Wednesday, July 12, 2017

ദിലീപ് എന്താണ് കേരളത്തോട്‌ വിളിച്ചു പറയുന്നത് ?


കഴിഞ്ഞ ഇരുപതു കൊല്ലങ്ങളില്‍ സമൂഹത്തിലും , രാഷ്ട്രീയത്തിലും , വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക മണ്ഡലത്തിലും കുറെ പുഴുക്കുത്തുകള്‍ പടര്‍ന്നു കേരളത്തെ ഒരു രോഗതുര സമൂഹമാക്കിയിട്ടുണ്ട്. ഇത് പല തലത്തിലും ഉണ്ട്. ഇതിന്‍റെ എല്ലാം പ്രതീഫലനമാണ് മലയാള സിനിമയിലും സിനിമ രംഗത്തും കാണുന്നത് .ഒരു തരത്തില്‍ മിക്ക മലയാള സിനിമകളും ഈ പുഴുക്കുത്തുകളെ പ്രചരിപ്പിച്ചു പൊതു മനോഭാവമാകാന്‍ സഹായിച്ചിട്ടുണ്ട് . ഇതിന്‍റെ ഒരു പ്രതീകമാണ്‌ നടിക്ക് നേരെ നടന്ന ലൈംഗീക ആക്രമണവും അതിന്‍റെ പേരില്‍ ദിലീപ് എന്ന സിനിമ സെലിബ്രിറ്റി ബിസിനസ്സ്കാരെന്‍റെ അറസ്റ്റും. ഇതിനു ഒരു തരത്തില്‍ നമ്മള്‍ എല്ലാവരും ഉത്തര വാദികളാണ്. ഇവിടെ ദിലീപ് എന്ന നടനെക്കാള്‍ പ്രധാനം നമ്മുടെ സമൂഹത്തിലെ മാറ്റങ്ങളെ നമ്മള്‍ എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ്. കാരണം ചെറിയതും വലുയതുമായ ദിലീപുമാര്‍ പല പുരുഷന്മാരുടെ മന്സ്സിനകത്തും പിന്നെ കേരള സാമൂഹിക മനസ്ഥിതിയിലും ഉണ്ടെന്നതാണ്. അങ്ങനെയുള്ള ദിലീപുമാരെ സൃഷ്ട്ടിച്ചതും ആഘോഷിച്ചതും നമ്മുടെ സമൂഹം ആണെന്നെത് മറക്കരുത്.
മലയാള സിനിമയിലെ അപചയ-മാലിന്യങ്ങളുടെ ഒരു പ്രതീകം മാത്രമാണ് ദിലീപ്. അയാള്‍ അടയാളപെടുത്തുന്ന മാലിന്യ സംസ്കാരത്തിന്‍റെ ഭാഗം തന്നെയാണ് തിരഞ്ഞെടുപ്പില്‍ നിന്ന് ജയിച്ചു സിനിമക്കരായ ജന പ്രധിനിധികള്‍ ആയ പലരും . അതെ മനസ്ഥിതിയുള്ളവര്‍ രാഷ്ട്രീയത്തിലും ബിസിനസ്സിലും സ്വദേശത്തും വിദേശത്തും ഉണ്ട് .ഇപ്പോള്‍ ദീലീപിന്‍റെ അറസ്റ്റ്
ആഘോഷിക്കുന്നവരില്‍ പലരും അതുപോലെ അയാളുടെ കടകള്‍ ആക്രമിക്കുന്നവരും അതെ രോഗതുര മനോഭാവത്തിന്‍റെ പ്രതീകങ്ങള്‍ ആണ്.
കേരള സമൂഹത്തിലെ പുഴുകുത്തുകളില്‍ പ്രധാനം ഒരു പണാധിപത്യ സമൂഹമായി എല്ലാ രംഗത്തും പരിണമിച്ചു എന്നതാണ് . ഇതിനു അനുപൂരകമായി ഒരു വല്ലാത്ത ഭോഗ - ഉപഭോഗ സമസ്കാരവും സാമൂഹിക മനസ്ഥിതിയില്‍ കടന്നു കയറി.എങ്ങനെ എങ്കിലും 'വിജയിച്ചു' കുറെ പണമുണ്ടാക്കി ഏറ്റവും 'വില' യുള്ള കാറും, ഫോണും , വീടും , മറ്റു സന്നാഹങ്ങളും ഉണ്ടാക്കുക എന്നതായി ഒരു പാട് പേരുടെ ജീവിത ലക്‌ഷ്യം തന്നെ. എങ്ങനെ പണം ഉണ്ടാക്കുന്നു എന്നത് പ്രശ്നമാല്ലതായി. അങ്ങനെയാണ് അനധികൃത പാറ മടകളും, മണലൂറ്റും, വ്യാജ മദ്യ കച്ചവടവും , സ്പെകുലട്ടിവ് 'റിയല്‍ എസറ്റെറ്റു' കച്ചവടവും , ബ്ലേട്‌ കമ്പനികളും കേരളത്തില്‍ വിജയത്തിലേക്കുള്ള ചവിട്ടു പടികള്‍ ആയതു. കേരളത്തില്‍ പൈസ ഇഷ്ട്ടം പോലെ ഉണ്ടെങ്കില്‍ എങ്ങനെ ആ പൈസ ഉണ്ടാക്കി എന്നത് വിഷയമല്ലാതെയായി. ഒരാളുടെ 'നിലയും വിലയും' ഇന്ന് അളക്കുന്നതു അയാള്‍ ഉപയോഗിക്കുന്ന കാറിലും , ആയാള്‍
കാണിക്കുന്ന ഉപ-ഭോഗ അഹങ്കരങ്ങങ്ങളിലും , ഷോ ഓഫിലും ആണ് . അങ്ങനെ തികച്ചും ഉപരിപ്ലവമായ ഒരു സമൂഹത്തില്‍ നിന്നാണ് ചവറു സിനിമകള്‍ ഉണ്ടാകുന്നതു . അനുകരണം( social Mimicking) തന്നെ എല്ലാ രംഗത്തും ഒരു 'കലാ രൂപം'മായി മാറി . അങ്ങനെയാണ് കേരളത്തിളെ ടീവി കളിലും സമൂഹത്തിലും 'മിമിക്രി' കേരളത്തിന്‍റെ 'തനതായ കലാരൂപമായത്. അതുകൊണ്ട് തന്നെയാണ് 'മിമ്മിക്രി' നല്ലത് പോലെ കാണിക്കുന്നവര്‍ പലരും സെലിബ്രിട്ടികള്‍ ആയതു.
എങ്ങനെയും എന്ത് ചെയ്തും കാശുണ്ടാക്കി 'വലിയ' ആളായി 'വലിയ കാറും, വീടും' ഒക്കെ കാണിച്ചു മഹാന്‍ ആകണമെന്നു ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ ഒരു 'അഗ്ഗ്രെസ്സിവ് ' ആയ സാമൂഹിക മനസ്ഥിതി ഉണ്ടാകുന്നു. ജീവിതം തന്നെ ആരെയൊക്കെയോ തോല്‍പ്പിക്കുവാനുള്ള ഒരു മത്സര പരക്കം പാച്ചിലകുന്നു. ഇത് തന്നെ പലരുടെ മനസ്സിലും അസ്വസ്ഥയും അരക്ഷിത അവസ്ഥയും ഉണ്ടാക്കുന്നു. ഇങ്ങനെയുള്ള ഒരു അവസ്ഥയില്‍ ആണ് 'വയലന്‍സ്' നമ്മുടെ ചിന്തയിലും വിചാരത്തിലും , വാക്കിലും , രാഷ്ട്രീയത്തിലും സിനിമയിലും ഒക്കെ ഉണ്ടാകുന്നത്. കബാലിയും, പുലി മുരുകനും , ആറാം തമ്പുരാനും, 'കമ്മീഷനറും, ഒക്കെ മലയാളികളുടെ മനസ്സില്‍ ഒരു ബാധ പോലെ സന്നിവേശിക്കുന്നത് ഇത് കൊണ്ടാണ് . മാഫിയ തലവന്മാരായ ഹീറോ വാര്‍പ്പ് മാതൃകകള്‍ മലയാള സിനിമകളില്‍ വേണ്ടുവോളം ഉണ്ട് . ക്രിമിനല്‍ ഹീറോകളെ ആഘോഷിക്കുന്ന മലയാള സിനിമകള്‍ക്ക് കേരളത്തില്‍ വലിയ സ്വീകാര്യത ഉണ്ടെന്നുമറക്കാതിരിക്കുക. ഇന്ന് മാഫിയ ക്വട്ടെഷന്‍
സംഘങ്ങള്‍ കേരളത്തിലെ എല്ലാ മേഘലകളിലും 'മോശ' മല്ലാത്ത ഒരു ബിസിനസ്സും ആയിരിക്കുന്നു. സമൂഹത്തിലെ
ഇന്ന് കേരളത്തിലെ കച്ചവടക്കാരില്‍ പലര്‍ക്കും , രാഷ്ട്രീയ നേതാക്കളില്‍ കുറെ പേര്‍ക്കും, മിക്ക രാഷ്ട്രീയ പാര്‍ടിക്കാര്‍ക്കും സിനിമ കാര്‍ക്കും അവരുടെ 'ഡര്‍റ്റി ഡിപ്പാര്‍റ്റമേന്ടു 'ഹാന്‍ഡില്‍ ചെയ്യാന്‍ 'ക്വട്ടെഷന്‍' സംഘങ്ങള്‍ ആവശ്യ ഘടകമായി. പലപ്പോഴും , രാഷ്ട്രീയ നേതാക്കളെയും, കാശുള്ള കച്ചവടക്കാരെയും , സിനിമ ക്കാരെയും , പോലീസ്സ്കാരില്‍ പലരെയും ബന്ധിപ്പിക്കുന്നത് പോലും 'ക്വട്ടെഷന്‍' ബിസിനിസ്സ്കാരാണ് . മൂത്തൂറ്റു കൊലപാതകവും, 'ടോട്ടല്‍ ' തട്ടിപ്പും അങ്ങനെ കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായ പല കേസുകളിലും 'ക്വട്ടെഷന്‍' ഒരു അവിഭാജ്യ ഘടകം ആയിരിന്നു . ഇങ്ങനെയോക്കെയാണ് സമൂഹം തന്നെ ക്രിമിനല്‍വല്ക്കരിക്കപെടുന്നത്.
ഇങ്ങനെ ഒരു പണാധിപത്യ ആക്രമണ-മത്സര ത്വരയുള്ള സമൂഹത്തിലാണ്‌ മത-ജാതി വിഭാഗീയതകള്‍ വര്‍ദ്ധിക്കുന്നത്. മത്സര പാച്ചിലില്‍ പുറം തള്ള പെടുന്ന ആളുകള്‍ കൂടുതല്‍ പണവും പ്രതാപവും ഉള്ളവരോട് ഒരു 'എന്‍വിയസ്സ് ഗ്രട്ജു'( Envious grudge) പുലര്‍ത്തും . കേരളത്തില്‍ വളന്നു വരുന്ന സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ ആണ് വിഭാഗീയതക്കും വര്‍ഗീയതക്കും ഒരു കാരണം. അത് കൊണ്ടാണ് സമൂഹത്തില്‍ കൂടുതല്‍ അഗ്രെസ്സിവ് ബിഹവിയര്‍ കൂടുന്നത് . പലരുടെയും പ്രതീകരങ്ങങ്ങള്‍ സമൂഹ മാദ്ധ്യമങ്ങലില്‍ പോലും അക്രമങ്ങളാകുന്നത് നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരുന്ന ആക്രമണ ത്വരയുടെ ലക്ഷണങ്ങളാണ്. ദിലീപിന്‍റെ അറസ്റ്റു ആഘോഷിക്കുന്നതും അയാളുടെ പുട്ട് കട തല്ലി തകര്‍ക്കുന്നതും , ലാലിസം പരിപാടി തകര്‍ന്നപ്പോള്‍ മോഹന്‍ ലാലിനെ ഫേസ് ബോക്കില്‍ ചീത്ത വിളിക്കുന്നതും എല്ലാം നമ്മുടെ സമൂഹത്തിന്‍റെ മനസ്സില്‍ അടിച്ചു കയറുന്ന ഹിംസയുടെ അടയാളങ്ങള്‍ ആണ് . പലപ്പോഴും കൂടുതല്‍ പണവും പ്രതപുമുള്ളവരെ അവരുടെ ജാതിയും മതവും തിരിച്ചു ടാര്‍ഗെട്ടു ചെയ്യുന്നതിലും ഇങ്ങനെയുള്ള സാമൂഹിക മനസ്ഥിതി ഒരു കാരണമാണ്.
ഒരു ഭോഗ- ഉപഭോഗ സമൂഹത്തില്‍ സ്ത്രീയെ ഒരു 'ഭോഗ വസ്തു' വായി കണ്ടു 'ഉപയോഗിക്കുക' എന്ന ഒരു അവസ്ഥ മേല്‍ പറഞ്ഞ പുഴുകുത്തുകലുടെ ഒരു വശമാണ്. അത് കൊണ്ട് തന്നെ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വീട്ടിലും നാട്ടിലും കൂടി . മലയാളി പുരുഷന്‍മാരില്‍ പലരും 'ഭാര്യയെ' പോലും അവരുടെ 'വിലയും നിലയും' കാണിക്കുവാനുള്ള ഒരു ഉപാധി ആക്കി മാറ്റുന്നതും ഉപരിപ്ലവ നിറഞ്ഞ ഒരു മീഡിയോക്കര്‍ സമൂഹത്തില്‍ ആണ് . ഇന്ന് കല്യാണങ്ങള്‍ ആലോചിക്കുന്നത് തന്നെ 'പാക്കേജു' നോക്കിയാണ്. വലിയ പണവും പത്രാസും ഇല്ലാത്ത പല ചെറുപ്പക്കാര്‍ക്കും ഇന്ന് കേരളത്തില്‍ കല്യാണം കഴിക്കുവാന്‍ പാടാണ്. കല്യാണവും വിവാഹ മോചനവും എല്ലാം ഇന്ന് 'പാക്കേജ് ' അനുസരിച്ചാണ്. സ്ത്രീ വിരുദ്ധത നമ്മുടെ രാഷ്ട്രീയത്തിലും, മാദ്ധ്യമങ്ങളിലും , സിനിമ കളിലും നിറയുന്നതിനു ഒരു കാരണമിതാണ് .
കഴിഞ്ഞ ഇരുപതു കൊല്ലത്തെ മലയാള സിനിമ ഈ മാല്യന്യ മനസ്ഥിതിയെ മഹത്വ വല്ക്കരിച്ചു ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് നല്‍കി. അതില്‍ തികഞ്ഞ സ്ത്രീ വിരുദ്ധതയും , നിയോ കന്‍സര്‍വേറ്റീവ് മനോഭാവവും, പുതു ഫ്യുഡലിസവും , മത-ജാതി സ്ടീരിയോടയിപ്പികളും കുത്തി നിറച്ചു , വയലന്‍സിനെ ആഘോഷിച്ചു, നാലാം തരം വളിപ്പുകളെ കാട്ടിയും കച്ചവട ചെരുവുകള്‍ നിരത്തിയുണ് സിനിമകള്‍ പലതും കേരള സമൂഹത്തിന്‍റെ രോഗാതുരമായ അവസ്തയെ കാട്ടുന്നത്. അത് കൊണ്ട് തന്നെയാണ് സിനിമ 'സെലിബ്രിട്ടി' സ്റ്റാറ്റസ് ഒരു ബിസിനസ് ആക്കി പലരും രാഷ്ട്രീയ നേതാക്കളോട് ശിങ്കിടി കൂടി സീറ്റ് തരപ്പെടുത്തി അവിടെയും 'വിജയിക്കുവാന്‍' ശ്രമിക്കുന്നത്. സുരേഷ് ഗോപിയും, മുകേഷും , ഇന്നെസേന്ടും, പ്രിയ ദര്‍ശനും എല്ലാം രാഷ്ട്രീയ -പദവി ഭാഗ്യ അന്വേഷികള്‍ ആകുന്നതു ഒരു കരിയര്‍ ഷിഫ്റ്റിന്‍റെ ഭാഗമാണ് .അല്ലാതെ അവര്‍ സമൂഹത്തിലോ രാഷ്ട്രീയത്തിലോ ഇടപെട്ടത് കൊണ്ടോ , എന്തെങ്കിലും മാറ്റം ഉണ്ടാക്കിയത് കൊണ്ടോ അല്ല. ഗണേശന്‍ എം-ല്‍-ഏ യും മന്ത്രിയും ഒക്കെ ആയതു മക്കള്‍ രാഷ്ട്രീയ ഫ്യുടലിസതിന്‍റെ ഭാഗമായും സിനിമ 'സെലിബ്രിട്ടി' സ്റ്റാറ്റസിന്‍റെ പേരിലുമാണ് .
ഒരു പക്ഷെ ദിലീപും എം എല്‍ ഏ യും മന്ത്രിയോമോക്കെ ആകാന്‍ സാധ്യത ഉണ്ടായിരുന്നു . കാരണം ഇപ്പോള്‍ ഉള്ള രാഷ്ട്രീയ പാര്‍ട്ടികളിലും എങ്ങനെയെങ്കിലും 'വിജയിക്കുക്ക' എന്ന മനസ്ഥിതിയായി. അതിനു അവര്‍ക്ക് വോട്ടു കിട്ടാന്‍ സാദ്ധ്യത ഉള്ള സിനിമ സെലബ്രിറ്റികളെ തിരഞ്ഞു പിടിച്ചു തിരഞ്ഞെടുപ്പില്‍ നിറുത്തുന്നതില്‍ ഒരു മടിയും ഇല്ല . അതികൊണ്ട് തന്നെയാണ് പത്തും മുപ്പതും വര്ഷം പാര്‍ട്ടിക്ക് വേണ്ടു പ്രവര്‍ത്തിച്ചവര്‍ക്ക് സീറ്റ് ഇല്ലെങ്കിലും കുറുക്കു വഴികളിലൂടെ ആളെ പറ്റിച്ചു ജയിപ്പിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഇത് അവര്‍ക്ക് അവരുടെ ജനപിന്തുണയില്‍ തന്നെ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ്.
ദിലീപിന്‍റെ അറസ്റ്റു സമൂഹ മാധ്യമങ്ങളില്‍ ആഘോഷിക്കുന്നവരും മുഖ്യ മന്ത്രിയേയും പോലീസിനെയും അഭിനന്ദിക്കുന്നവരും മനസ്സിലാക്കേണ്ടത് കേരളത്തിലെ രാഷ്ട്രീയത്തിലും , സമൂഹത്തിലും , മത വ്യാപാര സ്ഥാപനങ്ങളിലും മാന്യന്മാരായി നടിക്കുന്ന നടക്കുന്ന ദിലീപുമാര്‍ കുറെയേറെ ഉണ്ടെന്നതാണ്. ഇവിടെ കുറും തോട്ടിക്കു തന്നെ വാതം പിടി പെടുമ്പോള്‍ ഒരു ദിലീപിന്‍റെ അറസ്റ്റില്‍ ആഘോഷിക്കുന്നത് കൊണ്ട് കാര്യം ഒന്നുമില്ല. അത് കൊണ്ട് ഇവിടെ പോലീസോ അവരുടെ രാഷ്ട്രീയ മേലാളന്മാരോ പ്രത്യകിച്ചും അത്ഭുതങ്ങള്‍ ഉണ്ടാക്കാന്‍ ഉള്ള സാധ്യതയുമില്ല.
മാറ്റം വരേണ്ടത് നമ്മുടെ മനസ്ഥിതിയില്‍ ആണ്. ഒരു ദിലീപിന്‍റെ നേരെ കൈ ചുണ്ടിയിട്ടു മാത്രം കാര്യമില്ല. നമ്മുടെ സമൂഹത്തിലെ ഉള്ള പുഴുകുത്തുകളെ മാറ്റുവാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. മാറ്റം ഉണ്ടെകേണ്ടത് നമ്മുടെ കുടുംബങ്ങളിലും നമ്മുടെ മനസ്ഥിതിയിലും പിന്നെ സമൂഹത്തിലും ആണ്.

No comments: