ചിലർക്ക് പരിചയപ്പെടുത്തയില്ലന്നുള്ള പരാതി വേണ്ട . ഇവിടെ ചിലരെയൊക്കെ ചോദിച്ചത് കൊണ്ട് വീണ്ടും പോസ്റ്റുന്നു
അടൂർക്കാരനാണ്. അവിടുന്ന് ആറുകിലോമീറ്റർ പോയാൽ വീട്ടിലെത്താം. കൈയ്യിലിരിപ്പ് കാരണം വീട്ടിൽ കേറ്റുന്നത് ചുരുക്കം. പണ്ടേ ഊര് ചുറ്റലാണ് ഇഷ്ട്ട വിനോദം. അതിന് മുമ്പ് ആന ,മൈൽ ഒട്ടകം , കറക്കി കുത്തു, സൈക്കലഞ്ഞൻ എന്നിവയായിരുന്നു പ്രധാന വിനോദങ്ങൾ . വീട്ടിലെ പറങ്കിയണ്ടി കള്ളകടത്തായിരുന്നു ആദ്യ ബിസിനസ്സ് സംരഭം. അതിൽ നിന്നുള്ള ലാഭം കൊണ്ടാണ് അടൂർ വിജയാ ടാക്കീസിന്റെ വെള്ളിത്തിരയിൽ അടൂർക്കാരനായ ഒരാളുടെ ' കൊടിയേറ്റം ' ആദ്യം കണ്ടത് . ജീവിതത്തിൽ ആദ്യമായി കണ്ട പാലം ഏഷ്യയിലെ ഏറ്റവും വലിയ പാലം എന്നൊരാൾ പറഞ്ഞ നീണ്ടകരപാലമാണ് . അന്ന് പൊയിലക്കട മോലാളീടെ എമണ്ടൻ ഏ സി സിനിമ തീയേറ്ററിൽ വച്ചാണ് ഷോലെയിലൂടെ അമിതാഭിനെയും ഗബ്ബർ സിങ്ങിനെയും ഒക്കെ പരിചയ പെട്ടത് . സ്വന്തം അപ്പൻ പണിത മതിലിൽ ' അടിയന്തരാവസ്ഥ അറബി കടലിൽ ' എന്നു പാതി രാത്രിയിൽ എഴുതി വച്ചാണ് എഴുത്തും മറ്റ് കലാപരിപാടികളും തുടങ്ങിയത്. കുറെ നാൾ സൈലന്റ് വാലിയുടെ പുറകെ പോയി. കൊച്ചു പുസ്തകം വായിച്ചു വായിച്ചു, വായിച്ചു പുസ്തക വായന ശീലമായി പതിനാറാമത്തെ വയസ്സ് തൊട്ട് കൊച്ചു മാഗസിൻ അഥവാ ലിറ്റിൽ മാഗസിൻ കുറെ കൊല്ലം പുറത്തിറക്കി. നാട്ടിൽ പൊറുതിയില്ലാതെ നാടും വീടും വിട്ടു ഊരു ചുറ്റൽ തുടങ്ങിയത് പൂർവാധികം ഭംഗിയായി പോകുന്നു .
പണ്ട് തൊട്ടേ പഞ്ചാരയടിയിൽ അല്പം വാസനയുണ്ടായിരുന്നതിനാൽ ആറാം ക്‌ളാസിൽ വച്ച് തൊട്ട് പ്രേമിച്ചു പരിശീലിച്ചത് കൊണ്ട് ഫലപ്രദമായി പിടിച്ചു നിന്നു അത് മാത്രമല്ല സ്‌കൂൾ തൊട്ട് മേലോട്ട് ഏത് തിരഞ്ഞെടുപ്പിലും പെമ്പിള്ളേർ സന്തോഷത്തോടെ വോട്ട് ചെയ്ത് വമ്പിച്ച ഭൂരി പക്ഷത്തിൽ വിജയിപ്പിച്ചു . ഇപ്പോഴും അതാണ് ഒരു പ്രതിക്ഷ . സ്‌കൂളിൽ വച്ച് തുടങ്ങിയ പ്രസംഗംഇപ്പോഴും തുടരുന്നു . ഫേസ് ബുക്ക് മുക്കിലുൾപ്പെടെ .
ഉപദേശിപണിയായിരുന്നു പഠിച്ചത് . കുറെ സർക്കാരുകളെ ഉപദേശിച്ചു ഉപദേശിച്ചു ക്ഷീണിച്ചു .ഒരുത്തനും ഗുണം പിടിച്ചില്ല .അത് കൊണ്ട് ഇപ്പോൾ സദുദ്ദേശ ഉപദേശിപ്പണി അല്പം മാറ്റി പിടിച്ചു .പണിയറിയാവുന്നത് കൊണ്ട് കഞ്ഞി കുടി മുട്ടാതെ ഇങ്ങനെ തട്ടീം മുട്ടീം പൊന്നു . ഇതിനിടക്ക് കല്യാണം കഴിച്ചു രണ്ടു പിള്ളേരും ഉണ്ടായി .പിള്ളേര് വളർന്ന് ഇപ്പോൾ നമ്മളെ ഉപദേശിച്ചു നേരെയാക്കാൻ നോക്കിയിട്ടും കിം ഫലം !! അടിച്ചേലെ പോയില്ലെങ്കിൽ പോയേലേ അടിച്ചോ എന്ന എന്റപ്പന്റെ നിലപാടാണ് ഇപ്പൊ പിള്ളേർക്കും:-)
പണ്ടു വീട്ടിലും നാട്ടിലും താന്തോന്നി ഇപ്പോൾ പ്രൊമോഷനായി അഖില ലോക താന്തോന്നിയാണ്. തോന്നുമ്പോൾ തോന്നുന്നത് എഴുതും, ചെയ്യും. തൊലിക്ക് അത്യാവശ്യം നല്ല കട്ടിയുണ്ട്. അത് കൊണ്ട് മിക്ക ചീത്തവിളിയും ഏശില്ല. അപ്പൊ പാർക്കലാം .
പണ്ട്. കെമിസ്ട്രി പഠിച്ചു പഠിച്ചു ആൽക്കെമി ആയി പോയത് കൊണ്ടാണ് ഇവിടെക്കെ കറങ്ങി നടക്കുന്നത്. നോക്കട്ടെ ഇവിടെ എന്തോന്ന് രസ തന്ത്രങ്ങളാണ് നടക്കുന്നതെന്ന് .
ജയ് ജവാൻ .ജയ് കിസാൻ
ജയ് ജവാൻ .ജയ് കിസാൻ
(അടികുറിപ്പ് : ജവാൻ ബ്രാണ്ടല്ല ..അപ്പൻ പണ്ട് ജവാനും പിന്നെ കിസാനും ആയത് കൊണ്ട് അപ്പന് സ്തുതിയായിരിക്കട്ടെ എന്ന് പറഞ്ഞു അവസാനിച്ചു എന്നേയുള്ളൂ )
No comments:
Post a Comment