Tuesday, August 15, 2017

പ്രത്യാശയുടെ പദയാത്രികനായ രാജാജി .


ഇന്ത്യയുടെ ആത്മാവിലൂടെ നിശബ്ദ കാല്‍വെപ്പുകളോടെ സൗമ്യതയോട് നടക്കുന്ന നാടിന്‍റെ നന്മയായ ഒരു മനുഷ്യന്‍ . കണ്ണൂരിലെ തില്ലേങ്കെരിയില്‍ നിന്നും കലാ മണ്ഡലം വഴി ചമ്പല്‍ താഴ്വരകളില്‍ ഒറ്റയ്ക്ക് ഇറങ്ങി നടന്നു യാത്ര ആരംഭിച്ച ,അധികമാരും അറിയാത്ത രാജാജി ഒരു തരത്തില്‍ ഒരു വിസ്മയം ആണ് . കാരണം അദ്ദേഹം കാല്‍ നടയായി ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളില്‍ കൂടി നടന്നതു ആയിരക്കണക്കിനു മൈലുകളാണ്‌
പീ വീ രാജഗോപാല്‍ എന്ന രാജാജിയെക്കുറിച്ച് അധികമാര്‍ക്കും കേരളത്തിലോ ഇന്ത്യയിലോ അറിയുകയില്ല. കാരണം അദ്ദേഹം ജീവിച്ചതും ജീവിക്കുന്നതും നഗരങ്ങളില്‍ അല്ല. നഗരങ്ങളിലെ വരേണ്യ വര്‍ഗത്തില്‍ നിന്നല്ല അദ്ദേഹത്തിന്‍റെ തുടക്കം കുറിച്ചതും ജീവിക്കുന്നതും. ഈ മനുഷ്യന്‍ ഒരിക്കലും മാധ്യമങ്ങളുടെ പിറകെയോ മുമ്പെയോ നടക്കാറില്ല. അധികം ആരവങ്ങളോ ബഹങ്ങളോ വയ്ക്കാറില്ല. സൗമ്യനായി ചിട്ടയോടെ 1969 ഇല്‍ ചമ്പല്‍ പ്രദേശത്തിന്‍റെ ക്രൂരതകളില്‍ കൊള്ളക്കാരുടെ മനസ്സ് മാറ്റി കൊണ്ട് തുടങ്ങിയ പ്രവര്‍ത്തനം മാറ്റത്തിന്‍റെ അഹിംസയുടെ കാറ്റായി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ഒഴുകി. ഈ രാജ്യത്തിന്‍റെ നന്മയാണ് പ്രത്യാശയുടെ ഈ പദയാത്രികന്‍ .
ഇത് കൊണ്ടൊക്കെ എന്ത് സംഭവിച്ചു എന്ന് ചോദിച്ചേക്കാം ? ഭൂമിയും കിടപ്പാടവും ഇല്ലാത്ത മൂന്നു ലക്ഷം കുടുംബങ്ങള്‍ക്കാണ് ഭൂമിക്കു മേലുള്ള അവകാശം രാജാജിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാക്കിയത്‌. വര്‍ഷങ്ങളായി 'ജല്‍, ജമീന്‍ , ജന്ഗില്‍' എന്ന മുദ്രാ വാക്യവുമായി ഇന്ത്യയോട്ടകെ ലക്ഷ കണക്കിന് ആദിവാസികളെയും ഭൂരഹിതരെയും സംഘടിപ്പിച്ചു സമരം ചെയ്താണ് ഇത് സാധ്യമാക്കിയത് . അതിനു പിന്നില്‍ ഏതാണ്ട് അമ്പത് കൊല്ലത്തെ പ്രത്യാശയുടെ പോരാട്ടങ്ങള്‍ ഉണ്ട്.മനസ്സാ വാചാ കര്‍മ്മണ അഹിംസ ജീവിതത്തില്‍ പ്രയോഗിച്ചു മാതൃക ആയ ഈ പീ വി രാജാഗോപാലിനെ മുഖ്യ മന്ത്രിമാരും, കേന്ദ്ര മന്ത്രിമാരും, പ്രധാന മന്ത്രിയും മറ്റു രാജ്യങ്ങളിലെ നേതാക്കളും 'രാജാജി' എന്ന് വിളിക്കുന്നത് അദ്ദേഹം വ്യത്യസ്ത്നായ ഒരു നേത്രത്വ മാതൃക ആയതിനാലാണ്.
അണ്ണാ ഹസാരെയെപ്പോലോയോ , മേധാ പട്ക്കാറെ പോലെയോ അരുണ റോയിയെ പോലോയോ വന്ദന ശിവയെ പോലോയോ മീഡിയ പ്രൊഫൈല്‍ ഉള്ള ഒരാള്‍ അല്ല രാജഗോപാല്‍. ഈ പറഞ്ഞവരെല്ലാം ഏറ്റവും കൂടതല്‍ ബഹുമാനിക്കുന്ന രാജഗോപാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. അതിനു കാരണങ്ങള്‍ പലതാണ് . അവയില്‍ ഏറ്റവും പ്രധാനമായാത് നമ്മുടെ മാധ്യമങ്ങള്‍ ഇപ്പോഴും നഗര കേന്ദ്രീക്രിതം ആണെന്നന്നെതാണ്. വേറൊരു കാരണം പാവങ്ങളുടെ ഭൂസമരം പോലെ ഒരു സമരം വളരെ വര്‍ഷങ്ങള്‍ വേണ്ട സമരമാണ് . അത് വരേണ്യ വ്യവസ്ഥക്ക് എതിരാണ് . അത് കൊണ്ട് തന്നെ ഭൂസമരങ്ങളെ സ്ഥാപിത താല്പര്യങ്ങള്‍ ഉള്ള മീഡിയ മുതലാളിമാര്‍ തഴയും . പല ഗാന്ധിയന്മാരും ഫ്യുഡല്‍ മൂല്യങ്ങള്‍ക്ക് പുറത്തു ഇനിയും കടക്കാത്തവരാണ് . അവരില്‍ പലരുടെയും വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഉള്ള അന്തരവും ഒരു പ്രശ്നമാണ്.അവിടെയും രാജഗോപാല്‍ വ്യത്യസ്തനാണ് . അദ്ദേഹം പല അര്‍ഥത്തിലും അസാധാരണനായ ഒരു ഗാന്ധീയനാണ്. 21 ഒന്നാം നൂറ്റാണ്ടില്‍ മാറ്റം ഉണ്ടാകുവാന്‍ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന രാജഗോപാല്‍ ഒരു മീഡിയ സെലിബ്രിട്ടി ആകുവാനുള്ള മസാല ചേരുവകള്‍ ഒന്നും ഇല്ലാത്ത ഒരു നല്ല മനുഷ്യനാണ്. .
ഒരു പക്ഷെ ജയ പ്രകാശ്‌ നാരായണനോ വിനോഭ ഭാവക്കോ പകരം വക്കാന്‍ തക്ക ത്രാണിയുള്ള ഒരു ഗാന്ധിയന്‍ നേത്രത്വ മാത്രുക. കഴിഞ്ഞ വര്‍ഷത്തെ നോബല്‍ പ്രൈസിന്ന്‍റെ ലോങ്ങ്‌ ലിസ്റ്റില്‍ ഉണ്ടായിട്ടും അതും പത്രം വഴിയോ മറ്റാരും വഴിയോ ഘോഷിക്കാത്ത പാവങ്ങളുടെ പദയാത്ര ഗാന്ധിയാണ് രാജാജി എന്നതാണ് അദ്ദേഹത്തെ ഒട്ടു മിക്ക ആക്റ്റിവിസ്റ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത് .
ഞാന്‍ അറിഞ്ഞ രാജാജി .
ഞാന്‍ രാജാജിയെ കുറിച്ച് കേട്ടത് 1989 ഇല്‍ ആണ്.അന്ന് ഞാന്‍ പൂനെ യുനിവേര്സിട്ടിയില്‍ പീ എച്ച് ഡീ ഗവേഷണ വിദ്യാര്‍ഥിയാണ്. പൂനാ യുനിവേര്സിട്ടിയില്‍ 1987 മുതല്‍ ഞാന്‍ തുടങ്ങിവച്ച ആക്റ്റിവിസ്റ്റ് -ചര്‍ച്ചാ വേദിയായ 'ബോധി'യില്‍ 'ഞങ്ങള്‍ പേര് കേട്ട അക്ടിവിസ്ട്ടുകളെയും ചിന്തകരെയും പല വിഷയങ്ങള്‍ അവതരിപ്പിക്കുവാന്‍ വിളിക്കുമായിരുന്നു. ഈ ചര്‍ച്ചാ വേദി പരിണമിച്ചാണ് പിന്നീട് ബോധിഗ്രം എന്ന ആശയവും പ്രവര്‍ത്തനങ്ങളും പൂനയിലെ ചേരി പ്രദേശങ്ങളില്‍ തുടങ്ങി വച്ചത് .
യുനിവേര്‍ഴ്സിറ്റി ആസ്ഥാനത്തിനു പുറകിലെ പുല്‍തകിടിയിലെ ഒരു മരത്തണലിന്‍റെ മനോഹാരിതയില്‍ എല്ലാ ആഴ്ചയും വൈകിട്ട് നടത്തിയിരുന്ന ഈ ചര്‍ച്ച വേദിയില്‍ ഇന്ത്യയില്‍ ഇപ്പോള്‍ അറിയപ്പെടുന്ന പലരും വന്നു അവരുടെ ആശയങ്ങള്‍ പങ്കു വച്ചിട്ടുണ്ട് . ഞങ്ങളോടു ഒപ്പം പല വിഷയങ്ങള്‍ പങ്കു ചെയ്ത ഒരാള്‍ ആണ് ആണ് ബ്ലിട്സ് എന്ന പത്രത്തില്‍ ഉണ്ടായിരുന്ന പീ .സായിനാധ്.
അതു പോലെ വന്ന രണ്ട് പേരാണ് മധ്യ പ്രദേശില്‍ ആദി വാസികളോട് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന ഒറീസ്സ സ്വദേശിയായ ബിജയ പാണ്ടയും അദ്ദേഹത്തിന്‍റെ കൂട്ടുകാരിയും പൂനയിലെ കര്‍വെ ഇന്സ്ടിറ്റൂട്ടിലെ അധ്യാപകയും ആയ ഉജ്ജ്വലയും . മദ്ധ്യ പ്രദേശിലെ ആദി വാസികളുടെ അവസ്ഥകളെ കുറിച്ച് സംസാരിക്കുന്നതിനു ഇടയില്‍ ആണ് രാജാജി എന്ന ഗാന്ധിയന്‍റെ മദ്ധ്യ പ്രദേശിലെ പ്രവര്‍ത്തനെങ്ങളെ കുറിച്ച് പറഞ്ഞത്.
തികഞ്ഞ ഇടതു പക്ഷ ആക്റ്റിവിസ്റ്റ് ആയ ബിജയ പാണ്ടേക്ക് ഗാന്ധിയന്‍ ആക്റ്റിവസത്തോട് വലിയ മതിപ്പില്ലായിരുന്നെങ്കിലും രാജാജിയെ കുറിച്ച് നല്ലകാര്യങ്ങള്‍ ആണ് പറഞ്ഞത് . ' വോ ബഹുത് അച്ചാ ഇന്‍സാന്‍ ഹൈ , ഏക്‌ ദം കമ്മിറ്റെഡ് ഹൈ ". അത് കഴിഞ്ഞു പറഞ്ഞു ' വോ ഫി കേരള സെ ആയ'. അങ്ങനെയാണ് രാജാജി എന്ന് അറിയ പെട്ടിരുന്ന രാജ ഗോപാലിനെ കാണണം എന്ന് തീരുമാനിച്ചത്. ആ കാലത്ത് ഞാന്‍ ഇടക്കിടെ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതാറുണ്ടായിരുന്നു . അദ്ദേഹത്തെ പോയി കണ്ടു ഒരു ലേഖനം എഴുതവാന്‍ തീരുമാനിച്ചു .ഗവേഷണം ചെയ്തു യുനിവേര്സിട്ടികളില്‍ അദ്ധ്യാപകന്‍ ആകണോ അതോ ഒരു നല്ല ജെര്‍ണലിസ്റ്റ് ആകണോ അതോ മുഴുവന്‍ സമയ ആക്റ്റിവിസ്റ്റായി സാമൂഹ്യ പ്രസ്ഥാനങ്ങളോട് ഒത്തു പ്രവര്‍ത്തിക്കണമോ എന്ന സന്നിഗ്ഥ ഘട്ടത്തില്‍ ആയിരുന്നു ഞാന്‍ .
അതുകൊണ്ട് തന്നെ മദ്ധ്യ പ്രദേശില്‍ പോയി രാജഗോപാലിനെ കാണാന്‍ തീരുമാനിച്ചു . പക്ഷെ ആ കൂടി കാഴ്ച്ച അന്ന് നടന്നില. കാരണം എന്‍റെ ഗവേഷണത്തിന്‍റെ ഫീല്‍ഡ് വര്‍ക്കിനു വടക്ക് കിഴക്കേ ഇന്ത്യക്ക് പോയ ഞാന്‍ പിന്നെ വടക്ക് കിഴക്കേ ഇന്ത്യയുമായി പ്രണയത്തിലായി.പക്ഷെ നോഹയുടെ പെട്ടകത്തില്‍ നിന്ന് കാക്കയെ വിട്ടതു പോലെ ആയിരുന്നു എന്‍റെ അവസ്ഥ. ഞാന്‍ ആസാമിലും മേഘാലയിലും കുറച്ചു കറങ്ങി പഠനവും നാട് ചുറ്റലും കഴിഞ്ഞു മിസോറമില്‍ എത്തി ആവശത്തോട് ഗവേഷണം നടത്തി, ഇങ്ങ്ലീഷ്‌ മലയാള പത്രങ്ങളിലും ലേഖനങ്ങള്‍ എഴുതി, കലാ കൌമുദി ആഴ്ചപതിപ്പിലും കഥയും എഴുത്തുമായി ഊര് ചുറ്റി നടന്നു. ചുരുക്കി പറഞ്ഞാല്‍ ഞാന്‍ അവിടെ തന്നെ കൂടി യുനിവേര്‍സിറ്റി അധ്യാപകനായി . അങ്ങനെ കറങ്ങി നടക്കുന്നതിനിടയിലാണ്‌ ഒരിക്കല്‍ ഗൌഹാട്ടിയില്‍ വച്ച് വേറൊരാള്‍ രാജാഗോപാലിനെ കുറിച്ച് സംസാരിച്ചതും അദ്ദേഹത്തെ കാണുവാന്‍ ഉപദേശിച്ചതും.
ഒടുവില്‍ അദ്ദേഹത്തെ നേരില്‍ കണ്ട ത് 1993മുംബയില്‍ ആദി വാസി പ്രശ്നങ്ങളെകുറുച്ചുള്ള ഒരു സെമിനാറില്‍ ആണ് . അപ്പോഴേക്കും ഞാന്‍ യുണിവേര്സിട്ടി അധ്യാപനം ഒക്കെ മതിയാക്കി നാഷനല്‍ സെന്‍റെര്‍ ഫോര്‍ അഡ്വക്കസി സ്ടഡീസ് ( എന്‍.സീ ഏ എസ്സ്) എന്ന സ്ഥാപനം തുടങ്ങിവെയ്ക്കാന്‍ അതിന്‍റെ സ്ഥാപക കോര്ഡിനെട്ടറായി മുംബയിലേക്കു മാറിയിരുന്നു .രാജാജിയെ കുറിച്ച് കേട്ടപ്പോള്‍ താടി ഒക്കെ വളര്‍ത്തി , ജോല സഞ്ചി ഒക്കെ തൂക്കി, ഒരു ബുദ്ധിജീവി പരിവേഷമുള്ള അറുപതു വയസ്സുള്ള ഒരു ടിപ്പിക്കല്‍ ആക്ടിവിസ്റ്റു നേതാവിനെയാണ് മനസ്സില്‍ കണ്ടത് .പക്ഷെ അദ്ദേഹം എന്‍റെ പ്രതീക്ഷയാകെ തെറ്റിച്ചു.
അദ്ദേഹം പ്രസങ്ങിക്കുവാന്‍ കയറിപ്പോഴാണ് ആ രാജഗോപാല്‍ തന്നെയാണ് ഈ പീ വി രാജഗോപാല്‍ എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് . വളരെ സൗമ്യനായ ഒരാള്‍ . തീപ്പൊരി പ്രസംഗം ഒന്നും ചെയാത്ത ഒരാള്‍ . സാധാരണ ആള്‍ക്കാര്‍ സംസാരിക്കുന്നത് പോലെ വളരെ ലളിതമായ ഭാഷയില്‍ സംസാരിക്കുന്ന ഒരാള്‍. ഒറ്റ കാഴ്ചയില്‍ അധികം ഒന്നും ഇമ്പ്രെസ്സ് ചെയ്യാത്ത ഒരു സാധാരണ മനുഷ്യന്‍. മനോഹരമായി ഹൃദയം തുറന്നു ചിരിക്കാന്‍ കഴിയുന്ന ഒരു മനുഷ്യന്‍. താടിയും, സഞ്ചിയും ബീഡിയും ഇല്ലാതെ അടിസ്ഥാന തലത്തില്‍ ഏറ്റവും പാവപെട്ട ആദിവാസികളോടും പവപെട്ടവരോടും അധിക ബഹള ആരവങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യന്‍ . അന്ന് അദ്ദേഹം പ്രസംഗം നിര്‍ത്തിയത് ഒരു പാട്ടില്‍ ആണ് . മനോഹരമായി പാടുന്ന പ്രായേണ ചെറുപ്പമായ ഒരു മുടി പോലും നരക്കാത്ത ഒരു ഊര്‍ജ സ്വലനായ പ്രത്യാശയുള്ള, പ്രത്യാശ ജനിപ്പിക്കുന്ന ഒരു മനുഷ്യന്‍ . ഒരു ജാടയും ഇല്ലാത്ത മനുഷ്യന്‍ . അങ്ങനെയാണ് ഞാന്‍ കണ്ടും കെട്ടും പിന്നെ അനുഭവിച്ചും അറിഞ്ഞത്. അത് ഒരു ജീവിത കാല പരസ്പര സ്നേഹത്തിന്‍റെയും, ബഹുമാനത്തിന്‍റെയും സഹയാത്രയുടെയും തുടക്കം ആയിരുന്നു.
അന്ന് മീറ്റിംഗ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കുറെ സമയം ഒരുമിച്ചു ചില വഴിച്ചു. അദ്ദേഹം എന്നെ 'ജോണ്‍ ഭായ്' എന്ന് വിളിച്ചു . അങ്ങനെയാണ് തികച്ചും ഗവേഷണ താല്പര്യങ്ങളും അക്കാദമിക് താല്പര്യങ്ങളും ഉള്ള ഞാന്‍ ഇന്ത്യയിലെ പല സോഷ്യല്‍ മൂവ്മെന്‍റ്റിനോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചു 'ജോണ്‍ ഭായ്' എന്ന പേരില്‍ പലയിടത്തും അറിയപ്പെടാന്‍ തുടങ്ങിയത്. പക്ഷെ ആ പെരെന്നെ ആദ്യം വിളിച്ചത് രാജാജിയാണ്. ആദ്യ മീറ്റിങ്ങിനു ശേഷം ആ വര്ഷം തന്നെ അദ്ദേഹത്തെ കണ്ടത് ബാങ്കോക്കില്‍ വച്ചാണ്. അവിടെ ഒരു മനുഷ്യാവകാശ -സെക്ക്യുരിട്ടി സെമിനാറില്‍ പങ്കെടുക്കുവാന്‍ ഞങ്ങള്‍ രണ്ടു പേരും ഉണ്ടായിരുന്നു . ഞങ്ങള്‍ രണ്ടും ഒരു മുറിയില്‍ ആയിരിന്നു ആ മൂന്ന് ദിവസവും താമസിച്ചത്. രാജാജി ഉറങ്ങതും ഉണരുന്നതും പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതും ഒരു ചെറിയ ശബ്ദം പോലുമുണ്ടാക്കാതെയാണ് . ആദ്യ ദിവസം രാവിലെ കണ്ണ് തുറന്നു നോക്കിയപ്പോള്‍ നിശബ്ദമായി യോഗ ചെയ്യുന്ന രാജാജി എനിക്ക് മറ്റൊരു അറിവായിരുന്നു . അവിടെ വച്ചാണ് ഞാനറിഞ്ഞതു അന്തരാഷ്ട്ര തലത്തില്‍ എല്ലാവരും ബഹുമാനിക്കുന്ന ആളാണ് വിനയത്തിന്‍റെ ആള്‍ രൂപവുമായ രാജഗോപാല്‍ എന്ന് . അന്നു അദ്ദേഹം 'ഫോക്കസ് ഓണ്‍ ഗ്ലോബല്‍ സൌത്ത്' എന്ന ഏഷ്യയിലെ ഏറ്റവും അറിയ പെട്ടിരുന്ന ഗവേഷണ-അട്വകസി നെറ്റ് വര്ക്കിന്‍റെ അന്താരാഷ്ട്ര ബോഡ് മെമ്പര്‍ ആണ് .
എന്ത് കൊണ്ടാണ് എനിക്ക് രാജാജിയോടുള്ള ബഹുമാനം ?
കഴിഞ്ഞ ഇരുപത്തന്‍ജു കൊല്ലം പല രീതിയിലും ഒരുമിച്ചു രാജാജിയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 25കൊല്ലം മുമ്പ് കണ്ട അതെ രാജാജിയാണ് ഇപ്പോഴും ഞാന്‍ അറിയുന്ന രാജാജി. ഏതാണ്ട് ഒരു 20 കൊല്ലം മുമ്പാണ് രാജാജി തില്ടയിലുള്ള അദ്ദേഹത്തിന്‍റെ ആശ്രമത്തിലേക്കു വിളിച്ചത്. അദ്ദേഹത്തിന്‍റെ ആവശ്യം ഏകത പരിഷത്ത് പ്രവര്‍ത്തകര്‍ക്ക് അട്വവക്കസിയിലും കാംപയിന്‍ സ്ട്രാട്ടെജിയിലും ഒരു ട്രെയിനിങ്ങ് കൊടുക്കണം. ഏതാണ്ടു അമ്പതോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു . അവര്‍ക്ക് ഹിന്ദി അല്ലാതെ ഒരു ഭാഷയും അറിയില്ല , എന്‍റെ ഹിന്ദി കമ്മി. രാജഗോപാല്‍ പറഞ്ഞു, "ഒന്ന് ശ്രമിക്കുക. വേണ്ടി വന്നാല്‍ ഞാന്‍ പരിഭാഷ പെടുത്താം" . അങ്ങനെ എന്‍റെ അരഹിന്ദിയില്‍ ആദ്യമായി ഒരു പരിശീലന പരിപാടി നടത്തി; കുറെ കൂടി ഹിന്ദി പഠിക്കാന്‍ സഹായിച്ചതും രാജഗോപാല്‍ തന്നെ. മിക്ക ഭാഗങ്ങളും അദ്ദേഹം പരിഭാഷ പെടുത്തി .
അവിടെ വച്ചാണ് ഏകത പരിഷത് പ്രവര്‍ത്തകര്‍ എല്ലാം തന്നെ രാജാജിയുമായി പ്രണയത്തില്‍ ആണ് എന്ന് മനസ്സിലായത്. അവര്‍ക്ക് അദ്ദേഹത്തോട് നിര്‍വ്യാജമായ ഹൃദയ സ്പര്‍ശിയായ സ്നേഹം ആയിരുന്നു. അവിടെ വച്ച് രാജാജി എന്നോട് ഒരു ലാന്ഡ് റായിട്സ് കാമ്പൈന്‍ പ്ലാന്‍ ചെയ്യുവാന്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു അടുത്ത ഇരുപതു കൊല്ലം ഇതില്‍ മാത്രം വര്‍ക്ക് ചെയ്യാന്‍ തയ്യാറാണോ?. അതെ എന്നായിരുന്നു മറുപടി. കാരണം ഭൂസമരങ്ങള്‍ ഒന്നോ രണ്ടോ അഞ്ചോ വര്‍ഷങ്ങള്‍ കൊണ്ടി ഫലപ്രാപ്തി എത്തണം എന്നില്ല. അത് വലിയ ഒരു രാഷ്ട്രീയ സമരം ആണ് .
ഞാന്‍ രാജാജിയെ ഏറ്റവും അധികം ബഹുമാനിക്കുന്നതിന്‍റെ കാര്യം അദ്ദേശം ആ വാക്ക് പാലിക്കുക മാത്രമല്ല, അനേക ലക്ഷം ജനങ്ങള്‍ക്ക്‌ പ്രത്യാശ കൊടുത്തു അവരോടൊപ്പം നിന്നും അവര്‍ക്ക് വേണ്ടി അഹിംസയില്‍ ഉറച്ചു നിന്ന് പോരാടി ലക്ഷ കണക്കിനു കുടുമ്പങ്ങള്‍ക്ക് ജീവിക്കുവാനുള്ള ഭൂമി അവകാശമാക്കി . അ സമരത്തിന്‌ വേണ്ടി ആദ്യ കാല ഗവേഷങ്ങള്‍ നടത്തി ഡാറ്റ ശേഖരിച്ചു കൊടുത്തത് ഞാന്‍ നേത്രത്വം കൊടുത്ത എന്‍ .സി ഏ സ്സീലെ ചെറുപ്പക്കാരായ എന്‍റെ സഹ പ്രവര്‍ത്തകര്‍ ആയിരുന്നു.
രാജാജിയുടെയും എന്‍റെയും സഹയാത്രയുടെ ചരിത്രം പറയാന്‍ ഒരുപാടു എഴുതേണ്ടി വരും. സ്വദേശത്തും വിദേശത്തും ഞങ്ങള്‍ ഒരു പാടു യാത്രകള്‍ ഒരുമിച്ചു നടത്തിയിട്ടുണ്ട് . ഒരുമിച്ചു കുറെ കാര്യങ്ങള്‍ സന്ഘടിപ്പിച്ചിട്ടുണ്ട് . ഒരിക്കല്‍ പോലും അദ്ദേഹം ദേഷ്യപ്പെടുന്നതോ അരുതാത്ത ഒരു വാക്ക് പറയുന്നതോ ഞാന്‍ കേട്ടിട്ടില. ആരെയും കുറിച്ച് കുറ്റവും കുറവും പറയാറില്ല. കേള്‍ക്കുവാന്‍ വേഗതയും പറയുവാന്‍ താമസവും ഉള്ള ഒരാള്‍ .
ഞങ്ങള്‍ ഒരുമിച്ചു 1999 ഇല്‍ ഭോപ്പാലില്‍ ഒരു ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി മീറ്റ്‌ സംഘടിപ്പിച്ചു . അന്നത്തെ റാലിയില്‍ ഏതാണ്ട് നാല്‍പ്പതിനായിരം ആളുകള്‍ പങ്കെടുത്തു . അന്ന് ഞാന്‍ ഇന്‍ഏഷ്യ എന്ന ഏഷ്യയിലെ സാമൂഹിക പ്രസ്ഥാനങ്ങളുടെയും ഗവേഷണ നെട്ടുവര്‍ക്കുകളുടെയും കോര്ഡിനെറ്റര്‍ കൂടി ആയിരുന്നു. ഈ മീറ്റിങ്ങിന്‍റെ സഘാടനെത്തിനു വേണ്ടി ഞാന്‍ പൂനയില്‍ നിന്ന് മിക്കപ്പോഴും ഭോപ്പാലില്‍ പോയിരുന്നു. രാജാജി ഭോപ്പാലിലെ ശ്യാമള ഹില്‍സില്‍ ഉള്ള ഗാന്ധി ഭവന്‍റെ ഒരു ചെറിയ മുറിയില്‍ ആണ് താമസം. ഒരു ദിവസം രാത്രം 10 മണി കഴിഞ്ഞു ഞാന്‍ രാജാജിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ് . അപ്പോള്‍ ഒരു അമ്ബാസിഡര്‍ കാറ് മുറിയുടെ മുന്നിലെ റോഡില്‍ വന്നു നിന്ന്. കണ്ടു നല്ല പരിചയം ഉള്ള ഒരാള്‍ 'രാജാജി നമസ്ക്കാര്‍' എന്ന് പറഞ്ഞു മുറിയില്‍ കേറി വന്നു. രാജാജി അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ ചിരിയോടെ എന്നെ ആ ആള്‍ക്ക് ജോണ്‍ ഭായി എന്ന് പറഞ്ഞു പരിചയപെടുത്തി . എന്നിട്ട് അദ്ദേഹം മറ്റയാളെ പരിചയ പെടുത്തി ' ഏ ദിഗ്വിജയ്‌ സിന്ഗ്ജി ഹൈ " അദ്ദേഹത്തെ കാണാന്‍ ഒറ്റയ്ക്ക് വന്നത് മദ്ധ്യപ്രദേശ് മുഖ്യ മന്ത്രി ആയിരുന്ന ദിഗ് വിജയ്‌ സിംഗ് ആയിരുന്നു. കാരണം ഏകത പരിഷത്തിനു അന്ന് മദ്ധ്യ പ്രദേശിലെ 65 മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം ഉണ്ടായിരുന്നു. ഞാന്‍ ഇത് പറഞ്ഞത് ഒരു കാര്യം പറയാന്‍ ആണ് . രാജഗോപാല്‍ മുഖ്യ മന്ത്രിയേയും വിദ്യാഭ്യാസവും പത്രാസും ഒന്നും ഇല്ലാത്ത ഒരു ഗ്രാസ് റൂട്ട് ആദിവാസി അകറ്റിവിസ്ടിനെയും ഒരു പോലെ ആണ് കാണുന്നതും ഇട പഴകുന്നതും . വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാവരോടും ഒരേ പോലെ ഇടപെടുവാന്‍ ഒരു വലിയ ശക്തിയും ആത്മ വിശ്വാസവും ഉള്ളവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.
രാജാജിയെ ഞാന്‍ ബഹുമാനിക്കുനതിന്‍റെ വേറൊരു കാരണം വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒട്ടും അന്തരം ഇല്ലാത്ത ഒരു മനുഷ്യന്‍ എന്ന നിലയില്‍ ആണ് . അദ്ദേഹത്തിന്‍റെ ഇട താവളങ്ങളില്‍ ഒന്നായ മധുരയിലെ 'സെസി ( CESCI -Centre for Experiential and Socio-Cultural Interaction) കാമ്പസ്സില്‍ ഞങ്ങള്‍ ഒരുമിച്ചു ഉണ്ടാകുമ്പോള്‍ അതി രാവിലെ എല്ലാവരും എഴുനെല്‍ക്കുന്നതിന് മുമ്പ് ആ കാമ്പസ്സിന്‍റെ പരിസരം ഒക്കെ തൂത്ത് വൃത്തിയാക്കുന്നത് രാജാജിയാണ്. അത് ഒരു വെറും പ്രകടനം അല്ല മറിച്ചു അദ്ദേഹത്തിന്‍റെ ചിന്തയും-പ്രയോഗവും ഒരു പോലെ കൂട്ടിയിണക്കുന്ന ഒരു പൊളിട്ടിക്കള്‍ പ്രാക്സിസിന്‍റെ ഭാഗമാണ്. അതാണ്‌ അദ്ദേഹത്തെ സാധാരണ ഗാന്ധിയന്‍ മാരില്‍ നിന്നും വേറിട്ട ഒരു ചിന്തകനും പ്രവര്‍ത്തകനുമാക്കുന്നത്. പിന്നെ ഒരു കാര്യം ആരെങ്കിലും സഹായം ആവശ്യപെട്ടു ചെന്നാല്‍ തന്നാല്‍ ആവതും ആ ആളെ സഹായിക്കും .
തെരുവുകളിലും വീടുകളിലും അന്തിയുറങ്ങുന്ന മനുഷ്യന്‍ .
രാജഗോപാല്‍ മിക്കപ്പോഴും ഹോട്ടലില്‍ താമസിക്കാറില്ല. സ്വദേശത്തും വിദേശത്തും അദ്ദേഹത്തിന് വീട് തുറന്നു കൊടുക്കാന്‍ പലര്‍ക്കുംവലിയ സന്തോഷമാണ് . അദ്ദേഹം യുറോപ്പിലും അമേരിക്കയിലും ജോര്‍ജിയയിലും താമസിക്കുന്നത് സുഹൃത്തുക്കളുടെ വീടുകളിലാണ് . കാരണം എല്ലാവര്‍ക്കും അദ്ദേഹത്തെ വീട്ടില്‍ വിളിച്ചു താമസിപ്പിക്കുവാന്‍ ഇഷ്ട്ടമാണ്. എന്റെ വീട്ടില്‍ താമസിച്ചിട്ടുള്ള ചുരുക്കം ചില ആക്ടിവിസ്റ്റു നേതാക്കളില്‍ ഒരാളാണ് രാജഗോപാല്‍. മറ്റെയാള്‍ അരുണ റോയിയാണ്. അതിനു ഒരു കാരണം ഞങ്ങളുടെ മക്കള്‍ക്കും സഹയാത്രികയായ ബീനക്കും അദ്ദേഹത്തെ വളരെ ഇഷ്ടം ആണ് എന്നതാണ്. അദ്ദേഹത്തെ കായന്കുളം റയില്‍വേ സ്റ്റേഷനില്‍ പോയി ബോധിഗ്രാമിലേക്ക് വിളിച്ചുകൊണ്ട് വരുവാന്‍ എന്‍റെ സഹപ്രവര്‍ത്തകനായ ബിജുവിന് വലിയ ഉത്സാഹം ആണ് . കാരണം രാജാജിയെ ബിജുവിനും വലിയ ഇഷ്ട്ടമാണ്. കാറില്‍ കയറിയാല്‍ ആദ്യം അദ്ദേഹം തിരക്കുന്നത് ബിജുവിനെ കുറിച്ചും അയാളുടെ കുടുമ്പത്തെ കുറിച്ചുമാണ് . അത് വെറും വര്‍ത്താനം അല്ല എന്ന് ബിജു തിരിച്ചറിയുന്നത്‌ കൊണ്ടാണ് ബിജുവിന് രാജാജിയോടിഷ്ട്ടം.
അദ്ദേഹത്തിന്‍റെ പദയാത്രകള്‍ അറിയവുന്നവര്‍ക്കിടയില്‍ പ്രസിദ്ധ മാണ് .2007 ഇല്‍ ഗ്വാളിയറില്‍ നിന്ന് ഡല്‍ഹിയേല്‍ക്കു കാല്‍നടയായി ആഴ്ചകള്‍ എടുത്തു ജനാദേശ് മാര്‍ച്ചില്‍ പങ്കെടുത്തത് അമ്പതിനായിരം പേരാണ് . ഈ മാര്‍ച്ചിനു വേണ്ട എല്ലാ കാര്യങ്ങളും സമാഹരിച്ചത് മാര്‍ച്ച് ചെയ്ത് പാവപെട്ട ആദിവാസികള്‍ ആണ് . എതാനം വര്‍ഷങ്ങള്‍ ഒരു പിടി അരിയും ഒരു രൂപയും എല്ലാ ദിവസവും അവര്‍ സമാഹരിച്ചാണ് അവര്‍ സമര പദ യാത്ര തുടങ്ങിയത്. ഞാനും പദയാത്രയുടെ തുടക്കത്തില്‍ പങ്കു ചേര്‍ന്ന്. എട്ടു കിലോ മീറ്റര്‍ നടന്നതോടെ ഞാന്‍ ക്ഷീണിച്ചു യാത്ര മതിയാക്കി. രാജഗോപാല്‍ ഈ നൂറു കണക്കിനു കിലോ മീറ്റര്‍ അവരോടൊപ്പം നടന്നു. അവര്‍ക്കൊപ്പം വഴി വക്കില്‍ കിടന്നുറങ്ങി. അവരില്‍ ഒരാളായി അവര്‍ക്ക് നേത്ര്വതം കൊടുത്തു. 2012 ഇല്‍ ഒരു ലക്ഷം പേരുമായാണ് ജനസത്യാഗ്രഹ യാത്ര അദ്ദേഹം നടത്തിയത്. അതും ആഴ്ച്ചകള്‍ നീണ്ട പദ യാത്ര. . ഇന്ന് എത്ര രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഇങ്ങനെ ലക്ഷ കണക്കിന് ആള്‍ക്കാരെ അണി നിരത്തി ആഴ്ച്ചകളോളം പദയാത്ര നടത്താന്‍ സാധിക്കും ?
