബോധമുണ്ടാകുമ്പോഴാണ് നമ്മൾ ഒരേ സമയം ജ്ഞാന യോഗിയും കർമ്മയോഗിയുമാകുന്നത്. അങ്ങനെയുള്ളവർ സര്ഗാത്മകതയും ക്രിയാത്മകതയും മനസ്സാ വാചാ കർമ്മണാ പ്രകാശിപ്പിച്ചു മനസ്സിനെയും മനുഷ്യനെയും സാഹചര്യങ്ങളെയും മാറ്റും.
പല തരം മനുഷ്യർ ഉണ്ട്. ബഹു ജനം പല വിധം. എന്നാൽ പലപ്പോഴും രണ്ടു തരം മനുഷ്യരെകാണുവാൻ സാധിക്കും. ഒന്നാമത്തെ കൂട്ടർ ബഹു ഭൂരിപക്ഷമാണ്. അവർ അവർ വളർന്ന സാഹചര്യങ്ങൾക്ക് അനുസരിച്ചു ജീവിച്ചു മരിക്കും. സാഹചര്യങ്ങളാണ് അവരുടെ ജീവിതത്തെ നിർണ്ണയിച്ചു നിയന്ത്രിക്കുന്നത്. രണ്ടാമത്തെ കൂട്ടർ വളരെ ചെറിയ ന്യൂന പക്ഷമാണ് അവർ മനസ്സിനെയും മനുഷ്യനെയും അറിഞ്ഞു മാറ്റമുണ്ടാക്കി സാഹചര്യങ്ങളെ അതിജീവിച്ചു പുതിയ സാഹചര്യങ്ങളെയുളവാക്കും അല്ലെങ്കിൽ നിമിത്തമാകും . Hence we say wo/man makes his or her destiny.
ജീവിതത്തിൽ തിരെഞ്ഞെടുപ്പുകൾ നടത്താൻ സ്വയം കണ്ടെത്തേണ്ടതുണ്ട്‌. സ്വന്തം രുചികളും അഭിരുചികളും ഉള്ളും ഉൾകാഴ്ച്ചകളും ഇഷ്ടവും ഇഷ്ട്ടക്കേടുകളും ശരീരവും മനസ്സും നമ്മുടെ ഉള്ളിന്റെ ചരിത്രവും.
പിൻ നോട്ടങ്ങളും മുൻ നോട്ടങ്ങളും പാർശ്വ നോട്ടങ്ങളും നമ്മുടെ അനുഭവത്തിലുള്ള കണ്ടറിവിനെയും കേട്ടറിവിനേയും കൊണ്ടറിവാക്കും., അഭിരുചികളും കാഴ്ച്ചകളും കാഴ്ച്ചപാടുകളും സ്ഥായിയായുള്ള ഒരു സ്റ്റാറ്റിക് അവസ്ഥയല്ല. അനുഭവങ്ങളും അനുഭവ പരിസരങ്ങളും മാറുമ്പോൾ അഭിരുചികളും മാറാം.
What we see depends on where do we stand and how do you see and sense. Experiences make and unmake us through the flow of senses, mind and memories.
ജീവിതത്തിൽ സ്വയമറിഞ്ഞും മറ്റുള്ള മനുഷ്യരെ അറിഞ്ഞും തിരിച്ചറിവിൽ നമ്മൾക്ക് ജീവിതത്തിൽ തീരുമാനങ്ങളും വഴികളും കൂട്ടും കൂട്ടാളികളെയും ജോലിയുമൊക്കെ തിരഞ്ഞെടുക്കാനുള്ള പ്രാപ്തിയെയാണ് ഞാൻ ലൈഫ് ചോയ്സ് തിയറി എന്ന് പറയുന്നത്.
അതു കരിയറിന് അപ്പുറമുള്ള ജീവിത വീക്ഷണമാണ്. Wo/man is all about the choices she or he makes and unmake.
ശേഷം അടുത്തതിൽ
ജെ എസ് അടൂർ

കരിയർ എങ്ങനെയാണ് ഇങ്ങനെയായത്?


മനുഷ്യൻ തൊഴിൽ ചെയ്യുന്നതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനം ഇന്നത്തെ കമ്പോള വ്യവസ്ഥയിൽ ജീവിക്കുവാനുള്ള പണം സമ്പാദിക്കുക എന്നതാണ്. അതിനോടൊപ്പം ആ തൊഴിൽ എത്രമാത്രം സന്തോഷം തരുന്നു എന്നതും ഒരു ഘടകമാണ്. മനുഷ്യനു ഏത് പണി ചെയ്യുന്നതിനും കായിക ശേഷിയും ബുദ്ധിയും അത്പോലെ വിവിധ തൊഴിൽ പ്രാപ്തികളും നിപുണതയും വേണം.
ആധുനിക കമ്പോള വ്യവസ്ഥയിൽ തൊഴിലുകളും കമ്പോള വ്യവസ്ഥയുടെ ഭാഗമാണ് . അതു കൊണ്ടു തന്നെ ഓരോ തൊഴിലിനും അതിനു അനുസരിച്ചുള്ള വിലയും നിലയും നിർണ്ണയിക്കുന്നത് അതാത് കാലത്തെ മാർക്കറ്റാണ്. അതാതു തൊഴിലുള്ള ഡിമാൻഡും സപ്പ്ളെയുമനുസരിച്ചു ആ ദേശ -കാല സമൂഹത്തിൽ പ്രതേക തൊഴിലിന്റ/ജോലിയുടെ വില നിലവാരം മാറും.
ഒരുപാടു ആവശ്യമുള്ള ഒരു തൊഴിലിനു കുറച്ചു ആളുകളെ ലഭ്യമായുള്ളങ്കിൽ അതിനു കൂലി കൂടും. ഉദാഹരണത്തിന് നോർവേയിൽ ഒരു പ്ലംബർക്ക് ഒരുമണിക്കൂറിന് ഒരു വ്യവസ്ഥാപിത പ്രൊഫഷണലിനേക്കാൾ കൂടുതൽ കൂലി കിട്ടും. ഒരു നല്ല ഡെന്റിസ്റ്റ് എംഡിക്കാരൻ ഡോക്ട്ടരെക്കാൾ അധികം പൈസ കിട്ടും. അവിടെ പൊതുവെ വേതനം കൂടുതലാണ്. ടാക്‌സും.
മാർക്സ് പണ്ട് പറഞ്ഞത് പോലെ കമ്പോളത്തിൽ നമ്മുടെ മെയ്‌ബലവും ബുദ്ധിയും നിപുണതയും എല്ലാം വിറ്റ് കിട്ടുന്നത് പണമാണ് തൊഴിലകൾക്ക് ജീവനോപാധി. പലപ്പോഴും തൊഴിലിലെ വില നിലവാരം നിർണ്ണയിക്കുന്നത് കമ്പോള ശക്തികളും മുതലാളിത്വ ശക്തികളുമായിരിക്കും. ഒരു കമ്പിനിയിൽ തൊഴിലാളികൾക്ക് കുറച്ചു ശമ്പളം നൽകിയാൽ കമ്പിനിയുടെ ലാഭം വർദ്ധിപ്പിക്കാം.
എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യാവസായിക സാങ്കതിക മുന്നേറ്റത്തിന്റയും മൂലധനത്തിന്റെയും മെഷിന്റെയും അതിനു അനുസരിച്ചുള്ള തൊഴിലിന്റെയും അത് അനുസരിച്ചുള്ള രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾ കാല ദേശത്തിന് അനുസരിച്ചു മാറികൊണ്ടിരുന്നു. ആധുനിക സമൂഹത്തിൽ ഓരോ തൊഴിലിനും അനുസരിച്ചുള്ള വിജ്ഞാന -നിപുണത വ്യ്വസ്ഥപവൽക്കരിക്കുന്നതിന്റർ ഭാഗമായി ആരോഗ്യ -വിദ്യാഭ്യാസ രംഗവും വളർന്നു വന്നു.
ആധുനിക സമൂഹത്തിൽ ആരോഗ്യ പരിപാലനവും വിദ്യാഭ്യാസ വികസനവും സ്ഥാപനവൽക്കരിക്കപ്പെട്ടതിന്റ ഒരു കാരണം കമ്പോള വ്യവസ്ഥക്കും ആധുനിക സമൂഹത്തിനും ആവശ്യമായ ലേബർ ഫോഴ്സിനെ സൃഷ്ടിക്കുക എന്നതാണ് .
പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിലെയോ ഇരുപതാം നൂറ്റാണ്ടിലെ സ്ഥിതി അല്ല ഇന്ന്. ഇൻഫോർമേഷൻ ടെക്നൊലെജി വിപ്ലവവും സോഷ്യൽ മീഡിയയും പ്ലാറ്റ് ഫോം ഇക്കോണമിയും ഗിഗ് ഇക്കോണമിയും സ്മാർട്ട്‌ ഫോണും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും നമ്മൾ ജീവിക്കുന്ന രീതിയും വായിക്കുന്നതും പഠിക്കുന്നതും തൊഴിൽ ചെയ്യന്ന രീതിയും മാറ്റി. യുബർ ഇന്ന് ഒരൊറ്റ ആപ്പിൽ ഏതാണ്ട് 75 ലക്ഷം ഡ്രൈവര്മാരെയും അതിന്റെ പത്തിരട്ടി യാത്രക്കാരെയും കൂട്ടിയിണക്കുന്നു. കോടികണക്കിന് ആളുകൾ ഫേസ് ബുക്കിൽ. അവരെ മാനേജ് ചെയ്യുന്നത് ഓട്ടോമേഷന്റെ സഹായത്താൽ താരതമ്യേന ചെറിയ ടീം ആളുകൾ.
പ്രൊഫെഷണൽ വിദ്യാഭ്യാസം.
യഥാർത്ഥത്തിൽ ഇന്ന് എല്ലായിടത്തും ലഭ്യമായ പ്രൊഫെഷണൽ വിദ്യാഭ്യാസം ഇന്നത്തെ രീതിയിലായിട്ട് നൂറു കൊല്ലം പോലും ആയില്ല. കേരളത്തിൽ ആദ്യത്തെ മെഡിക്കൽ കോളേജ് 1951 ലാണ് തിരുവനന്തപുരത്തു വന്നത്. ഇന്ന് 34 മെഡിക്കൽ കോളേജുകളുണ്ട് . 1939ലാണ് തിരുവനന്തപുരത്തു ആദ്യ എൻജിനിയറിങ് കോളേജ്. ഇപ്പോഴത്തെ കണക്ക് അനുസരിച്ചു 188(അതിൽ കൂടുതലോ ) എൻജിനിയറിങ് കോളേജ് ഉണ്ടെണ്ടെന്നാണ് കണക്ക്.
1857ലാണ് ഇന്ത്യയിൽ ബോംബെ, കൽക്കട്ട, മദ്രാസ് എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റികൾ ആദ്യമായി ഉണ്ടാകുന്നത്. നമ്മൾ ഇന്ന് കാണുന്ന തരത്തിലുള്ള വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന് നൂറ്റമ്പത് കൊല്ലം പോലും പഴക്കമില്ല. ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് 1835ഇൽ കൊളോണിയൽ സർക്കാർ സ്ഥാപിച്ച കൽക്കട്ട മെഡിക്കൽ കോളേജാണ്. 1822 ഇൽ കൽക്കട്ടയിൽ തുടങ്ങിയ ഒരു മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രമാണ് അതു കഴിഞ്ഞു 1835 ഇൽ മെഡിക്കൽ കോളേജ് ആയതു. പോണ്ടിച്ചേരിയിൽ ഫ്രഞ്ച്കാരും ഗോവയിൽ പോർച്ചുഗീസുകാരും, പിന്നെ ബോംബെ, മദ്രാസ്, ചെന്നൈ എന്നിവിടങ്ങളിൽ മെഡിക്കൽ കോളേജുകളുണ്ടായി.
1847 ഇൽ റൂർക്കിയിൽ തുടങ്ങിയ തോംസൺ കോളേജ് ഓഫ് സിവിൽ എൻജീനിയറിങ്ങാണ് ഇന്ന് ഐ ഐ ടി റൂർക്കി
ഇന്ന് നമ്മൾ കാണുന്ന പ്രൊഫെഷണൽ വിദ്യാഭ്യാസം ഇരുപതാം നൂറ്റാണ്ടിൽ വളർന്നു വന്ന ആധുനിക വിദ്യാഭ്യാസത്തിന്റ ഭാഗമാണ്. ഇന്ന് കാണുന്നതരത്തിൽ പ്രൊഫെഷണൽ വിദ്യാഭ്യാസമുണ്ടായിട്ടു 80 കൊല്ലങ്ങളെ ആയിട്ടുള്ളൂ.
1970 കളുടെ ആദ്യം ഞങ്ങളുട വീട്ടിൽ (അമ്മയുടെ വീട്ടിലാണ് ബാല്യകാലം )ഒരു ചേട്ടന് എം ബി ബി എസ് കിട്ടിയത് വലിയ സംഭവമായിരുന്നു. ആ ഇലവുംതിട്ട ദേശത്തു ആകെ രണ്ടു ഡോക്ടർമാരെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ വീട് തന്നെ അറിയപ്പെട്ടത് ഡോക്ടറുടെ വീട് എന്നാണ്. ഇപ്പോൾ ഡോക്ട്ടറുമാരെ തട്ടിയിട്ട് നടക്കാൻ മേല. ഞങ്ങളുട കുടുംബത്തിൽ തന്നെ ഡസൻ കണക്കിന്. എന്റെ അമ്മ 1954 ൽ നേഴ്സിങ് കഴിഞ്ഞപ്പോൾ ഞങ്ങളുട കുടുംബത്തിൽ നഴ്‌സ്മാരില്ല. അമ്മ നേഴ്‌സിങ് സ്കൂൾ പ്രിൻസിപ്പലായി റിട്ടയർ ചെയ്തപ്പോഴേക്കും മൂന്നു തലമുറ നഴ്‌സ് മാർ കുടുംബത്തിൽ ലോകം എമ്പാടും പോയി ജോലി ചെയ്യുന്നു.
കാരണമെന്താണ്? ഇന്ന് വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും പണാധിപത്യ കമ്പോളവൽക്കരണത്തിന്റ ഭാഗമാണ്.
മുമ്പ് കൊളോണിയൽ ഭരണ ലോജിക്കിന്റെ ഭാഗമായോ മിഷനറി സോഷ്യൽ ചാരിറ്റിയുടെ ഭാഗമായി വളർന്നു വന്ന വിദ്യാഭ്യാസ ആരോഗ്യ രംഗം ഇരുപതാം നൂറ്റാണ്ടിൽ ക്ഷേമ രാഷ്ട്ര യുക്തിയുടെ കോമ്മൺ ഗുഡ് ആകുകയും പിന്നെ കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷങ്ങളിൽ മാർക്കറ്റ് ലോജിക്കിന്റെ ഭാഗമായി.
എല്ലാം ഇൻവെസ്റ്റ്‌മെന്റ് മാത്രമാണോ?
ഇന്ന് വിദ്യാഭ്യാസത്തെ ഒരു ഇൻ വ്ർസ്റ്മെന്റായി കാണുന്ന സാമ്പത്തിക സംരംഭകരും അതിന്റെ ഉപഭോഗ്താക്കളായി മാറുന്ന ആളുകൾ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസവും ഉയർന്ന ജോലിയിൽ കൂടുതൽ തൊഴിൽ കിട്ടുവാനുള്ള ഒരു ഇൻവെസ്റ്മെന്റായാണ് കാണുന്നത്. അങ്ങനെ കൂലി കൂടുതൽ കിട്ടുന്ന ജോലിക്കായുള്ള കോഴ്സിന് ബാങ്ക് വായ്പ്പകൾ നൽകും.
എന്നാൽ സാഹിത്യം പഠിക്കാനോ അല്ലെങ്കിൽ ഭാഷയോ സാമൂഹിക ശാസ്ത്രം പഠിക്കാനോ ലോൺ കൊടുക്കാൻ ബാങ്കുകൾ മിക്കവാറും തയ്യാറല്ല. കാരണം സാഹിത്യത്തിനും സാമൂഹിക ശാസ്ത്രത്തിനും ശാസ്ത്രം വിദ്യാഭ്യാസത്തിനും കമ്പോള നിലവാരം അധികമില്ല.
പ്രൊഫഷണൽ വിദ്യാഭ്യസത്തിനുള്ള ഓട്ടപാച്ചിൽ.
പലപ്പോഴും അവരവരുടെ കുട്ടികളുടെ അഭിരുചികൾ എന്തെന്ന് അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ അവരെ പല തരം പ്രൊഫഷണൽ വിദ്യാഭ്യസ രംഗത്തേക്ക് തള്ളി വിടും.
അതിന് ഒരു കാരണം പ്രൊഫഷണൽ ഡിഗ്രികൾക്കുള്ള മാർക്കറ്റാണ്. ജോലി വിപണിയിലും കല്യാണ വിപണിയിലും ഇന്ന് 'പാക്കേജ് ' എന്ന പേരിൽ അറിയപ്പെടുന്ന പണകിഴിയും പേർക്ക്സ് എന്ന പേരിലുള്ള സൗകര്യങ്ങളും ജീവിതത്തിൽ പ്രധാന ഘടകമാണ്. അതാണ് ഉപഭോഗത്തിന്റയും ഭോഗത്തിന്റെയും പ്രത്യുൽപ്പാദനത്തിന്റെയും ലോജിക് നിർണ്ണയിക്കുന്നത്. ഇന്ന് വിവാഹവും കുട്ടികളും സ്‌കൂളും എല്ലാം തന്നെ പണസംസ്കാര സ്റ്റാറ്റസ് സിംബലുകളാണ്. അതാണ് ഇന്ന് സെമി ഫ്യുഡൽ സംസ്കാരവും പണാധിപത്യ വ്യവസ്ഥയുടെ 'നോർമൽ 'ലോജിക്.
എന്റെ കുടുംബത്തിൽ മനോഹരമായി കഥകളും കവിതകളും എഴുതുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. വളരെ സർഗാത്മക ഭാവനായുള്ള പെൺ കുട്ടി. അവൾക്ക് സാഹിത്യം പഠിച്ചു ജേണലിസ്റ്റോ അധ്യാപികയോയായി എഴുത്തുകാരിയകനായിരുന്നു മോഹം. പക്ഷേ സാഹിത്യത്തിനും ഭാവനക്കും ജീവിക്കാനുള്ള പണവും പദവിയും തരാനുള്ള സാധ്യത വിരളമാണ് എന്ന ലോജിക്കിൽ ആ കുട്ടിയെ പ്രൊഫഷണൽ കോഴ്സിന് വിട്ടു. അതോടെ അവരുടെ എഴുത്തു നിന്നു.
ഏതാണ്ട് ഇരുന്നൂറ് ചെറുപ്പക്കാരെ നേരിട്ട് മെന്റർ ചെയ്തിട്ടുണ്ട്. അവരിൽ ഒരുപാടു പേർ മെഡിസിനും എഞ്ചിനിയറിങ്ങും എം സി എ യൊക്കെ ചെയ്തു ഏതാണ്ട് നാലും അഞ്ചും കൊല്ലം കഴിഞ്ഞു അതു വേണ്ട എന്ന് പറഞ്ഞവരാണ്. പലരും പല തരം പിരിമുറക്കങ്ങളിൽ കൂടെയോ ഡിപ്രെഷ്യനിൽ കൂടെയോ കടന്നു പോകുന്നവർ.
പലരും മാതാപിതാക്കളുടെ സ്വപ്‌നങ്ങൾക്കോ അല്ലെങ്കിൽ പീയർ പ്രഷർ കൊണ്ടോ ഏതെങ്കിലും പ്രൊഫഷണൽ കരിയറിൽ എത്തി ചേർന്നവർ. അതിൽ പലരും ഒരു മിഡിൽ ലെവൽ മാനേജ്‌മെന്റിൽ തന്നെപെട്ടുപോയി ജോലിയിഷ്ടമില്ലെങ്കിലും ഈ എം ഐ യിൽ പെട്ടു ഒരു അൺഹാപ്പി മാര്യേജ് പോലെ കൊള്ളാനും തള്ളാനും വയ്യാത്ത അവസ്ഥയിലാണ്.
അതു കൊണ്ടു തന്നെ അഭിരുചിയും സന്തോഷവും സര്ഗാത്മകതയും ക്രിയാത്‌മകതയും ഭാവനയും അതിൽ നിന്നുണ്ടാകുന്ന പാഷനും ഒരു ജോലിയിൽ സന്നിവേശിപ്പിച്ചില്ലെങ്കിൽ ആ രംഗത്തു വലിയ അളവിൽ ശോഭിക്കുവാനോ ഉന്നത തലത്തിൽ എത്തുവാനോയുള്ള സാധ്യത കുറവാണ്.
ഒരാൾ എന്ത് എന്തു കൊണ്ടു എങ്ങനെ എപ്പോൾ തിരഞ്ഞെടുക്കണമെന്നത് പ്രധാനമാണ്. ഒരാളുടെ അഭിരുചിയും (aptitude ),, ഹൃദയ വികാര വിചാരവും (heart set ), മാനസിക കാഴ്ചപ്പാടും (mindset ), നൈപുണ്യ പ്രാപ്തികളും (skill set ) ഒരുമിച്ചു വരുമ്പോൾ അയാൾക്ക് സർഗ്ഗാത്‌മകമായും ക്രിയാത്മക്മയും ജോലി ചെയ്യാൻ കഴിയും. അങ്ങനെ ചെയ്യുന്ന ഒരാൾ അതിൽ പാഷനോട് കൂടി ജോലി ചെയ്യുമ്പോൾ അവർ അനുദിനം പഠിച്ചു പാഠങ്ങൾ ഉൾക്കൊണ്ട്‌ പ്രകാശം പരത്തും. അവർ ആ മേഖലയിൽ അവരെ അടയാളപെടുത്തും.
പലരും കിട്ടുന്ന ജോലികളിൽ വച്ചായിരിക്കും സ്വയം തിരിച്ചറിയുന്നത്. അതിൽ ചിലർ താദാത്മ്യം പ്രാപിച്ചു റീ അലൈൻ ചെയ്തു ആ രംഗത്തു വിജയിക്കും.
അടുത്തത് കരിയറിന് അപ്പുറം ഒരനുഭവ സാക്ഷ്യം
ജെ എസ് അടൂർ

Friday, February 14, 2020

ജോലിക്കും കൂലിക്കും അപ്പുറമുള്ള സ്വാതന്ത്ര്യം

.
മനുഷ്യന് ജീവിക്കാൻ ജീവനോപാധികളും സമൂഹവും സാഹചര്യങ്ങളും ആവശ്യമാണ്. ശ്വസിക്കാൻ വായു, കുടിക്കുവാൻ വെള്ളം, ഭക്ഷണം, ഭാഷ, വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം എന്നിവ എല്ലാ മനുഷ്യർക്കും ആവശ്യമാണ്.
ഓരോ മനുഷ്യർക്കും ആവശ്യമായ മൂല്യങ്ങൾ നേടാനുള്ള പ്രാപ്തിയും സ്വാതന്ത്ര്യവുമാണ് ഒരു വ്യക്തിയുടെ സമൂഹത്തിന്റെയും വികസനത്തിനാധാരം. Development is the expansion of freedom based on capabilities എന്നാണ് അമർത്യ സെൻ അദ്ദേഹത്തിന്റെ Development as Freedom എന്ന പുസ്തകത്തിൽ വിവരിക്കുന്നത്.
മനുഷ്യനു ജീവിക്കാനുള്ള ചുറ്റുപാടുകളിൽ ഉള്ളിലും വെളിയിലുമുള്ള സ്വാതന്ത്ര്യ ബോധമാണ് നമ്മളെ സർഗ്ഗശക്തിയുള്ളവരും കാര്യപ്രാപ്തരുമാക്കുന്നത്. ഓരോ മനുഷന്റെയും ഉള്ളിലെ സ്വാതന്ത്ര്യ വാഞ്ചയും അതിൽ നിന്നുളവാകുന്ന ഓരോ വ്യക്തിക്കുമുള്ള സ്വാഭിമാന സ്വത്വ ബോധവുമാണ് അവകാശങ്ങളുടെയും സാമൂഹിക ഉത്തരവാദിത്ത ബോധങ്ങളുടെയും ആധാരം. ഇതിനുള്ള സാമൂഹിക സാഹചര്യങ്ങളാണ് എല്ലാ മനുഷ്യർക്കും ഒരുപോലുള്ള സ്വാഭിമാനത്തെ (human dignity )അംഗീകരിക്കുന്ന മനുഷ്യ അവകാശങ്ങളും അതു നിലനിർത്താനുള്ള സാമൂഹിക സ്വാതന്ത്ര്യവും.
അങ്ങനെ എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യത്തിലൂടെ വികസിക്കുവാനുള്ള സാഹചര്യമാണ് മാനവ വികസനവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള മാനവ വികസന സൂചികയും.
മനുഷ്യൻ നിരന്തരം നേരിടുന്ന ഒരു പ്രശ്‍നമുണ്ട് ഉള്ളിലുള്ള സ്വാതന്ത്ര്യ വാഞ്ചയെ സമൂഹത്തിന് അനുരൂപമായി എങ്ങനെ നീക്കുപോക്കുകൾ നടത്തി ജീവിക്കും എന്നതാണ്. വ്യക്തിയുടെ സ്വാതന്ത്ര്യ -സ്വയം ബോധ സ്വത്വവും സാമൂഹിക സ്വത്വ ബോധവും തമ്മിൽ പലപ്പോഴുമുള്ള വൈരുദ്ധ്യങ്ങളെ എങ്ങനെയാണ് ഓരോരുത്തരും സന്നിവേശിപ്പിക്കുന്നത് എന്നത് ഓരോരുത്തരും പല രീതിയിലാണ് നേരിടുന്നത്.
നമ്മൾ ഓരോരുത്തരും ഉള്ളിൽ പേറുന്ന ആഗ്രഹങ്ങളും സ്വപ്‌നങ്ങളും വീട്ടിലും നാട്ടിലും സാധുത കിട്ടിയില്ലെങ്കിൽ സ്വരചർച്ചകൾ നമ്മളുടെ ഉള്ളു ഉലക്കും. നമ്മളുടെ ഉള്ളിലെ ഉൾകാഴ്ച്ചകളെ കാമനകളെ എല്ലാം വീട്ടു നടപ്പും നാട്ടുകൂട്ടവും കൂട്ടിലടക്കും. നമ്മൾ എന്ത് എങ്ങനെ പഠിക്കണമെന്നും എന്തൊക്ക ജോലിഎടുക്കണമെന്നും പലപ്പോഴും ആരെ കല്യാണം കഴിക്കണം എന്നതു പോലും അതാതു കാലത്തെ വീട്ട് സാഹചര്യങ്ങളും നാട്ടു നടപ്പുമാണ്.
ലോകത്തുള്ള മിക്കവാറും പേർ സ്വയ സ്വാതന്ത്ര്യബോധത്തെയും സ്വയം തിരഞ്ഞെടുക്കുവാനുള്ള പ്രാപ്തികളെയും വീട്ടിലും നാട്ടിലും അടിയറവ് വച്ചു നാട് ഓടുമ്പോൾ നടുവേ ഓടുന്നതാണ് പതിവ് രീതി.
നാട് ഓടുമ്പോൾ നടുവേ ഓടുന്നവർ നാട്ടു നടപ്പ് അനുസരിച്ചു ജീവിച്ചാൽ വീട്ടിലും സന്തോഷം നാട്ടിലും സന്തോഷം എന്നതാണ് സാധാരണഅഡ്ജസ്റ്റ്മെന്റ് ജീവിതം.
നമ്മൾ ജീവിക്കുന്നത് നമ്മുടെ സന്തോഷത്തിന് മാത്രമല്ല. കാരണം നമ്മുടെ സന്തോഷം നമ്മുടെ ജീവിതത്തിന്റെ ഭാഗമായവരുടെ സന്തോഷം കൂടിയാണ്. എന്നാൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സ്വന്തം സന്തോഷം ഇല്ലാതാക്കുന്നതാണ് വല്ലാതെ മിക്കവരെയും കുഴക്കുന്ന ഒരാവസ്‌ഥ. പലപ്പോഴും ഒരുപാടു മനുഷ്യർ ഉള്ളിൽ നീറുന്നത് അവരുടെ സ്വാതന്ത്ര്യ ബോധവും ആഗ്രഹങ്ങൾക്കും കൂച്ചു വിലങ്ങിട്ടു ജീവിക്കേണ്ടി വരുന്ന മാനസികഅവസ്ഥയാണ്.
ജീവനോപാധിയായി തിരഞ്ഞെടുക്കുന്ന ജോലിയോട് പലരും പല രീതിയിലാണ് സമരസപ്പെടുന്നത്. ഇതിൽ പ്രധാനമായും നാലു തരക്കാരുണ്ട്.
ഒന്നാമത്തെ കൂട്ടർക്കു ജോലിയും കൂലിയും അത് രണ്ടിലുമുള്ള പദവിയും പ്രധാനമാണ്. അതു മൂന്നും കിട്ടി കല്യാണവും കഴിച്ചു കുട്ടികളായി വീട് വച്ചു കാറു വാങ്ങി '' സെറ്റിൽ 'ആകുന്ന ബഹു ഭൂരിപക്ഷം. കരിയറിന്റ ഉദ്ദേശം തന്നെ 'സെറ്റിൽ ' ആകുക എന്നതാണ് ഈ കൂട്ടർക്ക് പ്രധാനം.
രണ്ടാമത്തെ കൂട്ടർക്ക് ജീവനോപാധിക്ക് വേണ്ടി ജോലിയും കൂലിയും വേണമെങ്കിലും അവർ സാമ്പ്രതായിക ജോലിയും പദവിയും ജീവിത പ്രയോഗിതക്കായി മാത്രം ചെയ്യുന്ന ഒന്നാണ്. അതിനപ്പുറം അവരുടെതായ വഴികൾ കണ്ടെത്തുന്നവരാണ്. അവർക്കു ജോലി കൂലികിട്ടാനുള്ള ഉപാധി മാത്രമാണ്. അതിനപ്പുറം അവർ ഭാവനകൊണ്ടും ഭാഷകൊണ്ടും ക്രിയാത്മകത കൊണ്ടും സ്വാതന്ത്ര്യരാകും
. അവർ പലപ്പോഴും എഴുത്തുകാരും ചിത്രകാരൻമാരും സാമൂഹിക പ്രവര്തകരുമൊക്ക അസാധരണ കാര്യങ്ങൾ സാധാരണ ജോലിയോടൊപ്പം ചെയ്യും. അങ്ങനെയുള്ളവരിൽ പലരും വെളിയിൽ 'സെറ്റിൽ 'ആയി എന്ന ധാരണ പരത്തി ഉള്ളിൽ അൺസെറ്റിൽഡാണ്. മിക്കവാറും സർഗാത്മക പ്രവർത്തനം നടത്തുന്നവർ ഉള്ളിൽ അലകടൽ കൊണ്ടു നടക്കുന്ന റസ്റ്റ്‌ലെസ്സ് മനുഷ്യരാണ്.
മൂന്നാമത്തെ കൂട്ടർ സ്വയം തിരെഞ്ഞെടുപ്പുകൾ നടത്തുന്നവരാണ്. അവർ വീട്ടു നടപ്പിനും അപ്പുറം ചിന്തിച്ചു സ്വയം തിരഞ്ഞെടുപ്പുകൾ നടത്താൻ ഉള്ളിൽ പ്രാപ്തിയും അതു നടപ്പാക്കാൻ ഇശ്ചാ ശക്തിയുള്ളവരാണ്. അവർ അവരുടെ ഉള്ളിലെ സ്വാതന്ത്ര്യ ബോധം ആവാഹിച്ചു ആഗ്രഹങ്ങളും ഇഷ്ട്ടങ്ങളും ഇഷ്ട്ടം പോലെ ചെയ്യുന്നവരാണ്. അങ്ങനെ ഉള്ളിൽ സ്വാതന്ത്ര്യബോധവും സ്വയം തിരിച്ചറിവുമുള്ളവർ അവരവരുടെ ജോലി അവരവരുടെ അഭിരുചിക്ക് അനുസരിച്ചു തിരഞ്ഞെടുക്കും.
വീട്ട്കരുടെ പറയുന്ന വഴിയിൽ നടക്കാതെ അവർ അവരുടെ വഴി കണ്ടെത്തും. ആർക്ക് വേണ്ടിയും ജോലിചെയ്യാൻ ആഗ്രഹിക്കാത്തവർ സംരംഭകരാകുകയോ സ്വയം തൊഴിൽ സ്വതന്ത്രമായി ചെയ്തു ജീവിക്കും. ഇങ്ങനെയുള്ളവർക്കു അവർ ചെയ്യുന്ന ജോലി ഉള്ളിലെ സ്വാതന്ത്ര്യതിന്റെയും സർഗാത്മകതയിടെയും നിറവേറ്റലാണ്. For them work is a creative xpression of thier inner freedom and life.
അങ്ങനെ ഉള്ളിലുള്ള സ്വാതന്ത്ര്യബോധത്തെ സര്ഗാത്മകവും ക്രിയാത്മകവുമാക്കുന്ന മനുഷ്യർക്ക് അവർ ചെയ്യുന്നത് കരിയർ അല്ല. അവർ ഉള്ളിൽ നിന്നും ഡ്രൈവാനായിട്ടുള്ള ആളുകളാണ്. അവർക്കു അവർ ചെയ്യുന്നത് സന്തോഷത്തിനു വേണ്ടിയാണ്. അങ്ങനെയുള്ളവർ അവർ തിരെഞ്ഞെടുത്ത മണ്ഡലങ്ങളിൽ ശോഭിക്കും നേതൃത്വ സ്ഥാനത്തെത്തും.
അവരിൽ പലരും വിജയ പരാജയങ്ങൾക്കപ്പുറം ജ്ഞാനയോഗിയും കർമ്മയോഗയുമായി സാഹചര്യങ്ങളെയും സമൂഹത്തെയും മാറ്റും. ഇവരിൽ പലരും ഉള്ളിൽ നോൺ കന്ഫെമിസ്റ്റുകളായിരിക്കും. അവർ നിരന്തരം സ്വയമായി ചോദ്യം ചെയ്യുന്നവരും സമൂഹത്തോട് ചോദ്യങ്ങൾ ചോദിക്കുന്നവരുമാണ്.
നാലാമത്തെ കൂട്ടർ പല തരത്തിലുള്ള ബദൽ ജീവിതവും റിബൽ ജീവിതവും തിരഞ്ഞെടുക്കുന്നവരാണ്. അവർക്ക് വീട്ടുകാരും നാട്ടുകാരും ഒന്നും വിഷയം അല്ല. പോണാൽ പോകട്ടും പോടാ എന്നു ഒന്നിനെയും വക വയ്ക്കാതെ തോന്നിയത് പോലെ ജീവിക്കുന്ന താന്തോന്നികൾ. അവരിൽ പൂർണ്ണ സ്വാതന്ത്ര്യ സര്ഗാത്മകതയോടെ ജീവിക്കുന്നവരുണ്ട്. നാറാണത്ത് ഭ്രാന്തന്മാരുണ്ട്. ജീവിതത്തെ ആഘോഷമാക്കി തട്ടിഉടച്ചു കളയുന്നവരുണ്ട്. കവികളും അവധൂതരും പ്രവാചകരുമുണ്ട്. സമൂഹത്തെയാകെ മാറ്റി മറിച്ചവരുണ്ട്. ഇപ്പോഴും മോട്ടർ സൈക്കിൾ ഡയറിയും ചെഗുവേരയും ചെറുപ്പക്കാരെ ത്രസിപ്പിക്കുന്നത് അതു കൊണ്ടാണ്. ജോൺ എബ്രഹാമും കവി അയ്യപ്പനും ആഘോഷിക്കപ്പെടുന്നതിന്റെ ഒരു കാരണം പൂർണ്ണ സ്വാതന്ത്ര്യമായി വീട്ടിലെയും നാട്ടിലെയും രാജിനെപൊളിച്ചു അരാജത്വത്തോടെ ഉള്ളിലെ സ്വാതന്ത്ര്യത്തെ കയറൂരി വിടാനുള്ള ആഗ്രഹം കൊണ്ടാണ്.
ഈ നാലു അവസ്ഥകളും അത് പോലെ മനുഷ്യന്റെ തിരഞ്ഞെടുപ്പുകളും വാട്ടർ ടൈറ്റ് കമ്പാർട്ടുകൾ അല്ല. പലരും ഒരവസ്ഥയിൽ തുടങ്ങി പല അവസ്ഥകളിലേക്ക് പരകായ പ്രവേശനം നടത്തും. പല അവതാരങ്ങളിൽ പ്രത്യക്ഷപ്പെടുവാൻ പ്രാപ്തിയുള്ളവരും പല മുഖം മൂടികൾ ഉപയോഗിച്ച് പല രീതിയിൽ സാമൂഹിക പൂട്ടുകൾ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇട്ട് പുറത്തു കടക്കുന്നവനാണ് മനുഷ്യൻ. റോബർട്ട് സ്റ്റീവ്ര്നസെൻ എഴുതിയ ഡോ. ജെക്കിൽ ആൻഡ് മിസ്റ്റർ ഹൈഡ് എന്നീ ഇരട്ട ജീവിതങ്ങൾ ജീവിക്കാൻ കഴിവുള്ളവരുമുണ്ട്.
ഒരാളുടെ കരിയർ അയാളെ നിർവചിക്കുന്നോ അതോ അയാൾ സ്വന്തം കരിയർ നിർവചിക്കുന്നോ എന്നതാണ് മനുഷ്യരെ വ്യത്യസ്ഥരാകുന്ന ഒരു ഘടകം. മിക്കവാറും പേരെ നിർവചിച്ചു സാമൂഹ്യ സ്വതം കൊടുക്കുന്നത് അവരുടെ കരിയറിന്റ പദവിയും പണവുമാണ്.അതു പോലെ അതു നൽകുന്ന അധികാരവും അധികാര പത്രാസും.
സിവിൽ സർവീസ് എഴുതുന്ന പലരോടും ചോദിച്ചിട്ടുണ്ട് അവരുടെ പ്രേരണ എന്താണ് എന്നത്. ചിലർ സത്യം പറഞ്ഞിട്ടുണ്ട്. അതു നൽകുന്ന അധികാര പദവിയും സമൂഹം അതിന് നൽകുന്ന വിലയും നിലയും അധികാര സന്നാഹങ്ങളുമാണ് അതിനെ ആകര്ഷകമാക്കുന്നത്.അങ്ങനെയുള്ള കരിയർ പദവിയാണ് അവരെ നിർവചിക്കുവാൻ പോകുന്നത്. അതെ സമയം ഫ്യുഡൽ സമൂഹങ്ങളിലുള്ള സർക്കാർ കാര്യസ്ഥ പണിയോളം ആകര്ഷകമല്ല സാമ്പത്തികമായി വളർച്ച നേടിയ സമൂഹങ്ങളിലെ സർക്കാർ ജോലികൾ.
പദവി എന്നത് കാല ദേശങ്ങക്കനുസരിച്ചു മാറുന്ന ഒന്നാണ്. ഇന്ത്യയിൽ ഒരു ഐ എ എസ്സ് കാരൻ അല്ലെങ്കിൽ ഒരു യൂ എൻ ഉദ്യോഗസ്ഥൻ എന്നു പറഞ്ഞാൽ വലിയ കാര്യമാണ്. മറ്റു പല രാജ്യങ്ങളിലെയും അവസ്ഥ വെത്യസമാണ്. പദവികൾ സാമൂഹിക ധാരണകളാണ്. Power is not what you have but what others perceive you have.
നിങ്ങളുടെ ജോലിയും അധികരവും പദവിയുമാണ് നിങ്ങളെ നിർവചിക്കുന്നുവെങ്കിൽ അതു പോകുമ്പോൾ ആരും നിങ്ങളെ ഗൗനിച്ചു എന്നു വരികില്ല. എന്നാൽ നിങ്ങളാണ് നിങ്ങളുടെ കരിയാറിനെയും ജീവിതത്തെയും നിർവചിച്ചു രൂപപ്പെടുത്തുന്നുവെങ്കിൽ ഒദ്യോഗിക ജോലി കഴിഞ്ഞും നിങ്ങൾ റിട്ടയർ ആകില്ല. മരണം വരെ റിട്ടയർ ആകില്ല.
The key question is whether you choose your career or career choose you. Whether you define your career or career defines you. The key question is whether your work is a creative expression of your life or whether your life depends on your career. Life is primarily about choice that human beings make and unmake.
ജീവിതത്തിൽ പഠിച്ച പാഠങ്ങൾ മക്കൾ രണ്ടു പേരോടും പറയും.
Don't chase a career. Let the career come in search of you. Don't chase money. Let it come after you. Don't chase the positions of power. Let it come after you. Don't follow fame.Make it follow you. Don't follow the world. Let it come to you.
What matters is a deep.awareness about our self in relation to others, society, world and history. It is critical self reflections enable us to evolve our own philosophy of life ; discovering and rediscovering and reinvention yourself in relation to the world with and beyond.
When you are able to connect the world within, world around and world beyond you begin to build bridges of freedom that can outlive you. When you begin to make change within you and beyond you, you will begin to make a difference. When you find a larger purpose in life beyond you that drive you to the realization of freedom within life and death
ജെ എസ് അടൂർ

കരിയറിനു അപ്പുറം : ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ


മനുഷ്യനു സ്വയം ചിന്തിച്ചു അവരവരുടെ വഴികൾ തിരഞ്ഞെടുത്തു അവരവരുടെ ചിന്തകൾക്ക് അനുസരിചുള്ള ജീവിത ലക്ഷ്യങ്ങളെ നിർമ്മിക്കാൻ ആകുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്. അതു മൂന്നു രീതിയിൽ മാർക്‌സും വിവേകാനന്ദനും ഗാന്ധിയും പറഞ്ഞിട്ടുണ്ട്. Wo/man make his /her destiny.
മനുഷ്യർ മറ്റു മൃഗങ്ങളെക്കാൾ വ്യത്യസ്തരാകുന്നത് അവർക്കു ചിന്തിച്ചു സർഗാത്മകവും ക്രിയാത്മകവുമായി പ്രവർത്തിച്ചു ഭാഷ വിനിമയത്തിലൂടെ സംഘടിച്ചും അല്ലാതെയും തിരെഞ്ഞെടുപ്പുകൾ നടത്തുവാൻ കഴിയുന്നുവെന്നതാണ്. മനുഷ്യന്റെ ചിന്ത ശേഷിയും ഭാവന ശേഷിയും ഭാഷ ശേഷിയും ഏകോപിപ്പിച്ചു സാമൂഹിക ജീവിയായി ഭൂമിയിൽ കാലത്തിനും ദേശത്തിനും അപ്പുറം വിനിമയങ്ങൾ നടത്താനുള്ള അതിജീവന ശേഷിയുമാണ് മനുഷ്യരെ മറ്റു മൃഗങ്ങളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.
പക്ഷേ മിക്കവാറും മനുഷ്യർ നാട്ടു നടപ്പും വീട്ടു നടപ്പുമായ ശീലങ്ങൾ ആഗീകരിച്ചു അതാതു കാലത്തെ സമൂഹത്തിലെ മുഖ്യധാര ധാരണകളിൽ ജനിച്ചു ജീവിച്ചു മരിച്ചു നിർമാർജനം ചെയ്തു മറയുന്നതാണ് സാധാരണ സ്ഥിതി. കാരണം അതു താരതമ്യന എളുപ്പമാണ് മിക്കവർക്കും.
നമ്മൾ ജനിച്ചു കഴിഞ്ഞു നമ്മുടെ പേരും, നാളും നാൾവഴികളും ജാതി -മത വിശ്വാസ ധാരകളും, ഭക്ഷണ രീതിയും വസ്ത്ര ധാരണ രീതിയും ജീവിക്കുന്ന വിധികളും മുൻ വിധികളും മരിക്കുന്ന രീതികൾ പോലും അതാത് കാലത്തെ സമൂഹത്തിനും സാങ്കേതിക വിജ്ഞാന -വിചാര ധാരണകൾക്ക്‌ അനുസരിച്ചു ഇരിക്കും.
നമ്മുടെ പേരു തിരഞ്ഞെടുക്കുന്നിടം തൊട്ട് നമ്മളെ ആണും പെണ്ണുമാക്കി തരം തിരിച്ചു മതവും സമൂഹവും നമ്മുടെ അടിസ്ഥാന സ്വത്വത്തെ തിരഞ്ഞെടുത്തു നമ്മളുടെ പേരിൽ ചാർത്തി തരുന്നു. അതു ഒരു തരം ജിയോ റ്റാഗ്ഗിംഗും അതിനപ്പുറവുമാണ്.
ഒരു പേരിൽ എന്തിരിക്കുന്നു . എന്ന് ഷേക്സ്പിയർ ജൂലിയസ് സീസറിലെ സംഭാഷണത്തിലൂടെ ചോദിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം ചോദിക്കുന്നുണ്ട് റോസാപ്പൂവിനേ എങ്ങനെ വിളിച്ചാലും അതു സുഗന്ധം പരത്തുമെന്ന്. പക്ഷേ മനുഷ്യന്റെ സ്ഥിതി അതല്ല. അവിടെ ഒരു പേരിളാണെല്ലാം. മനുഷ്യന്റ ജീവിത സ്വയം ബോധത്തിന്റെയും സത്വ ബോധത്തിന്റെയും സാമൂഹിക അസ്തിത്വവും തുടങ്ങുന്നത് ഒരു പേരിലാണ്.
അതു കൊണ്ടാണ് പലപ്പോഴും മനുഷ്യൻ സമൂഹത്തിൽ വിവിധ അധികാരരൂപങ്ങളിൽ പേരുമാറ്റി ആൾമാറാട്ടം നടത്തുന്നത്. ഇതു അറിയാവുന്ന പുരോഹിത വർഗ്ഗം പലപ്പോഴും പുതിയ പേരുകൾ സ്വീകരിക്കും. അത് ഒരു സാമൂഹിക അസ്ത്വത്ത മാറ്റമാണ്. എഴുത്തുകാരും അതു ചെയ്യാറുണ്ട്. എന്റെ തന്നെ പേര് മാറ്റി ഉപയോഗിക്കുന്നത് പേരും മനുഷ്യനു സ്വയം തിരഞ്ഞെടുക്കാൻ സാധിക്കും എന്ന അടയാളപ്പെടുത്തലും കൂടിയാണ്.
നമ്മൾ ജനിച്ച സമൂഹം നമ്മൾ അറിയാതെ തന്നെ തിരഞ്ഞെടുപ്പുകളും സ്വത സ്ഥിതിയും തിരഞ്ഞെടുത്തു ഒരു കള്ളിയിലും കണ്ണിയിലുമാക്കുകയാണ്. നമ്മളുടെ പേര് കൊണ്ടു ജാതി മത അടയാളപ്പെടുത്തലുകൾ നടത്തി നമ്മളെ അവിടെപൂട്ടും. അതു കഴിഞ്ഞു വീട്ടുകാരും സമുദായവും സമൂഹവും വരച്ചു തന്ന ശീലങ്ങളിലൂടെ മാർഗ്ഗങ്ങളിലൂടെ ജനിച്ചു ഭക്ഷിച്ചു പഠിച്ചു, ഭോഗിച്ചു പ്രത്യുൽപ്പാദനം നടത്തി കുടുംബത്തേ നിലനിർത്തി സമൂഹത്തെ നിരന്തരം നിലനിർത്തി ജീവിച്ചു മരിച്ചു പോകുന്ന ഒരു മുൻകൂട്ടി കൽപ്പിച്ച ശീലധാരയിൽ റൂട്ടിൻ പ്രോഗ്രാമിങ്ങിനു നമ്മുടെ കുടുംബവും സമുദായവും സംഘ ശക്തികളും നമ്മളെ രൂപപ്പെടുത്തി നിർമ്മിക്കും. അതാണ് 'നോർമൽ ' എന്ന് പറയുന്ന കോമൺസെൻസ്
അതിന് വെളിയിൽ മനുഷ്യൻ കടക്കുന്നത് ഭാവനയുടെയും ഭാഷയിലൂടെയുമാണ്. ഭാഷയില്ലാതെ ഭാവനയോ ഭാവന ഇല്ലാതെ ഭാഷയോ ഇല്ല. എന്നാൽ ചിന്ത കൊണ്ടും ഭാവനകൊണ്ടും ഭാഷകൊണ്ടും മനുഷ്യനു കണ്ടറിവും കേട്ടറിവും കൊണ്ടറിവും തിരിച്ചറിവുമുണ്ടാകുമ്പോഴാണ് മനുഷ്യൻ ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകൾ നടത്തി സ്വന്തം അസ്ത്വതവും വികാര -വിചാര -വിവേക അടയാളപ്പെടുത്തലുകൾ നടത്തുന്നത്.
അതു പലപ്പോഴും സമൂഹം നിർമ്മിച്ചു തന്ന കള്ളികൾക്കുള്ളിൽ നിന്നോ അതിനപ്പുറമോ ചിലപ്പോൾ സമൂഹത്തെ മാറ്റി മറിച്ചു മാറ്റുവിൻ ചട്ടങ്ങളെ എന്ന് വിളിച്ചു പറഞ്ഞു ചട്ടക്കൂടുകൾ പൊളിച്ചു മാറ്റി സ്വയവു സമൂഹത്തെയും പുതുക്കാൻ വളരെ ചുരുക്കം പേർക്ക്മാത്രമേ സർഗ്ഗാത്മകമായി ക്രിയാത്മകമാകാൻ സാധിക്കൂ.
മനുഷ്യ ജീവിതത്തിൽ ഏതാണ്ട് കൗമാര പ്രായം വരെ നമ്മളുടെ പേരും ഭക്ഷണവും ഭാഷയും വസ്ത്രവും മത സ്വതവും പള്ളിയും പള്ളിക്കുടവും എല്ലാം തിരഞ്ഞെടുക്കുന്നത് വീട്ടുകാരാണ്. വീട്ടുകാർ നാട്ടിൽ നാട്ടു നടപ്പിൽ 'നോർമൽ ' എന്ന സാധാരണ അവസ്ഥയിലാണ് അതിജീവനം നടത്തുന്നത് അതിന് പ്രധാന കാരണം അതുവരെ അവർക്കു ജീവിക്കുവാനുള്ള ജീവനുപാധിയായ അവസ്ഥ ആധുനിക സാമ്പത്തിക വ്യവസ്ഥയിൽ ഇല്ലന്നുള്ളതാണ്.
ആദ്യ പതിനെട്ടു കൊല്ലം കഴിഞ്ഞാൽ പിന്നെ ആരോഗ്യമുണ്ടെങ്കിൽ ഒരു നാൽപ്പത് വർഷമാണ് മനുഷ്യനു പൂർണ്ണ ക്രിയാത്മകതയോടെ ജീവിക്കുവാനുള്ള അവസരം. അതിന് ശേഷമുള്ളത് മരുന്നും മന്ത്രവുമൊക്കെയായി നീട്ടികിട്ടുന്ന പത്തോ പതിനഞ്ചോ വർഷമാണ്. 90നു അപ്പുറം ജീവിച്ചിരിക്കുന്നവർ ചുരുക്കമാണ്.
മനുഷ്യൻ ഓരോ തൊഴിൽ ഏറ്റെടുക്കുന്നത് ജീവനോപാധിയായിട്ടാണ്. ആധുനിക സാമ്പത്തിക വ്യവസ്ഥയിൽ ഭക്ഷണം വസ്ത്രം പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, യാത്ര എന്നതിന് എല്ലാം പണം വേണം. പണം കിട്ടാൻ വേണ്ടിയാണ് മനുഷ്യൻ പണി എടുക്കുന്നത്. പക്ഷേ പണത്തോടൊപ്പം സാമൂഹിക സാധുത നൽകുന്ന പദവി മനുഷ്യനു പ്രധാനമാണ്.
പണിയും പദവിയും അതാതു കാലത്ത് ഓരോ ആൾകക്കു മുള്ള ' വിലയുംനിലയും ' നിർണ്ണയിക്കുന്നത് സാമൂഹിക ധാരണകളാണ്.
അങ്ങനെ 'വിലയും നിലയുമാണ് ' സമൂഹത്തിലെ സ്റ്റാറ്റസ് ക്വോയുടെ അടിസ്ഥാനം.
പണ്ട് കുതിര വണ്ടിയിലും വില്ലും വണ്ടിയിലും യാത്ര ചെയ്യുന്നവർക്കായിരുന്നു 'വിലയും നിലയും 'സമൂഹം കല്പ്പിച്ചു നൽകിയത്. ഇപ്പോൾ കോടികളുടെ യോ അമ്പത് ലക്ഷത്തിന്റെ കാറോ അല്ലെങ്കിൽ സ്റ്റേറ്റ് അധികാര ചിഹ്നങ്ങളോയാണ് 'വിലയും നിലയും ' അടയാളപെടുത്തുന്നത്.
മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല ആപ്പുകൊണ്ടും കൂടിയാണിന്നു . മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല അടയാളപ്പെടുത്തലുകൾ കൊണ്ടും കൂടിയാണ്.
സമൂഹത്തിൽ 'വിലയും നിലയും ' ആർജിക്കുവാനാണ് അതാതു കാല ദേശത്തിന് അന്യസരിച്ചു മനുഷ്യർ കരിയറിൽ കയറി ജീവിതം തന്നെ കരിയർ കൊണ്ടു അടയാളപ്പെടുത്തി സാമൂഹിക ധാരണയ്ക്ക് അനുസരിച്ചു സുഖ സൗകര്യമായി ജീവിക്കാൻ ആഗ്രഹിക്കുന്നത്.
പണാധിപത്യ സമൂഹത്തിൽ പണമാണ് പലപ്പോഴും 'വിലയും നിലയും ' നിർണ്ണയിക്കുന്നത്. അതുകൊണ്ടാണ് ഏറ്റവും പണവും പദവിക്കും വേണ്ടിയുമുള്ള കരിയർ ഓട്ടപാച്ചിലിൽ മനുഷ്യൻ കൗമാരതിന്നു മുമ്പേ തന്നെ പെട്ടുപോകുന്നത്.
മിക്കവാറും പേർ ജീവിതത്തിൽ പലതും തിരെഞ്ഞെടുപ്പ് നടത്തുന്നത് സാഹചര്യം സൗകര്യങ്ങൾ നോക്കിയാണ്. Choice of convenience. ചിലർ ചില തിരെഞ്ഞെടുപ്പുകൾ നടത്തുന്നത് വേറെ നിവൃത്തികൾ ഇല്ലാത്തിതിനാലാണ്. Choice of compulsion.
ചിലർ മാത്രമേ ചിന്തിച്ചും അറിഞ്ഞും ചോദ്യങ്ങൾ സ്വയം ചോദിച്ചും സമൂഹത്തോടും ചരിത്രത്തോടും ചോദിച്ചു പുതു വഴികൾ തേടിയോ അല്ലാതെയോയുള്ള സ്വയ ബോധ്യങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. Choice of conviction. പലപ്പോഴും അങ്ങനെയുള്ളവർ സ്വയം വഴികൾ കണ്ടെത്തും. അവർ നിരന്തരം അന്വഷിക്കും. അവർ പലപ്പോഴും സർഗാത്മകതയും ക്രിയാത്മകത്തെയും യോജിപ്പിച്ചു സ്വന്തം ജീവിതവും ജീവനോപാധികളും കണ്ടെത്തും.
അവരിൽ പലരും അവർ തിരഞ്ഞെടുക്കുന്ന പാതയിൽ പ്രകാശം പരത്തും.പ്രകാശ ഗോപുരങ്ങളായി ഒരുപാടു പേർക്ക് പുതിയ വഴികാട്ടികളാകും . വളരെ ചെറിയ കൂട്ടർ മരിച്ചു മറഞ്ഞതിന് ശേഷവും പ്രകാശഗോപുരങ്ങളായി ദേശ കാല മാനുഷിക പരിമിതികളെ അതിജീവിക്കും
അങ്ങനെയുള്ളവർ മഹാത്മാക്കളാകും. മഹാത്മാ ഗാന്ധിയെപ്പോലെ, ശ്രീ നാരായണ ഗുരുവിനെപ്പോലെ. അംബേദ്ക്കറെപ്പോലെ. പക്ഷേ വിഗ്രഹഭഞ്ജകരായവരെ പുതിയ വിഗ്രഹങ്ങളായി പൂവിട്ടു പൂജിച്ചു അധികാര സാമൂഹിക വ്യവസ്ഥയുടെ ഭാഗമാക്കും.
ഇന്നലെത്തെ വിപ്ലവകാരികളെ ഇന്നത്തെ വ്യവസ്ഥയും നാളത്തെ ആധിപത്യ അടയാളവുമാക്കി കോ ഓപ്റ്റ് ചെയ്യുന്നത് താണ്. പഴയ അധികാരികൾ പുതിയ അധികാര മുദ്രകളിലൂടെ പുതുക്കി സ്ഥാപിച്ചാണ് അധികാരം നിലനിർത്തുന്നത്.
ശേഷം പിന്നെ
ജെ എസ് അടൂർ

ജീവിതം കരിയർ മാത്രമാണോ?


അതാതു കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യൻ അതാതു കാലത്തുള്ള നാട്ടു നടപ്പ് രീതികളുമായി താദാത്മ്യം പ്രാപിച്ചു ജീവിക്കുക എന്നതാണ് പൊതുവെയുള്ള മാനുഷിക അവസ്ഥ. എല്ലാവരും ചെയ്യുന്നു എന്ന് തോന്നുന്നത് നമ്മളും ചെയ്യുന്നു. അവരവർ ജീവിക്കുന്ന കമ്മ്യുണിറ്റിയുടെയും സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാധുത ലഭിക്കാൻ. സാമൂഹിക അതിജീവനത്തിനാണ് ബഹു ഭൂരിപക്ഷം ആളുകളും കോൺഫെർമിസ്റ്റ് ആകുന്നത്.
അങ്ങനെയാണ് നമ്മുടെ ഭാഷയും ഭക്ഷണവും വസ്ത്ര രീതികളും വിദ്യാഭ്യാസ രീതിയും തൊഴിലും വീടും നാട്ടു നടപ്പും സമീപനങ്ങളും കാലവും ദേശവുമനുസരിച്ചു മാറുന്നത്. ഇപ്പോൾ നമ്മൾ ഭോഗ ഉപ ഭോഗ സംസ്കാരത്തിലാണ് ജീവിക്കുന്നത്. വിപണിയിലെ ഭോഗ ഉപഭോഗ സംസ്കാരത്തിന്റെ അടയാളം അതു സ്വായത്തമാക്കാനുള്ള പണമാണ്.
ഇപ്പോൾ വിദ്യാഭ്യസവും ആരോഗ്യവും മരുന്നും മന്ത്രവും മതവും രതിയും കമ്പോള ഭോഗ സംസ്കാരത്തിന്റെ ഭാഗമാണ്. തൊഴിലും. എല്ലാം ഇപ്പോൾ റിട്ടേൺ ഓൺ ഇൻവെസ്റ്മെന്റാണ് എത്ര പണം മുടക്കി എത്ര പണം നേടി കൂടുതൽ ഉപഭോഗരതി സുഖമെന്നത് തന്നെ ജീവിത ലക്ഷ്യമാക്കുന്ന സ്ഥിതി. അതില്ലെങ്കിൽ മാനസിക ആരോഗ്യം നഷ്ട്ടപെട്ടു ആത്മഹത്യ ചെയ്യുന്ന അവസ്ഥ.
ഏതാണ്ട് നാല്പത് കൊല്ലങ്ങൾക്ക് മുമ്പ് സ്കൂളിൽ പഠിച്ചത് കൂട്ടുകാരെകാണാനും പിന്നെ എന്തെങ്കിലുമൊക്കെ അറിവ് നേടാനുമായിരുന്നു. സാധാരണ സർക്കാർ സ്കൂളിൽ പഠിച്ച ഞങ്ങൾക്ക് പഠിത്ത കാര്യങ്ങളെക്കാൾ കളികളിൽ ആയിരുന്നു കൂടുതൽ താല്പര്യം.
കുറ്റിയും കൊന്തും ഓലപന്തു കളി, ഗോലികളി, കബഡി, തൊട്ടിലിറങ്ങി പരൽ മീനുകളെ പിടിച്ചു പഴയ ഹോർലിക്സ് കുപ്പിയിലാക്കുക കണ്ട മാവേലും പറങ്കി മാവിലും ആഞ്ഞിലികളിലും പഴങ്ങൾക്ക് വേണ്ടി കയറുക, മാറ്റിനി ഷോയ്ക്ക് അടുത്ത സിനിമ കൊട്ടക /റ്റാകീസിൽ പോകുക, പത്രവും പുസ്തങ്ങളും കൊച്ചു പുസ്‌തവും വായിക്കുക എന്നതൊക്കെ വിനോദവും സാമൂഹികവൽക്കരണത്തിലൂടെയുള്ള പഠനവും അതോടൊപ്പം അന്നത്തെ ഗ്രാമങ്ങളിലെ നാട്ടു നടപ്പുമായിരുന്നു. സ്കൂളിൽ റബർ ബാന്റിട്ട ചില നോട്ട് ബുക്കും പുസ്തകങ്ങളും കൊണ്ടു പോകും.
അന്നൊക്കെ വലിയ ജോലി ഡോക്റ്റർ എൻജിനിയർഓകെയാണ്. പക്ഷെ പഠിക്കുന്ന കാലത്തു ഇതൊന്നും ഒരു വിഷയമേ അല്ലായിരുന്നു എന്റെ വീട്ടിലും നാട്ടിലും. പരീക്ഷക്ക് ഒരാഴ്ചയോളം പഠിച്ചു പരീക്ഷ പാസാകുക എന്നതായിരുന്നു നയം.
ഇപ്പോൾ സംഗതി മാറി. കുട്ടി ജനിക്കുമ്പോൾ തന്നെ വിദ്യാഭ്യാസ പ്ലാനിങ് തുടങ്ങും. നഗരങ്ങളിൽ ഒന്നും രണ്ടും പിള്ളേരുള്ളവർക്ക് ആദ്യപൊല്ലാപ്പാട് നഴ്സറി സ്കൂൾ അഡ്മിഷൻ. പിന്നെ മക്കൾക്കും മാതാ പിതാക്കൾക്കും കൗൺസലിംഗ് ഓപ്പൺ ഡേ. കുട്ടി അഞ്ചാം ക്ലാസ്സിൽ എത്തുമ്പോഴേക്കും കരിയർ പ്ലാനിങ് തുടങ്ങും. പിന്നെ കുട്ടികളെകാട്ടിൽ ടെൻഷൻ മാതാപിതാക്കൾക്ക്.
മധ്യവർഗ്ഗത്തിലുള്ള വീട്ടുകാർ എട്ടാം ക്ലാസ് മുതൽ കുട്ടിയുടെ പിറകെയാണ്. സ്‌പെഷൽ ടൂഷൻ, മാർക്ക് എങ്ങനെ 95% നൂറോ ആക്കാനുള്ള തത്രപ്പാട്. പിന്നെ കോച്ചിങ് യജ്ഞം. കുട്ടികൾ പത്തിൽ എത്തുമ്പോഴേക്കും പിന്നെ മാതാപിതാക്കൾക്ക് ടെൻഷൻ. മാർക്ക്, കോച്ചിങ്, പരീക്ഷ, മാർക്ക്, എൻട്രൻസ് കടമ്പ, സിവിൽ സർവീസ് കടമ്പ, പി എസ് സി കടമ്പ. ചുരുക്കത്തിൽ വിദ്യാർത്ഥികളും വീട്ടുകാരും വിദ്യാഭ്യാസ-കരിയർ വിപണിയിൽ കുരുങ്ങി പലപ്പോഴും ജീവിതം തന്നെ അതാകും. കളിക്കാനും വായിക്കാനും ചിന്തിക്കാനും കൂട്ടു കൂടാനുമൊന്നും സമയം ഇല്ല. എല്ലാവരും തിരക്കിലാണ്.
ഇന്ന് ഏറ്റവും കൂടുതൽ മാർക്കെറ്റുള്ളവയാണ് കരിയർ കൗൺസലിംഗ്. എങ്ങനെ കരിയർ നേടാം, വികസിപ്പിക്കാം. എങ്ങനെ വിദേശത്ത് പോകാം. പോയി പഠിച്ചു ജോലി നേടി എന്നതിനെകുറിച്ച് എഴുതിയാലോ പറഞ്ഞാലോ ജനപ്രിയ സാഹിത്യമാകും. ഭയങ്കര മാർക്കറ്റാണ്. ഏതെങ്കിലും തൊഴിൽ അല്പ സ്വല്പം വിജയിച്ചവരെല്ലാം കുറെ പാർട്ട്‌ ടൈം കരിയർ കൗസിലിംഗ് സൈഡ് ബിസിനസാക്കും. നാട് ഓടുമ്പോൾ നടുവേ ഓടിയാൽ കയ്യടി കൂടുതൽ കിട്ടുന്നതും നാട്ടു നടപ്പാണ്.
പ്രശ്നം എന്താണ്? ഈ കരിയർ കേന്ദ്രീകൃത ഓട്ടപ്പാച്ചിലിൽ കുട്ടികൾക്കു പലപ്പോഴും വേണ്ട സ്‌കൂള്‌നും കോളേജിനും അപ്പുറം ഉള്ള സാമൂഹിക വൽക്കരണം നടക്കുന്നില്ല. കമ്പോളത്തിനു വേണ്ടി കുട്ടികളെ തയ്യാറാക്കി ജോലി കമ്പോളത്തിൽ എത്തിച്ചാൽ പിന്നെ കല്യാണ കമ്പോള പോർട്ടലിലാണ് കല്യാണം.
സ്വയം ഭോഗം എങ്ങനെ ചെയ്യണം എന്ന് ഞങ്ങളൊക്കെ ആറാം ക്ലാസ് മുതൽ പരിശീലിച്ചുവെങ്കിൽ ഇപ്പോൾ അതിനും കൗൺസിലർ. ശരിക്കും ഒരു പെണ്ണിനോടോ ആണിനോടോ സംസാരിക്കുവാൻ മടിയുള്ളവർ ഓൺലൈൻ പോണിൽ പെട്ടു കമ്പോളത്തിന്റ ഭാഗമാകും. കരിയറിന് വേണ്ടിയുള്ള പഠിപ്പ് -പരീക്ഷ - പഠിപ്പ് തിരക്കിലും പിന്നെ കരിയറിന്റയും തിരക്കിൽ സെക്സ് ഉപഭോഗത്തിന് ടിൻഡർ പോലെ ഓൺലൈൻ ഡേറ്റിങ് പ്ലാറ്റുഫോമുണ്ട്. കരിയറും, ടിൻഡറും എല്ലാം കഴിഞ്ഞും പിന്നെ മാനസിക പ്രശ്ങ്ങൾക്ക് സോഷ്യോ സൈകോളേജി കൗൺസിലിംഗ് തെറാപ്പി എന്നതിന് ഇന്ന് വളർന്നു വരുന്ന കമ്പോളമുണ്ട്
പലപ്പോഴും പലരും പഠിക്കുന്നത് ജോലിക്കു വേണ്ടിയും. ജോലി കിട്ടിയാൽ കല്യാണം. പിന്നെ കുട്ടികൾ. അവരുടെ നഴ്‌സറി മുതലുള്ള വിദ്യാഭ്യാസം. അവരുടെ കരിയർ. അങ്ങനെ ജീവിതം തന്നെ നാട്ടു നടപ്പുള്ള റൂട്ടിനിൽ പെട്ട ഒരു റെയിൽവേപാതയിലെന്നപോലെ കൃത്യമായ റൂട്ടിനിൽ ജീവിച്ചു പിന്നെ വച്ചടികേറിക്കൊണ്ടിരിക്കുന്ന ആത്മിക കമ്പോളത്തിൽ നിന്ന് അല്പം ഫീൽ ഗുഡ് ആത്മീകം വാങ്ങി പിന്നെ പെൻഷനായി കുറെ ജീവിച്ചു തട്ടിപോയി മൊബൈൽ മോർച്ചറിയിൽ എത്തും.
അതു കൊണ്ടു തന്നെ ഈ കരിയർ സെന്ററിക് വിദ്യാസത്തിൽ നിന്നും കരിയർ സെന്ററിക് ജീവിതത്തിനും അപ്പുറം ഒരു ജീവിതം ഉണ്ടെന്ന് പോലും നമ്മളിൽ ഒരുപാടു പേർക്ക് തിരിച്ചറിയാൻ സമയം എടുക്കും. തിരിച്ചറിയുമ്പോഴക്കും ജീവിതത്തിൽ മുക്കാലും പോയി തീർന്നിരിക്കും.
പൊതുവെ ഞാൻ കരിയർ കൗൺസിലിംഗ് ചെയ്യാറില്ല. സ്വന്തം കുട്ടികളെ സാമാന്യം നല്ല മാനുഷിക മൂല്യങ്ങളും വിദ്യാഭ്യാസവും നൽകി അവരെ അവര്ക്കിഷ്ട്ടമുള്ളത് ചെയ്യുവാൻ അവരുടെ വഴിയിൽ വിടുക എന്നതാണ് നയം. മകനെ അവനിഷ്ടമുള്ള വഴിയേ അവന്റ വഴി സ്വയം തിരഞ്ഞടുക്കാൻ അവന്റെ വഴിക്ക് വിട്ടു. പത്താംക്ലാസ്സിൽ പഠിക്കുന്ന മകൾ പഠിത്തത്തിൽ സാമാന്യം നല്ലത് പോലെ മാർക്ക് ഒക്കെ വാങ്ങുന്നുണ്ട്. ഞാൻ ഒരിക്കലും അവളോട് ക്ലാസ്സിൽ ഫസ്റ്റ് വാങ്ങാൻ പറയാറില്ല. സയൻസിന് സാമാന്യം നല്ല മിടുക്കുള്ള കുട്ടിയുടെ പിറകെ കൂടിയാൽ മെഡിസിൻ എൻട്രൻസ് കടമ്പ കടക്കാനുള്ള കപ്പാസിറ്റിയുണ്ട്. പക്ഷെ അവൾക്കിഷ്ടം ഹ്യൂമാനിറ്റീസാണ്. അവരുടെ ഇഷ്ടത്തിന് വിട്ടാൽ അവർക്കും ടെൻഷൻ ഇല്ല നമുക്കും ടെൻഷൻ ഇല്ല.
കാരണം പല തരം ജീവിത വീക്ഷണങ്ങളുണ്ട്. ഒന്ന് കരിയർ സെന്ററിക് സമീപനം.
രണ്ടാമത്തത് ലൈഫ് ചോയ്‌സ് സമീപനമാണ്.
അതിൽ നിങ്ങൾ എന്തിന് വേണ്ടി എങ്ങനെ ജീവിക്കുന്നു എന്നത് പ്രധാന ഘടകമാണ്. ഈ ജീവിതത്തിന്റെ അർത്ഥവും അനർത്ഥങ്ങളും എന്താണ് എന്നത് നിരന്തരം ചിന്തിക്കേണ്ടയൊന്നാണ്. നാട്ടു നടപ്പുകൾക്ക് അപ്പുറം ഒരു ജീവിത സാധ്യതയുണ്ടോ എന്ന അന്വേഷണ ജീവിതത്തിലെ ചോദ്യമാണ്.
സ്വയം ചോദ്യങ്ങൾ ചോദിക്കുവാൻ ത്രാണിയുണ്ടോ. സ്വയം വഴികൾ തിരിഞ്ഞു കണ്ടു പിടിക്കാനും ആരും നടക്കാത്ത വഴികളിൽ സഞ്ചരിച്ചു പുതു വഴികൾ കണ്ടത്താനുള്ള ഭാവനയും മാനസിക സുരക്ഷയുമുണ്ടോ എന്നുള്ളതും കാര്യമാണ്.
എന്റെ ജീവിത വീക്ഷണം കരിയർ സെന്ററിക് ജീവിതത്തിന് അപ്പുറമുള്ള ലൈഫ് ചോയ്‌സ് സമീപനമാണ്. അതാണ് പിന്തുടർന്നതും.
എന്താണ് ലൈഫ് ചോയ്‌സ് സമീപനം.?
അതു അടുത്തതിൽ
ജെ എസ് അടൂർ