അധികാരവും വീക്ഷണങ്ങളും തമ്മിലുള്ള ബഹുതല ഇടപെടലുകളിലൂടെയാണ് രാഷ്ട്രീയം കളമാടുന്നത്. ഒരു ദേശരാഷ്ട്രത്തിൽ ഭരണകൂടത്തിന്റെ രാഷ്ട്രീയവും ജനങ്ങളുടെ രാഷ്ട്രീയവും തമ്മിൽ,വാഗ്ദാനങ്ങളെയും നിർവഹണത്തെയും ജനങ്ങളുടെ നിരീക്ഷണങ്ങളെയും സംബന്ധിച്ച നിരന്തരമായ സമാലോചനയിലാണ് .ഒരു സര്ക്കാരിന്റെ നിലനില്പ്പ് സാധുവാകുന്നത് അത് നല്കിയ വാഗ്ദാനങ്ങളും അവയുടെ നിർവഹണങ്ങളും തമ്മിലുള്ള ജൈവിക ബന്ധത്തെ ആശ്രയിച്ചാണ്;അഥവാ ജനങ്ങളിൽ പ്രതീക്ഷ വളർത്തുകയും അവ നീതിയുക്തമായി നടപ്പിലാക്കുകയും ചെയ്യുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.അധികാരത്തിന്റെ നൈതികത ,ഭരണത്തിന്റെ മൂലതത്വങ്ങൾ,ഭരണ മികവ് എന്നിവയാണ് ഈ സോഷ്യൽ കൊണ്ട്രാക്ടിന്റെ അടിസ്ഥാനം.പുതിയ സാഹചര്യങ്ങളിൽ ഈ സാമൂഹ്യ കരാറിൻറെ നിയമ സാധുതയിൽ ഉത്തരവാദിത്തം,സുതാര്യത പ്രതികരണക്ഷമത,സാർവജനീനമായ ഉൾക്കൊള്ളൽ,പങ്കാളിത്തം എന്നീ നിബന്ധനകൾ കൂടി ഉള്പ്പെട്ടിരിക്കുന്നു.തത്വങ്ങളും വാഗ്ദാനങ്ങളും പ്രവർത്തനവും ജനങ്ങളുടെ നിരീക്ഷണങ്ങളും തമ്മിൽ വിയോജിപ്പ് ഉണ്ടാവുമ്പോൾ രാഷ്ട്രീയാധികാരത്തിന്റെ യുക്തി ചോദ്യം ചെയ്യപ്പെടുന്നു.ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പല രീതിയിൽ പ്രകടമാവുകയും ചെയ്യുന്നു.
ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും ഉണ്ടായിരിക്കുന്ന കാതലായ ചില മാറ്റങ്ങളുടെ സൂചകമാണ്.ഒരു കക്ഷിയുടെയോ ഒരു പ്രത്യേക പാർടിയുടെയോ പ്രകടനം അവിടത്തെ നിലവിലുള്ള സാമൂഹ്യ രാഷ്ട്രീയ പരിത സ്ഥിതികളിൽ സമ്മതിദായകർ കൈക്കൊണ്ട പൊതു വികാരത്തെയും നിലപാടുകളെയും കാണിക്കുന്നു.അത്തരം ജനവിധികളുടെ സ്വഭാവവും പ്രകൃതിയും നിശ്ചിത സമയത്ത് ഒരു സമൂഹത്തിലെ മാറുന്ന വീക്ഷണങ്ങളെയും അധികാര ചലനങ്ങളെയും കൂടി സൂചിപ്പിക്കുന്നുണ്ട് .കഴിഞ്ഞ 50 വർഷങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയവും ജനാധിപത്യവും തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധികാരവും വീക്ഷണവും തമ്മിലുള്ള ഇടപാടുകളിൽ സംഭവിക്കുന്ന അത്തരം പല മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുകയുണ്ടായി .
കഴിഞ്ഞ ദില്ലി തിരഞ്ഞെടുപ്പിലെ ആപ്പിന്റെ(AAP)അട്ടിമറി വിജയം എന്താണ് കാണിക്കുന്നത് ?ശൈശവാവസ്ഥയിലുള്ള ഒരു രാഷ്ട്രീയ കക്ഷിയുടെ അഭൂതപൂര്വ്വമായ വിജയത്തെ കുറിച്ച് നിരവധി വിശകലനങ്ങളും വീക്ഷണങ്ങളും പുറത്തു വന്നിട്ടുണ്ട് .ആവേശം, ആഘോഷം, കരുതലോടെയുള്ള ശുഭാപ്തിവിശ്വാസം വിമർശനത്തോടെയുള്ള മതിപ്പ് 'അവിശ്വാസം,മുറുമുറുപ്പ്,തുറന്ന തള്ളിപ്പറയൽ -അങ്ങനെ വ്യത്യസ്തവും സമ്മിശ്രവും ആയ പ്രതികരണങ്ങൾ .വ്യവസ്ഥാപിത കക്ഷികളും സഹയാത്രികരും ചക്രവാളത്തിലെ ഈ പുതിയ വെല്ലുവിളിയെ മനസ്സിലാക്കാൻ ഗൌരവ ശ്രമം നടത്തുന്നുണ്ടെങ്കിലും ആശങ്കകൾ മൂടി വെച്ച് അവിശ്വാസം പ്രകടിപ്പിക്കാനാണ് താല്പര്യപ്പെട്ടത്.നിലവിലുള്ള രാഷ്ട്രീയ പാർടികളുടെ കേന്ദ്ര വ്യാപാരത്തെ തകിടം മറിക്കുന്ന ഘട്ടം വരുമ്പോൾ പുതിയ കക്ഷിക്കെതിരെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി അങ്ങാടിയിലെത്തുക സ്വാഭാവികം.അത് കൊണ്ടാണ് വ്യവസ്ഥാപിത പാർടികൾ ആപ്പിന്റെയും അതിനോട് ബന്ധപ്പെട്ടവരുടേയും കുറ്റവും കുറവും കണ്ടുപിടിക്കാൻ വ്യഗ്രത കാണിക്കുന്നത്.ആപ്പിന് വ്യക്തമായ പ്രത്യയ ശാസ്ത്രമില്ല എന്നാണ് ചിലരുടെ വേവലാതി.മറ്റു ചിലര്ക്ക് ഇത് വന്നും പോയും ഇരിക്കുന്ന അസ്ഥിര പ്രതിഭാസങ്ങളിൽ മറ്റൊന്ന് മാത്രം.ആപ്പിനു പ്രവർത്തിക്കാൻ കഴിയില്ലെന്നും താമസിയാതെ അത് ഇതരകക്ഷികളെപ്പോലെ ഒന്നായി പരിണമിക്കും എന്നുമാണ് വേറെ ചിലരുടെ കണക്കുകൂട്ടൽ.ഒരു വലിയ വിഭാഗംആപ്. RSS ന്റെ ബി ടീം ആണ് എന്നും നാഗ്പൂർ പരിപാടി പ്രകാരം രൂപം കൊണ്ടതാണെന്നും കരുതുന്നു ചിലർ. ആപിൽ സവർണത്വം കാണുന്നു.മറ്റു ചിലർ സ്ത്രീ/ ദളിത് വിരോധവും .ഈ പ്രതികരണങ്ങളിൽ പുതിയതോ അപ്രതീക്ഷിതമോ ആയ ഒന്നുമില്ല.. എങ്കിലും ആപ് ഭിന്നിച്ചു ക്രമേണ അപ്രത്യക്ഷമാകുമെന്ന് പ്രവചിച്ചവർക്ക് ഇപ്പോൾ അവരുടെ വോട്ടു ബാങ്കുകളും തിരഞ്ഞെടുപ്പ് വിപണികളും ശക്തമായ ഒരു പുതിയ ഭീഷണി നേരിടുന്നു എന്ന് ആശങ്കയുണ്ട്.
രാഷ്ട്രീയം, പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് രാഷ്ട്രീയം,കുഴഞ്ഞു മറിഞ്ഞ ഒരു പരിപാടിയാണ്.ഒരു മാതൃകാ സമൂഹത്തിൽ അത് നാം പ്രതീക്ഷിക്കുന്നത് പോലെ നവ മൂല്യങ്ങളുടെയും ആദർശ ങ്ങളുടെയും ജനോന്മുഖമായ തത്വാധിഷ്ടിത പ്രഖ്യാപനങ്ങളുടെയും ക്ലീൻ സ്ലേറ്റ് .ആയിരിക്കാം.എന്നാൽ .ന്യുനതകൾ നിറഞ്ഞ യഥാർത്ഥ ലോകത്ത് സമൂഹത്തിന്റെ ആശങ്കകളും ഒത്തു തീര്പ്പുകളും ആഗ്രഹങ്ങളും അഹന്തയും, മുൻവിധികളും എല്ലാം ഈ രംഗത്തും പ്രതിഫലിക്കുന്നു .
ആപ്പിന്റെ അഭൂത പൂർവമായ വിജയം ഒരേ സമയം പ്രതീക്ഷയുടെയും നൈരാശ്യത്തിന്റെയും രാഷ്ട്രീയമാണ് .നൈരാശ്യം ഉടലെടുക്കുന്നത് ഏകാധിപത്യ പ്രവണതകളോടുള്ള വ്യാപകമായ അസംതൃപ്തിയിൽ നിന്നും വാഗ്ദാനങ്ങളും പ്രവൃത്തിയും തമ്മിലുള്ള വിടവിൽ നിന്നും ,സംസാരവും യാഥാർത്ഥ്യവും തമ്മിലുള്ള വ്യതാസത്തിൽ നിന്നും ന്യുനപക്ഷങ്ങളുടെ അരക്ഷിത ബോധത്തിൽ നിന്നും ആണ്.ശുദ്ധവും അഴിമതിരഹിതവും കൂടുതൽ ഉത്തരവാദിത്തം ഉള്ളതും എല്ലാ വിഭാഗങ്ങളെയും ഉള്ക്കൊള്ളുന്നതുമായ ഭരണത്തെ സംബന്ധിക്കുന്ന കാര്യപരിപാടികളാണ് പുതിയൊരു പ്രതീക്ഷക്കു വക നല്കിയത്.പാര്ശ്വവൽകൃതർക്കും ദരിദ്രർക്കും നല്കിയ വാഗ്ദാനങ്ങൾ-, പ്രത്യേകിച്ച് വൈദ്യുതി, വെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ കാര്യത്തിൽ - തികച്ചും ആശാവഹമായിരുന്നു.ആപിന്റെ രാഷ്ട്രീയത്തെ കുറിച്ച് എന്തൊക്കെ വിമർശനങ്ങൾ ഉണ്ടായാലും അതി ന്റെ വിജയം ഇന്ത്യയിലുടനീളം കോടി ക്കണ ക്കിനു സാധാരണക്കാരുടെ ഇടയിൽ ജനാധിപത്യത്തിലുള്ള പ്രതീക്ഷ പുനരുജ്ജീവിപ്പിക്കുന്നതിൽ വിജയിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വരുന്ന ദശാബ്ദത്തിൽ സംഭവിക്കാവുന്ന മാറ്റത്തെയും പുതിയതായി ഉരുത്തിരിയാവുന്ന ശക്തികളേയും നേതാക്കളെയും കുറിച്ച് സൂചന നല്കുന്ന മൂന്നു അടിസ്ഥാന പ്രവണതകൾ എന്തെന്ന് നോക്കാം.
1.നിലവിലുള്ള കക്ഷികളുടെ ബാഹ്യവും ആന്തരികവും ആയ സംഘർഷങ്ങളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വ്യാപാരവൽക്കരണവും .
2.നൂതനമായ ജനകീയരാഷ്ട്രീയത്തിന്റെയും നിരീക്ഷണവിധേയമായ ജനാധിപത്യത്തിന്റെയും ആവിര്ഭാവം.
3.ഉയരങ്ങൾ ആഗ്രഹിക്കുന്നവരും മാറാൻ തയ്യാറുള്ളവരും ആയ ഒരു നവ മധ്യവർഗത്തിന്റെ വരവ്.
ഒരു വശത്ത് വന്കിട കോർപറേറ്റുകളും രാഷ്ട്രീയ മേലാളന്മാരും തമ്മിലും മറുവശത്ത് കോർപ്പറേറ്റ് വിധേയത്വമുള്ള മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷണങ്ങളും തമ്മിലും നിലനിൽക്കുന്ന ആഴമുള്ള കൂട്ടുകെട്ടിൻറെ പശ്ചാത്തലത്തിലാണ് ഈ പ്രവണതകളെ വിലയിരുത്തേണ്ടത്.ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും ആസൂത്രണ ത്തിന്റെ തലപ്പത്തിരിക്കുന്നവരും ചേര്ന്ന ഒരു സംഘം ഭരണ നടപടികൾ കയ്യാളുമ്പോൾ ,വികസനത്തിന്റെയും സൽഭരണത്തിന്റെയും മറവിൽ ദരിദ്രരും പാര്ശ്വവല്കൃത സമുദായങ്ങളും കൂടുതലായി അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.
രാഷ്ട്രീയ കക്ഷികളുടെ പ്രതിസന്ധിയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വ്യാപാര വൽകരണവും .
ബഹുകക്ഷി സംവിധാനത്തിലൂടെയാണ്തി രഞ്ഞെടുപ്പ് രാഷ്ട്രീയം പ്രവർത്തിക്കുന്നത്.ഒരു ജാനാധിപത്യതിന്റെയും രാഷ്ട്രീയ സംവിധാനത്തിന്റെയും ആരോഗ്യാവസ്ഥ പ്രധാനമായും ആ രാജ്യത്തെ രാഷ്ട്രീയ കക്ഷി വ്യവസ്ഥയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു.സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യത്തെ 50 വർഷം ഇന്ത്യൻ നാഷനൽ കൊണ്ഗ്രെസ്സ്,ഇടതു പാർടികൾ,പ്രാദേശിക പാർടികൾ,ജന സംഘ് / ബി ജെ പി എന്നിവയാണ് രാഷ്ട്രീയ കക്ഷികളുടെ സ്ഥാപിത ഘടനയിൽ പ്രാതിനിധ്യ ജാനാധിപത്യത്തിൽ ഇടപെട്ടത്.പക്ഷെ ഒരു വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷി അധികാര സ്ഥാപനം ആയപ്പോൾ വ്യക്തി താല്പര്യങ്ങളും വിശാല ആദർശങ്ങളും തമ്മിലുള്ള ഇടർച്ചകൾപ്രശ്നമായി. ആര്ജ്ജിതമോ സ്വന്തമോ ആയ വിഭവങ്ങളും അധികാരവും സ്വാധീനവും കൈ മുതലായുള്ളവർ രാഷ്ട്രീയ ക്രമങ്ങളിൽ ആധിപത്യം ചെലുത്താൻ തുടങ്ങി.അന്ഗത്വം നല്കി,വൻ ജനപങ്കാളിത്തത്തിലൂടെ പടുത്തുയർത്തിയ സാമൂഹ്യ -രാഷ്ട്രീയ പ്രസ്ഥാനങ്ങളായാണ് മിക്ക രാഷ്ട്രീയ കക്ഷികളും രൂപം കൊണ്ടത്. പക്ഷെ നവ ഉദാരീകരണ യുഗത്തിന്റെ വരവോടെ വിപണിശക്തികൾ പൊതു നയങ്ങളേയും ,സമൂഹത്തിന്റെ അഭിരുചികളെയും മാധ്യമങ്ങളെയും സ്വാധീനിക്കുന്നതും അത് വഴി ജനങ്ങളുടെ വീക്ഷണത്തെ നിയന്ത്രിക്കുന്നതും ആണ് നാം കണ്ടത് . എന്തിനേറെ ,വോട്ടു കളുടെ ചന്തയിൽ ഒരു ഉൽപ്പന്നത്തെയൊ ബ്രാണ്ടിനെയോ ഒരു ബിംബത്തിനെയോ വില്ക്കുന്നതിലേക്ക് രാഷ്ട്രീയം ചുരുങ്ങിയിരിക്കുന്നു.അംഗങ്ങളുടെ ശൃംഖലയിലൂടെയല്ല ,വോട്ടുകൾക്ക് വേണ്ടി വലവീശുന്ന പരസ്യമാമാങ്കങ്ങളിലൂടെയും കെട്ടുകാഴ്ചകളിലൂടെയും ആണ് ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സന്ഘടിപ്പിക്കപ്പെടുന്നത്.
സമ്മതിദായകരുടെ വീക്ഷണത്തെ പരുവപ്പെടുത്തി വോട്ടു സമാഹരിക്കുന്നതിനായി നടപ്പിൽ വരുത്തിയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വ്യാപാരവൽക്കരണം ക്രമേണ പാർടികളുടെ നിലവിലുള്ള ഘടനയെ അടിയിൽ നിന്ന് ദുര്ബ്ബലപ്പെടുത്തുവാൻ തുടങ്ങി. മുകളിലെ നേതാക്കന്മാർക്കുവേണ്ടി വിദഗ്ധർ രൂപകൽപ്പന ചെയ്യുന്ന പരസ്യപ്രചാരണ പരിപാടികൾ നടപ്പിലാക്കൽ മാത്രമായി സാധാരണ അംഗങ്ങളുടെ പങ്ക് തൽഫലമായി .അവരുടെ പ്രവർത്തക സ്വത്വവും അവകാശബോധവും അപഹരിക്കപ്പെട്ടു..
തിരഞ്ഞെടുപ്പിന്റെ വ്യാപാര വൽക്കരണത്തിലൂടെയും മുകളിൽ നിന്നുള്ള നിയന്ത്രണത്തിലൂടെയും തങ്ങളുടെ മുൻതൂക്കം നിലനിർത്താൻ കഴിയുമെന്നു വ്യവസ്ഥാപിത പാർടികൾ കണക്കുകൂട്ടി. ഏതൊരു ഉൽപ്പന്നത്തിന്റെയും,രീതിയുടെയും സ്ഥാപനത്തിന്റെയും വിപണി മൂല്യം നിലനിർത്തുന്നതിനു പണവും നിക്ഷേപവും ആവശ്യമാണ്.നവ ഉദാരീകരണ ലോകത്ത് വൻകോർപറേറ്റുകളും ബിസിനെസ്സ് കുടുംബങ്ങളും തിരഞ്ഞെടുപ്പിലും,രാഷ്ട്രീയ കക്ഷികളിലും നേതാക്കളിലും വൻ നിക്ഷേപം നടത്താൻ അങ്ങനെ വഴി തുറന്നു. എന്പതുകളുടെ അവസാനത്തിൽ തുടക്കം കുറിച്ച ഈ പദ്ധതി കഴിഞ്ഞ 25 വർഷങ്ങളിലൂടെ രാഷ്ട്രീയ നേതൃത്വവും വൻകിട ബിസിനസ്സും ചേർന്ന വളരെ പ്രവർത്തനക്ഷമമായ ഒരു ശക്തിയായി പരിണമിച്ചു.
തിരഞ്ഞെടുപ്പുകൾ വോട്ടുകൾക്ക് വേണ്ടിയുള്ള ചന്തപ്പോര് ആയി അധപ്പതിച്ചപ്പോൾ മാധ്യമങ്ങൾ രാഷ്ട്രീയ മേലാളന്മാരുടെയും ബിസിനസ് നിക്ഷേപകരുടെയും സേവകരായി.പാർടികൾ അധികാരം ലക്ഷ്യമാക്കുന്ന മാനം നോക്കികളെക്കൊണ്ട് നിറഞ്ഞു.അങ്ങനെ കക്ഷി രാഷ്ട്രീയം വിപണി, മാധ്യമം , നേതൃത്വം എന്നിവയുടെ ചൊല്പ്പടിയിലായി.വിപണിയിലും മാധ്യമങ്ങളിലും നേതൃത്വത്തിലും സ്വാധീനമുള്ളവർ മിക്ക രാഷ്ട്രീയ പാര്ടികളുടെയും ഘടനയിലും കേന്ദ്ര സ്ഥാനത്തും കയറിക്കൂടി. കഴിഞ്ഞ 20 വർഷങ്ങളിൽ അംഗ ത്വ വര്ധനയും താഴെതലത്തിൽ നിന്ന് തുടങ്ങുന്ന ധനസമാഹരണവും കുറയുകയും വൻ കോർപരേടു ലോബികളിൽ നിന്നുള്ള പണമൊഴുക്ക് ക്രമാതീതമായി വര്ധിക്കുകയും ചെയ്യുന്നതാണ് നാം കണ്ടത് .ബിസിനസ് കുടുംബങ്ങളുടെയും സാമ്പത്തിക നിക്ഷേപം നടത്തുന്നവരുടെയും അനുഗ്രഹമുള്ളവർക്ക് സീറ്റും രാഷ്ട്രീയ പാർടികളിൽ പ്രമാണിത്തവും കൈവന്നു.കോടീശ്വരന്മാർക്കു നിഷ്പ്രയാസം രാഷ്ട്രീയ പാര്ടികളുടെ തലപ്പത്തേക്ക് പ്രവേശിക്കുവാനും വേണ്ടിവന്നാൽ പാർലിമെന്റ് സീറ്റുകൾ തരപ്പെടുതതുവാനും കഴിയുമെന്നായി. നവ ലിബറൽ യുഗത്തിൽ രാഷ്ട്രീയ പാർടികൾ നയപരമായ ആനുകൂല്യങ്ങളും നികുതി ഇളവുകളും ലക്‌ഷ്യം വെച്ചുള്ള നിക്ഷേപ ഉരുപ്പടികൾ ആയപ്പോൾ രാഷ്ട്രീയം തന്നെ ഒരു കച്ചവടമായി.
രാഷ്ട്രീയം' വരവ്,ചിലവ് ,നിക്ഷേപത്തിന്മേലുള്ള ആനുകൂല്യങ്ങൾ, മാദ്ധ്യമ പിൻബലം ,വിതരണ സംവിധാനം ,സൃഷ്ടിച്ചെടുക്കുന്ന മേൽവിലാസം എന്നിവയെല്ലാം തികഞ്ഞ വൻ ബിസിനെസ്സ് സ്ഥാപനമായപ്പോൾ അത്തരം യോഗ്യതയും തന്ത്രങ്ങളും കൈമുതലായുള്ളവർ തലപ്പത്തെത്തുകയും ശൈലി മാറ്റത്തിലൂടെ അത് 1990 കളോടെ നവസാങ്കേതിക വീദഗ്ധരായ ഒരു പുതു തലമുറ മാനേജർമാരുടെ വരവിലേക്ക് നയിക്കുകയും ചെയ്തു. രാഷ്ട്രീയത്തിന്റെ സംരംഭവൽക്കരണവും 'മാനേജർ' മാർ തീരുമാനമെടുക്കുന്ന രീതിയും ചേർന്നപ്പോൾ മിക്ക രാഷ്ട്രീയ പാർടികളും ചുരുക്കം ചിലരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനികൾ ആയി പരിണമിച്ചു.ചില പാർടികൾ' കുടുംബം വക ' സ്വകാര്യ രാഷ്ട്രീയ സംരംഭങ്ങളാവുകയും .മറ്റു ചിലത് പൊതു മണ്ഡലത്തിൽ തന്നെയുള്ള അധികാര കേന്ദ്രത്തിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനങ്ങളാവുകയും ചെയ്തു. .ബിസിനസ് ലക്ഷ്യവും ഉൽപ്പന്നങ്ങളും അതിനു വേണ്ട മാര്ഗ രേഖകളും ഉള്ള സംരംഭക ശൈലിയിലേക്കുള്ള ചുവടുമാറ്റ ത്തോടെ മിക്ക മുഖ്യധാരാ പാർടികളും അ രാഷ്ട്രീയവൽക്കരിക്കപ്പെട്ടു.ആദർശങ്ങൾ മേൽവിലാസം മാത്രമായി അവശേഷിച്ചു..മുതലിറക്കിയവരുടെ നേട്ടങ്ങൾ മുന്ഗണന നേടി.മുദ്രാവാക്യങ്ങൾ പിറക്കുന്നത് അണികളുടെ നെഞ്ചിൽ നിന്നല്ല ,മുന്തിയ പരസ്യ സ്ഥാപനങ്ങളിലെ കൂലി എഴുത്തുകാരിൽ നിന്നായി. ജനമധ്യത്തിൽ തങ്ങളുടെ പ്രതിച്ഛായ മോടിപിടിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും അത് വഴി വോട്ടു ബാങ്കുകൾ സുരക്ഷിതമാക്കുന്നതിനും വേണ്ടി നേതാക്കൾ പബ്ലിക് റിലേഷൻ ഏജന്റുമാരുടെ സേവനം തേടുന്ന രീതി വ്യാപകമായി .
70 കളിൽ തിരഞ്ഞെടുപ്പ് ചെലവ് താഴത്ത് നിന്ന് തുടങ്ങുന്ന അംഗ നിരയുപയോഗിച്ചു ജനങ്ങളിൽ നിന്ന് പിരിച്ചെ ടുക്കുകയായിരുന്നു പതിവ് .എന്നാൽ 90 കൾ മുതൽ പരസ്യപ്രചാരണത്തിലൂടെയും പിരിവിലൂടെയും ഫണ്ട് സമാഹരണം മുകളിൽ നിന്ന് കൈകാര്യം ചെയ്യുന്ന രീതി വന്നു.അതായത് സ്വാതന്ത്ര്യത്തിനുശേഷമുള്ള 30 വർഷങ്ങളിൽ രാഷ്ട്രീയ പ്രവര്ത്തനം എന്നാൽ വ്യക്തിതലത്തിൽ പല സുഖങ്ങളും ഉപേക്ഷിക്കുകയും പാര്ടിക്കും അതിന്റെ ലക്ഷ്യങ്ങൾക്കും വേണ്ടി തന്നാലാവുന്നത് സംഭാവന ചെയ്യുകയും ആയിരുന്നു.എന്നാൽ കഴിഞ്ഞ 20 വര്ഷങ്ങളായി പാർടിയിൽ നില്ക്കുന്നത് കൊണ്ട് എനിക്കെന്തു കിട്ടും എന്നതായി അടിസ്ഥാന താല്പര്യം.പ്രചാരണം പരസ്യ മാമാങ്കങ്ങളും റിയാലിറ്റിഷോകളും ആയപ്പോൾ താഴെ തലത്തിലുള്ള അംഗങ്ങൾ പ്രവര്ത്തനത്തിന് വിലപേശുവാൻ തുടങ്ങി.സ്ഥാനാർഥികൾ പ്രവര്ത്തകരുടെ വിയര്പ്പിനും സമയത്തിനും പണം നല്കി സംരക്ഷിച്ചുപോന്നു..അങ്ങനെ തിരഞ്ഞെടുപ്പുകൾ ചിലവേറിയ ഏർപ്പാടാവുകയും സാധാരണക്കാർക്ക് അഥവാ ആം ആദ്മിക്ക് അപ്രാപ്യമാവുകയും ചെയ്തു. കോർപറേറ്റ് സംഭാവനയുടെ രൂപത്തിൽ ഒഴുകിയ കള്ളപ്പണത്തിന്റെ ആധിപത്യം ജനാധിപത്യരാഷ്ട്രീയതിന്റെയും രാഷ്ട്രീയ കക്ഷി പ്രസ്ഥാനത്തിന്റെയും ഗുണ മേന്മയും മൂല്യവും ശോഷിപ്പിച്ചു.
കഴിഞ്ഞ 20 വർഷങ്ങൾക്കിടെ കേന്ദ്ര രാഷ്ട്രീയവും പ്രാദേശിക രാഷ്ട്രീയവും തമ്മിൽ വ്യക്തമായ വേർതിരിവുണ്ടായി.73,74 ഭേദഗതികളിലൂടെ അധികാരം പങ്കുവെക്കുന്നതിന്റെ വ്യക്തമായ ഒരു മാര്ഗ രേഖ തെളിഞ്ഞു .അത് പ്രകാരം .പ്രാദേശിക പ്രവർത്തകർക്കും നേതാക്കൾക്കും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള അവസരം ലഭിച്ചു . .ഒപ്പം ചില അധികാരങ്ങളും സിറ്റിംഗ് ഫീ, വാഹനം ,തുടങ്ങിയ ആനുകൂല്യങ്ങളും സ്ഥാപനങ്ങള്ക്ക് ഗണ്യമായ പദ്ധതി വിഹിതവും ലഭിക്കുന്നു.സ്ഥൂല തലത്തിൽ ലോകസഭയിലേക്കും നിയമസഭയിലേക്കുമുള്ള സ്ഥാനാർത്ഥി നിർണയം മുകളിലുള്ള കുറച്ചു പേരുടെ തീരുമാനമനുസരിച്ചാണ് നടപ്പിലാക്കുന്നത്.വിജയ സാധ്യതയും,പ്രയോജനമൂല്യവും കൂറും ആണ് അവിടെ സ്ഥാനാർഥി നിർണ്ണയത്തിൽ പരിഗണിക്കപ്പെടുക.ഒറ്റ നോട്ടത്തിനു പാര്ടിയുടെ കേന്ദ്ര -പ്രാദേശിക ഘടകങ്ങൾ തമ്മിൽ ഉള്ള ഈ അധികാര / ആനുകൂല്യ വിഭജനം മെച്ചപ്പെട്ട ഒരു സംവിധാനം ആയി തോന്നുമെങ്കിലും ഫലത്തിൽ അത് പാർടികളുടെ ജനകീയാടിത്തറയും ആദർശത്തിൽ വേരൂന്നിയ രാഷ്ട്രീയ നിലപാടും ക്രമേണ ഇല്ലാതാക്കി.
പാർടികൾ കച്ചവട - സംരംഭക സ്വഭാവം ആർജിച്ചപ്പോൾ അവയുടെ ജനകീയാടിത്തറ നഷ്ടമായി .നേതൃത്വത്തിനോട് പ്രഖ്യാപിത കൂറ് പുലർത്തുന്നവർക്ക് പ്രത്യേക പരിഗണന ലഭിച്ചപ്പോൾ താഴെ തട്ടിൽ ഉള്ളവർ പാർടിക്കുവേണ്ടി ജന മധ്യത്തിൽ നടത്തിയ പ്രവർത്തനങ്ങൾ അവഗണിക്കപ്പെട്ടു.ക്രമേണ അവർ ജാതി,വംശ ,മത സ്വത്വങ്ങളിൽ ആശ്രയം തേടി. മറു വശത്ത്, അടിത്തറ ഇളകി ശിഥിലമായ രാഷ്ട്രീയ പാർടികളും ജാതി / സ്വത്വ സ്ഥാപനങ്ങളിലൂടെ തങ്ങളുടെ വോട്ടുബാങ്കുകളെ സ്വാധീനിക്കാൻ ശ്രമിച്ചു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉയര്ന്ന വേതനം പറ്റുന്ന വിദഗ്ദ്ധരുടെ event management ആയപ്പോൾ ഭീമമായ മുതൽമുടക്ക് ആവശ്യമായി വന്നു. ഒരു സ്ഥാനാർത്ഥിയുടെ വിജയം അയാൾ സ്വരുക്കൂട്ടി ചിലവഴിക്കുന്ന പണത്തിനോട് ബന്ധപ്പെടുത്തി കാണുന്ന നിലവന്നു.പാര്ടിയുടെയും സ്ഥാനാർഥിയുടെയും "വലുപ്പം " കൂടുന്നതനുസരിച്ച് വിനിയോഗിക്കുന്ന തുകയും വര്ദ്ധിച്ചു.ഇത് പ്രത്യക്ഷത്തിൽ തന്നെ രാഷ്ട്രീയക്കാർക്കിടയിലെ അഴിമതിക്ക് വഴിവെച്ചു
വാഗ്ദാനം ചെയ്യപ്പെട്ട നയങ്ങളും സാമ്പത്തിക പുരോഗതിയും വെറും വാചാടോപങ്ങൾ ആയി അവശേഷിക്കുകയും ഇന്റർനെറ്റ് യുഗത്തിൽ അഴിമതികഥകൾ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കുക അസാ ധ്യമാവുകയും ചെയ്തപ്പോൾ സാധാരണ ജനങ്ങൾക്കിടയിൽ അതൃപ്തി വ്യാപകമായി.തങ്ങൾക്ക് രാഷ്ട്രീയത്തിൽ ഒരു പങ്കുമില്ലെന്നും.തങ്ങൾ വെറും സമ്മതിദായകർ മാത്രമാണെന്നും സർക്കാർ വെച്ച് നീട്ടുന്ന സേവനങ്ങൾ കൊണ്ട് തൃപ്തിപ്പെടെണ്ടവർ ആണെന്നും ഉള്ള ചിന്ത അവരെ നിരാശപ്പെടുത്തി.
സാധാരണ ജനങ്ങൾക്കിടയിലെ ഈ അസംതൃപ്തിയാണ് സാധാരണക്കാരന്റെത് എന്ന മേൽവിലാസത്തിൽ പുതുതായി രൂപം കൊണ്ട ആം ആദ്മി പാർടി തങ്ങളുടെ ശക്തിസ്രോതസ്സായി കണ്ടത്. അത് കക്ഷി രാഷ്ട്രീയത്തിൽ വ്യത്യസ്തമായ ഒരു ധാരക്ക് തുടക്കം കുറിച്ചിരിക്കുന്നു കഴിഞ്ഞ 20 വർഷങ്ങളിൽ മുഖ്യധാരാ പാർടികൾക്ക് നഷ്ടമായ സന്നദ്ധ പ്രവര്തനത്തിന്റെ അടിത്തറയിലാണ് അവർ പ്രസ്ഥാനം പടുത്തുയർത്തുന്നത് .യുവ ജനങ്ങളുടെ ആശയങ്ങളും മികവും ഭാവനയും മുതലാക്കിയാണ് ആപ് മുന്നോട്ടു നീങ്ങുന്നത്.ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സും ബി ജെ പി യും ഒഴിച്ചിട്ട രാഷ്ട്രീയ സാമൂഹ്യ അനിശ്ചിതത്വത്തിലേക്കാണ് അവർ പ്രവേശിക്കുന്നത്.അത് കൊണ്ട് ആപിന്റെ വിജയം വ്യവസ്ഥാപിത പാര്ടികളുടെയും അരാഷ്ട്രീയതയും യാന്ത്രികശേഷിയും മേല്ക്കൈ നേടിയ ഭരണ സംവിധാനത്തിന്റെയും അന്ത:സംഘർഷങ്ങളുടെ സൂചകമാണ്.
No comments:
Post a Comment