എന്‍റെ ഏറ്റവും അടുത്ത ചില ആക്ടിവിസ്റ്റു സുഹൃത്തുക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്ന് മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകരായി . അതില്‍ ഒരാള്‍ കൊണ്ഗ്രെസ്സ് നേതാവും എം- പി യുമായ മധുസുദന്‍ മിസ്ത്രിയാണ് . ഒരു പക്ഷെ രാജഗോപാലിന് നിഷ്പ്രയാസം രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് എം പി യില്‍ നിന്നും ഒരു എം.പി ആകാമായിരുന്നു. വേണമെങ്കില്‍ മന്ത്രിയും . പക്ഷെ ആ കാര്യത്തിലും അദ്ദേഹം വ്യത്യസ്തനാണ്. കാരണം രാജാജി ഒരിക്കലും അധികാര രാഷ്ട്രീയത്തിന്‍റെയോ , പേരും -പെരുമയുടെയും പിറകെ പോകുന്ന ആളല്ല. ഒരു സെലിബ്രിറ്റി ആക്റ്റിവിസ്ട്ടു ആകേണ്ട എന്ന് തീരുമാനമെടുത്ത ആളാണ്. 2013 ഇല്‍ ഇന്‍ഡ്യ ഏഗനിസ്ട്ടു കറപ്ഷന്‍ എന്ന കാമ്പയിന്‍ തുടങ്ങിയപ്പോള്‍. അരവിന്ദ് കേജരിവലിനോടും അണ്ണാ ഹസാരയോടും ഒപ്പം അതിന്‍റെ നേതുത്രത്വത്തില്‍ ഉണ്ടായിരുന്ന ആളാണ് രാജാജി . അവരുടെ ഗൂഡ രാഷ്ട്രീയ അജണ്ടയെ കുറിച്ച് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ രാജാജി അതില്‍ നിന്നും രാജി വച്ച് ഗ്രാമങ്ങളിലേക്ക് തിരിച്ചു നടന്നു.
അദ്ദേഹത്തിന്‍റെ കൂടെ ലക്ഷ കണക്കിന് ആളുകള്‍ ഉണ്ട് . ഇന്ന് ഏതാണ്ട് മൂന്നര ലക്ഷം അംഗങ്ങലുള്ള ഇരുപതോളം സംസ്ഥാനങ്ങളില്‍ വേരുകള്‍ ഉള്ള ഏകതാ പരിഷത് ഇന്ത്യയിലെ ഏറ്റവും വലിയ ഗാന്ധിയന്‍ സാമൂഹിക പ്രസ്ഥാനമാണ്. അതിന്‍റെ സ്ഥാപകന്‍ ആയ രാജാ ഗോപാല്‍ ഇപ്പോള്‍ അതിന്‍റെ മെന്ന്‍റെര്‍ മാത്രം ആണ് . ഒരു നേത്ര്വത സ്ഥാനങ്ങളും വഹിക്കുന്നില്ല. വലിയ ഒരു സോഷ്യല്‍ മൂവ്മെന്‍റ് നയിക്കുന്ന ആള്‍ ആണെന്നെ കണ്ടാല്‍ പറയില്ല. കാരണം അദ്ദേഹത്തെ കണ്ടാല്‍ സാധാരണക്കാരില്‍ സാധാരണക്കാരനായ ആരും അധികം ശ്രദ്ധിക്കാത്ത ഒരാള്‍ ആയെ തോന്നുകയുള്ള. ഒരു പ്രാവശ്യം കണ്ടാല്‍ എന്ത് കൊണ്ടോ ഇഷ്ട്ടം തോന്നുന്ന ഒരാള്‍.
ഏകതാ പരിഷത്തിന്‍റെ അന്താരാഷ്ട്ര ഉപദേശ സമതി അങ്ങമായിരുന്ന ഞാന്‍ എന്‍റെ ഐക്യ രാഷ്ട്രസഭയിലെ ജോലി രാജി വച്ച് വീണ്ടും ബോധിഗ്രാം പ്രവര്‍ത്തനങ്ങളെ ശക്തമാക്കി ഗ്രാസ് റൂട്ട് സാമൂഹിക മൊബിലിസേഷനില്‍ സജീവമായപ്പോഴാണ് രാജാജി ഏകത പരിഷത്തിനെ വീണ്ടും വിപുലമായ ഒരു സോഷ്യല്‍ മൂവ്മെന്‍റ് ആയി വളര്‍ത്തുവാന്‍ എന്‍റെ ഐക്യ ദാര്‍ഡ്യം ആവശ്യപെട്ടത്. അങ്ങനെയാണ് ഞാന്‍ വീണ്ടും ഏകത പരിഷത്തുമായി ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ഇടയായത്‌ .
ഒരു ബുദ്ധിജീവി നാട്യവുമില്ലാത്ത രാജഗോപാലിന് ഡി ലിറ്റ് കൊടുത്തത് രണ്ടു യുനിവേര്‍സിറ്റികള്‍ ആണു . രാജാജി ഒരിക്കലും
ഡോ രാജഗോപാല്‍ എന്ന് ഉപയോഗിക്കില്ലെങ്കിലും അദ്ദേഹത്തിന്‍റെ അനുയായികളില്‍ പലരും അത് ചേര്‍ത്ത് രാജഗോപാലിനെ വിളിക്കുമ്പോള്‍ ഒരു കല്ല്‌ കടിയുണ്ട് . കാരണം രാജഗോപാല്‍ രാജാജിയായി മനുഷ്യരുടെ മനസ്സില്‍ കുടിയെറുമ്പോള്‍ ആണ് അദ്ദേഹം സാധാരണ രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്ഥനാകുന്നത്. അത് ഏതു ഡി ലിട്ടിനും സാധിക്കില്ല, ഇതുവരെ സ്വന്തമായി ഒരു വാഹനം ഇല്ലാത്ത രാജാജി എഴുപതു വയസ്സിനടുത്ത് എത്തിയിട്ടും ട്രെയിനിലും ബസിലും നടന്നും യാത്ര ചെയ്യാന്‍ ഇഷട്ടപെടുന്ന വല്ലാത്തൊരു മനുഷ്യനാണ് . അദ്ദേഹം 'ജയ്‌ ജഗത് ' എന്ന ഒരു പുതിയ ദര്‍ശനവുമായി ഡല്‍ഹിയില്‍ നിന്നും ജനീവ വരെ സമാധാന-അഹിംസ-നീതി സന്ദേശവു മായി നടക്കാന്‍ തയ്യാര്‍ എടുക്കുകയാണ് .
ഒരു പക്ഷെ കലാ മണ്ഡലത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ ലോകം അറിയുന്ന ഒരു നര്‍ത്തകനായി രാജഗോപാല്‍ മാറിയേനെ. പക്ഷെ ഇന്നും അദ്ദേഹെത്തിന്‍റെ പ്രവര്‍ത്തനത്തെ ശ്രദ്ദിച്ചു നോക്കിയാല്‍ ന്രിത്തത്തിന്‍റെ ചടുല കാല്‍ വല്പ്പുകളും പാട്ടുകളുടെ മനോഹാരിതയും ഉണ്ട്.
അദ്ദേഹം ' ജയ്‌ ജഗത് ജയ്‌ ജഗത് ജയ്‌ ജഗത് പുകാരു ജോ ' എന്ന് പാടുമ്പോള്‍ അത് ഒരു പ്രവാചക ആഹ്വാനം പോലെ പലര്‍ക്കും തോന്നുന്നത് ആ വരികള്‍ അദ്ദേഹത്തിന്‍റെ ആത്മാവില്‍ നിന്ന് വരുന്നു എന്ന് മനസ്സിലാകുമ്പോള്‍ ആണ് .
ഞാന്‍ രാജഗോപാലിന്‍റെ ഒരു അനുയായി അല്ല. അതിനു കാരണം എനിക്ക് എന്‍റെതായ കാഴ്ചപ്പാടുകളും പ്രവര്‍ത്തന മേഖലകളുമുണ്ട്. ഗാന്ധിജിയുടെ രാഷ്ട്രീയ നൈതീകതയും സോഷ്യല്‍ ആക്ടിവിസവും എന്നെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഞാന്‍ ഒരു ഗാന്ധീയന്‍ അല്ല. ഗാന്ധിയെ പോലെ മാര്‍ക്സും , അന്റോണിയോ ഗ്രംഷിയും അംബേദ്‌ക്കറും , നെഹ്രുവും , മാര്‍ട്ടിന്‍ ലുതര്‍ കിങ്ങും , ചേഗുവേരയും , മിഷല്‍ ഫുക്കോയും , പൌലോ ഫ്രെയരും, ഇവാന്‍ ഇല്ലിച്ചും , മദര്‍ തെരേസയും , നാരായണ ഗുരുവും മഹാത്മാ ഫുലെയും ബിര്സാ മുണ്ടെയും എന്‍റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ട്. എന്‍റെ കാഴ്ചപ്പാടുകള്‍ എക്ളിക്ട്ടിക് ആണ്. എന്നാല്‍ ഒരുപാടു കാര്യങ്ങളില്‍ രാജാജിയുടെ നില പാടുകളും എന്‍റെ നിലപടുകളും ഒരു പോലെയാണ്. കാരണം അദ്ദേഹം ഗാന്ധി മാര്‍ഗത്തെ 21 നൂറ്റാണ്ടിന്‍റെ സാഹചര്യത്തില്‍ പ്രയോഗ -ചിന്താ പ്രവര്‍ത്തനങ്ങളിലൂടെ പുനര്‍ ആഖ്യാനം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ സാധാരണ ഗാന്ധിയന്‍മാരില്‍ നിന്ന് വ്യത്യസ്ഥമായി അദ്ദേഹത്തിന്‍റെ ഗാന്ധിസം കുറെ കൂടി വിപുലവും സാര്‍വ ദേശീയ കാഴ്ച്ചപ്പാടും ലിബറല്‍-ജനധിപത്യ -സാമൂഹിക നീതി -മനുഷ്യാവകശങ്ങളില്‍ അധിഷ്ടിടിതവുമാണ്. അത് എല്ലാവിധ ജാതി-മത-വംശ-ലിങ്ങ വിവേചനങ്ങള്‍ക്കും എതിരാണ് . അത് സാമ്പത്തിക-സാമൂഹിക നീതിയുടെ വശത്ത് നിന്നാണ് പ്രവര്‍ത്തിക്കുന്നത്.
എനിക്ക് അദ്ദേഹത്തോട് വലിയ സ്നേഹമാണ് . ഈ ഇരുപത്തന്ജു കൊല്ലങ്ങളായി എന്നെ 'ജോണ്‍ ഭായി' എന്ന് സ്നേഹത്തോടെ വിളിക്കുന്ന എന്‍റെ മൂത്ത സഹോദരനാണ് രാജഗോപാല്‍ എന്ന രാജാജി . ഈ മനുഷ്യന്‍ ഇവിടെ ഇങ്ങനെയൊക്കെ ജീവിച്ചിരുന്നു എന്ന് രാജ്യം ഒരു പക്ഷെ തിരിച്ചറിയുന്നത് ഈ മനുഷ്യന്‍ പദയാത്ര ചെയ്തു നടന്നു മറയുമ്പോള്‍ ആയിരിക്കും . ഇങ്ങനെയുള്ള പ്രത്യാശയുടെ പദയാത്രികരും സ്നേഹത്തിന്‍റെ പ്രവാചകരും ആണ് ക്രൂരതയുടെ വരണ്ട നിലങ്ങളില്‍ ഇളം തണുപ്പിന്‍റെ ചാറ്റല്‍ മഴകളായി മനസ്സില്‍ പെയ്തിറങ്ങുന്നത് . 'ജെയ് ജഗത്' എന്ന് സന്ദേശവുമായി കാല ദേശങ്ങള്‍ക്കത്തീതമായി ശാന്തിക്കും സമാധാനത്തിനും നീതിക്കും വേണ്ടി നിലകൊള്ളാന്‍ ആണ് രാജാജി ആഹ്വാനം ചെയ്യുന്നത് .
LikeShow More Reactions
Comment

No comments: