Thursday, December 21, 2017

കൊണ്ഗ്രെസ്സ് പാർട്ടി നേതാക്കൾ മനസ്സിലാക്കേണ്ടത്

കൊണ്ഗ്രെസ്സ് പാർട്ടി നേതാക്കൾ മനസ്സിലാക്കേണ്ടത് തേച്ച ഖദറും കോൾഗേറ്റ് ചിരിയും ഒക്കെ വച്ചു തിരെഞ്ഞെടുപ്പിന് മുമ്പേ കുറെ ഫ്ളെക്സൊ പോസ്റ്റേറ്റോ അടിച്ചു തിരെഞ്ഞെടുപ്പ് ജയിക്കുന്ന കാലം ഒക്കെ പോയി. ഇലക്ഷന്റെ മൂന്നു ആഴ്ച മുന്നേ അടിനിർത്തി ഒരു അവസാന തട്ടി കൂട്ട് പ്രചരണം കൊണ്ടൊന്നും കര കയറുകയില്ല. തിരെഞ്ഞെടുപ്പിൽ വിജയിക്കുവാൻ അടിസ്ഥാന തലത്തിൽ പാർട്ടി കെട്ടി പടുക്കണം. അതിനു അടിസ്ഥാന തലത്തിൽ കുറഞ്ഞത് ഒരു ജില്ലയിൽ അഞ്ചു വർഷം പ്രവർത്തിച്ചു കഴിവ് തെളിയിച്ച ചെറുപ്പകാർക്ക് വേണ്ടി അറുപതു ശതമാനം സീറ്റുകൾ മാറ്റി വയ്ക്കുക. അഴിമതിക്കെതിരെ സീറോ ടോളറൻസ് എന്ന് ജനങൾക്ക് ബോധ്യ മാവണം. ഫണ്ട് ക്രൗഡ് സൊർഴിങ്ങിലൂടെ കണ്ടത്താൻ ഉള്ള ആർജ്ജവും ചങ്കൂറ്റവും വേണം. പാർട്ടി ഭാരവാഹികൾ മാത്രം മാസം അഞ്ഞൂറ് മുതൽ അയ്യായിരം വരെ കൊടുത്താൽ കുറഞ്ഞത് മാസം പത്തു കോടി പിരിക്കാം. അനുഭാവികൾ കൂടി അത്പോലെ സംഭാവന കൊടുത്താൽ കൊണ്ഗ്രെസ്സ് പാർട്ടിക്ക് നൂറു കോടി വരെ എല്ലാ മാസവും പിരിക്കാൻ ഉള്ള അത്ര നെറ്റ് വർക്കുള്ള പാർട്ടി ആണ്. അത് പോലെ കൊണ്ഗ്രെസ്സ് ഒരു മൃദു ബി ജെ പി ആകാൻ ശ്രമിക്കാതെ ഒരു നവ ബദൽ രാഷ്ട്രീയം അവതരിപ്പിക്കുവാൻ കഴിയണം. നവ യാഥാസ്ഥിക രാഷ്ട്രീയവും നവ ലിബറൽ സാമ്പത്തിക പോളിസികളും മാറ്റി ഒരു പുതിയ രാഷ്ട്രീയ സാമ്പത്തിക പ്രായോഗിക സമീപനവും പുതിയ തലമുറയെ ആവേശം കൊള്ളിക്കുന്ന ഒരു സമീപനം ഉണ്ടെന്നു ജനത്തിന് വിശ്വാസം വരികയുള്ളൂ. താഴെ തട്ടിൽ മുതൽ പുതുക്കി പണിതു ഗ്രൂപ്പ് രാഷ്ട്രീയത്തിനതീതമായി പതിനായിരക്കണക്കിന് പുതു മുഖങ്ങളെയും പുതു ആശയങ്ങളെയും കൊണ്ട് കൊണ്ഗ്രെസ്സിനെ അടിതൊട്ടു മുടി വരെ ശുദ്ധീകരിച്ചു നവീകരിച്ചു റീബൂട്ട് ചെയ്താലേ ഈ പാർട്ടി പുതിയ തിരഞ്ഞെടുപ്പുകളെ നേരിടാൻ അക കാമ്പ് ഉണ്ടാകുകയുള്ളൂ. ഇപ്പൊ വെറും നാല് സംസ്ഥാനങ്ങളിൽ തന്നെ പിടിച്ചു നിൽക്കുന്നത് അവിടെ അവിടെ ഉള്ള സംസ്ഥാന നേതാക്കളുടെ വ്യക്തി പ്രഭാവം കൊണ്ടാണ്.
ഗാന്ധജിയുടെ പേരിൽ ഇപ്പോഴും വാചക കസർത്തുകൾ നടത്തുന്ന കൊണ്ഗ്രെസ്സ് പാർട്ടി പടയൊരുക്കം എന്ന പേരിൽ ജാഥ നടത്തിയത് തന്നെ കൊണ്ഗ്രെസ്സ് എത്തിപെട്ടിരിക്കുന്ന ദിശാസന്ധിയെ കാണിക്കുന്നു. ഗാന്ധിജിയുടെ അഹിംസ, സമാധാനം, സത്യാഗ്രഹം എന്നവയിൽ നിന്നൊക്കെ മാറി പടയൊരുക്കവും പാരവെപ്പും ഒക്കെയാകുമ്പോഴാണ് ഗ്രൂപ് തിരിഞ്ഞു തെരുവിൽ തെറി വിളിച്ചു തല്ലുകൂടുന്ന യുവ നേതാക്കൾ ഒക്കെയാണ് കൊണ്ഗ്രെസ്സ് പാർട്ടിയെ ഇത്ര ദാരുണമായ അവസ്ഥയിൽ എത്തിച്ചത്. കോൺഗ്രസിൽ എപ്പോഴും പട പാളയത്തിൽ തന്നെയായത് കൊണ്ടാണ് വെളിയിൽ എപ്പോഴും ഊണിനു മുന്നിലും പടക്കു പിന്നിലും ആകുന്നതു. പരസപരം ചിരിച്ചു പബ്ലിക്കിൽ കെട്ടിപിടിച്ചു പരസ്പരം പാര വച്ചും തമ്മിൽ തല്ലിയും കൊണ്ഗ്രെസ്സിനെ ഈ പരുവത്തിൽ ആക്കിയ നേതാക്കളുടെ ഏക സ്വപ്നം മന്ത്രി കസേരയും അധികാര അഹങ്കാര സർക്കാർ സന്നാഹങ്ങൾ ആകുമ്പോഴാണ് കൊണ്ഗ്രെസ്സ് പാർട്ടി തന്നെ ദുരന്തത്തിൽ ആകുന്നത്.  ഈ ഗ്രൂപ്പ് തിരിഞ്ഞു തമ്മില്‍ തല്ലി പാര്‍ട്ടിയെ നശിപ്പിക്കുന്ന സ്ഥിതി മാറിയില്ലെങ്കില്‍  കൊണ്ഗ്രെസ്സ് നന്നാകില്ല.

No comments: